ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയി, എട്ടുവർഷത്തിനുശേഷം മോചനം, ഭാവിയെക്കുറിച്ചാശങ്കയിൽ ചിബോക്കിലെ പെൺകുട്ടികൾ

Published : Apr 18, 2022, 02:33 PM IST
ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയി, എട്ടുവർഷത്തിനുശേഷം മോചനം, ഭാവിയെക്കുറിച്ചാശങ്കയിൽ ചിബോക്കിലെ പെൺകുട്ടികൾ

Synopsis

"എനിക്കും, എന്റെ മക്കൾക്കും ഒരു നല്ല ജീവിതം വേണം. ഞാൻ ഒരിക്കലും അവന്റെ അടുത്തേയ്ക്ക് മടങ്ങില്ല" അവൾ പറഞ്ഞു. അവളെ പോലെ പലരും തങ്ങളുടെ ഭർത്താക്കന്മാരുമായി വേർപിരിഞ്ഞു കഴിയുകയാണ്. 

നൈജീരിയൻ പട്ടണമായ ചിബോക്കി(Chibok)ലെ ഒരു സ്‌കൂൾ ഡോർമിറ്ററിയിൽ നിന്ന് ബോക്കോ ഹറം(Boko Haram) തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണ് ഹസ്സന ആദാമു(Hassana Adamu)വിനെ. 2014 ഏപ്രിൽ 14 -ന് അർദ്ധരാത്രിയിലായിരുന്നു സംഭവം. അന്ന് അവൾക്ക് 18 വയസായിരുന്നു പ്രായം. ഇരുന്നൂറോളാം പെൺകുട്ടികൾ അക്കൂട്ടത്തിലുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയി ഏകദേശം എട്ട് വർഷത്തിന് ശേഷം ഇപ്പോൾ കുടുംബത്തോടൊപ്പം വീണ്ടും ഒന്നിച്ചിരിക്കയാണ് അവൾ. എന്നാൽ, മുൻപ് രക്ഷപ്പെട്ട പെൺകുട്ടികൾക്ക് ലഭിച്ച പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ഫെഡറൽ ഗവൺമെന്റിൽ നിന്ന് തനിക്ക് ലഭിക്കുന്നില്ലെന്ന് അവൾ പരാതിപ്പെടുന്നു.  

"എനിക്ക് സ്കൂളിലേക്ക് മടങ്ങാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും ആഗ്രഹമുണ്ട്. സർക്കാർ എന്നെ സഹായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” അവൾ ബിബിസിയോട് പറഞ്ഞു. അവളും അവളുടെ രണ്ട് മുൻ സഹപാഠികളും കഴിഞ്ഞ ജനുവരിയിലാണ് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചത്. ഇതോടെ മോചിക്കപ്പെട്ട കുട്ടികളുടെ എണ്ണം നൂറിലധികമായി. അതേസമയം, പിടിക്കപ്പെട്ട് രണ്ട് വർഷത്തിനുള്ളിൽ ഒരു ബോക്കോ ഹറാം തീവ്രവാദിയുമായി അവളുടെ വിവാഹം കഴിഞ്ഞിരുന്നു. അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല. അതിൽ രണ്ട് മക്കളുമുണ്ട് അവൾക്ക്. കഴിഞ്ഞ വർഷം നൈജീരിയൻ സർക്കാരിന് കീഴടങ്ങിയ നിരവധി തീവ്രവാദികളിൽ അവളുടെ ഭർത്താവും ഉൾപ്പെടുന്നു. അവൾ കുട്ടികളെയും കൂട്ടി ചിബോക്കിലെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോന്നപ്പോൾ, അയാൾ വടക്ക്-കിഴക്കൻ അതിർത്തി പട്ടണമായ ബാങ്കിയിലെ തന്റെ കുടുംബത്തിലേയ്ക്കും മടങ്ങി. അത് ശരിക്കുള്ള ഒരു വിവാഹമല്ലെന്ന് അവൾ പറയുന്നു.  
 
