ഓസ്‌ട്രേലിയയിൽ സർവ്വതും ചുട്ടെരിച്ച് സംഹാരരുദ്രമായി ആളിക്കത്തുന്ന ഈ കാട്ടുതീക്ക് കാരണമെന്താണ് ?

By Web TeamFirst Published Jan 6, 2020, 6:48 PM IST
Highlights

കാട്ടു തീ പടർന്നു പിടിക്കുന്ന സമയത്തും ഹവായിയിലേക്ക് കുടുംബ സമേതം ഉല്ലാസയാത്രക്ക് പോയ മോറിസൺ അതിന്റെ പേരിലും വിമർശിക്കപ്പെട്ടിരുന്നു. 

ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുന്നത് ഇതാദ്യമായിട്ടല്ല. എന്നാൽ ഇക്കൊല്ലത്തെ തീപ്പിടുത്തം മുൻകാലങ്ങളിലേതുപോലെ അത്ര ലാഘവത്തോടെ കാണാൻ പറ്റിയ ഒന്നല്ല. എത്രയോ ഇരട്ടി ശക്തമാണ്, എന്നുമാത്രമല്ല, വേനൽ ഇപ്പോഴും അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ തുടരുകയുമാണ്. രാജ്യത്ത് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീയിൽ ഇന്നുവരെ നഷ്ടപ്പെട്ടിരിക്കുന്നത് 17 പേരുടെ ജീവനാണ്. 1200 -ലധികം പേർ ഭവനരഹിതരായിക്കഴിഞ്ഞു. 55 ലക്ഷം ഹെക്ടർ കാടാണ് ഇതുവരെ കത്തി നശിച്ചിരിക്കുന്നത്. 

കാട്ടുതീ ഇത്ര കടുപ്പമാകാൻ കാരണം?

ഓസ്‌ട്രേലിയയിൽ ഇതവണയുണ്ടായ കാട്ടുതീക്ക് ഇത്രയ്ക്ക് ആഘാതമേറാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഒന്ന്, കടുത്ത അന്തരീക്ഷോഷ്മാവ്, രണ്ട് നീണ്ടു നിന്ന വരൾച്ച, മൂന്ന്, തീയെ ആളിക്കത്തിക്കുന്ന ശക്തമായ കാറ്റ്. കഴിഞ്ഞ മൂന്നു മാസങ്ങളായി, കടുത്ത ഉഷ്ണതരംഗങ്ങൾക്കും, എക്കാലത്തെയും കൂടിയ താപനിലകൾക്കും ഇരയാണ് ഓസ്‌ട്രേലിയ. ഈ ഡിസംബർ മാസത്തിന്റെ മധ്യത്തിലാണ് ചരിത്രത്തിലെ ഏറ്റവും കൂടിയ താപനിലക്ക് ഓസ്‌ട്രേലിയ സാക്ഷ്യം വഹിച്ചത്. അന്നത്തെ ശരാശരി താപനില 41.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.  ഉഷ്‌ണതരംഗങ്ങൾക്കും, അപ്രതീക്ഷിതമായ കൂടിയ താപനിലക്കുമൊപ്പം മണിക്കൂറിൽ 60 മൈൽ വരെ സ്പീഡിൽ വീശിക്കൊണ്ടിരുന്ന കാറ്റും കൂടി ആയതോടെ കാടിനുള്ളിൽ വീണ തീപ്പൊരികൾ അത് ഊതി തീനാളങ്ങളാക്കി, തീനാളങ്ങളെ കാട്ടുതീയാക്കി, ആ തീയും പുകയും ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം കൊണ്ടുചെന്നെത്തിച്ചു. 

120 വർഷങ്ങൾക്കു മുമ്പ് ഓസ്‌ട്രേലിയയിൽ താപനിലയുടെ കണക്കുകൾ സൂക്ഷിച്ചു തുടങ്ങിയ അന്നുമുതൽക്ക് കണ്ടിട്ടുള്ള ഏറ്റവും വരണ്ട വസന്തകാലമാണ് ഇപ്പോൾ കഴിയുന്നത്. ന്യൂ സൗത്ത് വെയിൽസിലും, ക്വീൻസ് ലാൻഡിലും മഴ 2017  മുതൽ കുറഞ്ഞു കുറഞ്ഞ അവരികയായിരുന്നു. അങ്ങനെ വരണ്ടുണങ്ങി നിന്ന മരങ്ങളും, കുറ്റിക്കാടുകളും, പുൽമേടുകളും ഒക്കെ ഒരു കാട്ടുതീ പൊട്ടിപ്പുറപ്പെടാൻ അനുയോജ്യമായ സാഹചര്യം തന്നെയാണ് ഒരുക്കിയത്. 

കാലാവസ്ഥാവ്യതിയാനങ്ങൾ കാരണമോ?

ഇടിമിന്നലും മറ്റും ഏൽക്കുമ്പോൾ ഉണ്ടാകുന്ന കാട്ടുതീ ഓസ്‌ട്രേലിയയിൽ സ്ഥിരമായി എല്ലാ കൊല്ലവും ഉണ്ടാകാറുള്ള ഒരു പ്രതിഭാസമാണ്. അതിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കണക്കിൽ എഴുതേണ്ടതില്ല. ഹരിതഗൃഹവാതകങ്ങളും അവയ്ക്ക് കാരണമല്ല. എന്നാൽ, ഇക്കൊല്ലം കാട്ടുതീയുടെ ആഘാതം ഇത്രകണ്ട് വർധിപ്പിക്കാൻ കാരണം കാലാവസ്ഥാ പാറ്റേണുകളിൽ വന്ന വ്യതിയാനങ്ങൾ തന്നെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വരണ്ട, ഉണങ്ങിയ, ചൂടേറിയ കാലാവസ്ഥ ഇക്കൊല്ലത്തെ കാട്ടുതീയുടെ സീസണിന് നീളം കൂട്ടി. അതിനാലുള്ള അപകടത്തിനും വ്യാപ്തിയേറി. 