അവളെ മോചിപ്പിക്കുന്നതിന് വളരെ മുൻപ്, 2016 -നും 2018 -നും ഇടയിൽ നൈജീരിയൻ സർക്കാരും തീവ്രവാദികളും തമ്മിലുള്ള ചർച്ചകളെ തുടർന്ന് 103 പെൺകുട്ടികളെ മോചിപ്പിക്കുകയുണ്ടായി. അവർ തിരിച്ചെത്തിയത് അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി തലസ്ഥാന നഗരമായ അബുജയിലേയ്ക്ക് അവരെ ക്ഷണിക്കുകയുമുണ്ടായി. ചടങ്ങിൽ സംസ്ഥാന ഗവർണർമാരും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് മാസങ്ങളോളം, പെൺകുട്ടികളെ അബുജയിലെ വനിതാ മന്ത്രാലയത്തിലെ സർക്കാർ വസതിയിൽ പാർപ്പിച്ചു. അവിടെ അവർക്ക് ഭക്ഷണവും, വസ്ത്രങ്ങളും ലാപ്‌ടോപ്പുകളും ഫോണുകളും മറ്റ് എല്ലാം സൗജന്യമായി നൽകി. അതിനുശേഷം, വടക്കുകിഴക്കൻ നൈജീരിയയിലെ യോലയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് നൈജീരിയയിലേയ്ക്ക് പഠനത്തിനായി അവരെ അയച്ചു, മുഴുവൻ സർക്കാർ സ്കോളർഷിപ്പുകളും നൽകി. യൂണിവേഴ്സിറ്റിയിൽ തുടരുന്ന ചിബോക്ക് പെൺകുട്ടികൾ ഇപ്പോഴും സർക്കാർ സ്പോൺസർഷിപ്പിലാണ് പഠിക്കുന്നത്. എന്നാൽ അവർക്ക് സഹായം ചെയ്ത പോലെ തനിക്കും സർക്കാരിൽ നിന്ന് എന്തുകൊണ്ട് സഹായം ലഭിക്കുന്നില്ല എന്നവൾ ചോദിക്കുന്നു.  

"എനിക്കും, എന്റെ മക്കൾക്കും ഒരു നല്ല ജീവിതം വേണം. ഞാൻ ഒരിക്കലും അവന്റെ അടുത്തേയ്ക്ക് മടങ്ങില്ല" അവൾ പറഞ്ഞു. അവളെ പോലെ പലരും തങ്ങളുടെ ഭർത്താക്കന്മാരുമായി വേർപിരിഞ്ഞു കഴിയുകയാണ്. തന്റെ സഹപാഠികൾക്കുള്ള അതേ അവസരങ്ങൾ തനിക്കും ലഭിക്കണമെന്നും യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് സ്കീമിൽ തന്നെയും ഉൾപ്പെടുത്തണമെന്നും അവൾ പറഞ്ഞു. "ഇത് എന്നെ വളരെയധികം വിഷമിപ്പിക്കുന്നു, കാരണം ഞങ്ങൾ ഒരുമിച്ച് കഷ്ടപ്പാടുകൾ സഹിച്ചു. എന്നാൽ മറ്റ് പെൺകുട്ടികൾ നല്ല നിലയിൽ എത്തിച്ചേർന്നു. ഞാൻ വീട്ടിലിരുന്ന് കുഞ്ഞുങ്ങളെ പരിപാലിക്കുന്നു" അവൾ പറഞ്ഞു. 

ചിബോക്ക് പെൺകുട്ടികളോടുള്ള സർക്കാരിന്റെ മനോഭാവം ഇതാണെങ്കിൽ, ബാക്കി കാണാതായ 109 പെൺകുട്ടികളുടെ ഭാവി എന്താകുമെന്ന് കാണാതായ പെൺകുട്ടികളുടെ രക്ഷാകർതൃ സംഘടനയുടെ ചെയർമാൻ യാക്കുബു എൻകെകി ആശങ്ക പ്രകടിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!