1920 -ലെത്തുമായി താരതമ്യം ചെയ്‌താൽ ഓസ്‌ട്രേലിയയിലെ താപനില ഒരു ഡിഗ്രി കൂടിയിട്ടുണ്ട് എന്നാണ് ഓസ്‌ട്രേലിയയിലെ കാലാവസ്ഥാവിഭാഗം പറയുന്നത്. 

എന്താണ് സർക്കാർ ചെയ്യുന്നത് ?

ഒരിക്കൽ തീ ആളിക്കത്താൻ തുടങ്ങിയാൽ പിന്നെ കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. ഒറ്റയടിക്ക് അണയ്ക്കാനാവുന്നതല്ല അതിന്റെ സംഹാരരുദ്രമായ ആളൽ. ചെയ്യാനാകുന്നത് തീ പടരുന്നത് കുറയ്ക്കാനും, അഗ്‌നിബാധിതമായ പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങളാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഓസ്‌ട്രേലിയയിലെ ലക്ഷക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ ഈ കാട്ടുതീ അണയ്ക്കാൻ വേണ്ടി പണിപ്പെടുകയാണ്. സർക്കാർ ഈ ഘട്ടത്തിൽ സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്. അമേരിക്ക, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും അവരുടെ അഗ്നിശമന സേനയുടെ സേവനം ഓസ്‌ട്രേലിയക്ക് വിട്ടുനൽകിയിട്ടുണ്ട്. 

ഭാവിയിൽ എന്തുചെയ്യാനാകും?

കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് തരം തിരിക്കുക എന്നതാണ് ആദ്യപടി. സാധ്യത ഏറെയുള്ള പ്രദേശങ്ങളിലെ വീടുകളുടെ നിർമാണത്തിന് കർശനമായ ചട്ടങ്ങൾ പാലിക്കുക എന്നതാണ് അടുത്ത നടപടി. പിന്നൊന്ന്, കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള കുറ്റിക്കാടുകൾ, പുൽമേടുകൾ എന്നിവയും വീടുകളും തമ്മിലുള്ള സുരക്ഷിതമായ അകലം നിർണ്ണയിക്കുകയും, അത് കൃത്യമായി പാലിക്കുകയും ചെയ്യുക എന്നതാണ്. തദ്ദേശവാസികളായ ജനങ്ങൾ പിന്തുടരുന്ന അഗ്നിശമന മാർഗ്ഗങ്ങൾ അവലംബിക്കണം എന്നതരത്തിലുള്ള ഒരു നിർദേശവും വന്നിട്ടുണ്ട്. 

ഗവൺമെന്റിന് നേരിടേണ്ടി വരുന്നത് കടുത്ത വിമർശനം 

കൺസർവേറ്റീവ് പാർട്ടിക്കാരനായ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. കാട്ടു തീ പടർന്നു പിടിക്കുന്ന സമയത്തും ഹവായിയിലേക്ക് കുടുംബ സമേതം ഉല്ലാസയാത്രക്ക് പോയ മോറിസൺ അതിന്റെ പേരിലും വിമർശിക്കപ്പെട്ടിരുന്നു. കാട്ടുതീയിൽ വീടുനഷ്ടപ്പെട്ട ഒരു യുവതിയും, ഒരു അഗ്നിശമന സേനാംഗവും സ്‌കോട്ട് മോറിസണ് ഹസ്തദാനം നൽകാൻ വിസമ്മതിച്ചത് ഏറെ വൈറലായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ പരിസ്ഥിതി വിരുദ്ധമായ നയങ്ങളും ഈ അവസരത്തിൽ വിമർശനത്തിന് വിധേയമാവുകയാണ്. 

 

ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് കൽക്കരി കയറ്റുമതി. അതുകൊണ്ടുതന്നെ സർക്കാരിന്റെ പല നയങ്ങളും തീരുമാനിക്കപ്പെടുന്നതിൽ കൽക്കരിഭീമന്മാർക്ക് നിർണായക സ്വാധീനവുമുണ്ട്. 7000 കോടി ഡോളറിന്റെ വൻ വ്യവസായമാണ് ഓസ്‌ട്രേലിയയിൽ കൽക്കരിയുടേത്. കൽക്കരി എന്നത് തീരെ പരിസ്ഥിതി സൗഹൃദമല്ലാത്ത ഒരു ഫോസിൽ ഇന്ധനമാണ്. കൽക്കരി ഉത്പാദനം കുറക്കണം എന്നുള്ള പരിസ്ഥിതി വാദികളുടെ ആവശ്യങ്ങളോടും സ്‌കോട്ട് മോറിസൺ ഇന്നോളം മുഖം തിരിച്ചുതന്നെയാണ് നിന്നിട്ടുള്ളത്. സർക്കാരിന്റെ പരിസ്ഥിതി നയത്തിൽ കാതലായ മാറ്റങ്ങൾ വേണം എന്നുള്ള ആവശ്യത്തോടും നിഷേധാത്മകമായ നിലപാടുതന്നെയാണ് പ്രധാനമന്ത്രിക്കുള്ളത്. 

click me!