Marion Forrest lottery prize : ലോട്ടറിയടിച്ചാൽ പകുതിക്കാശ് തരുമെന്ന് കാഷ്യറോട് വൃദ്ധ, ഒടുവിൽ വാക്ക് പാലിച്ചു!

By Web TeamFirst Published Jan 9, 2022, 7:00 AM IST
Highlights

എല്ലാവരും പണത്തിന് പുറകെ ഓടുന്ന ഈ കാലത്തും, തനിക്ക് കിട്ടിയ തുക പങ്കുവയ്ക്കാൻ ആ സ്ത്രീ കാണിച്ച നല്ല മനസ്സിനെ പ്രശംസിക്കുകയാണ് ആളുകൾ. 

86 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് ലോട്ടറി അടിച്ചപ്പോൾ തനിക്ക് ടിക്കറ്റ് വിറ്റ കടയിലെ കാഷ്യറുമായി ആ സമ്മാനത്തുക പങ്കിടുന്നതിന്റെ ഒരു വീഡിയോയാണ് ഓൺലൈനിൽ ഇപ്പോൾ വൈറലാകുന്നത്. ഹെയ്ഡി ഫോറസ്റ്റ് എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന പേജ് അത് വീണ്ടും പങ്കിടുകയും ചെയ്തു. ഇതിനെ തുടർന്ന്, വീഡിയോ 4 മില്ല്യൺ ആളുകൾ കണ്ടു.  

ഈ ആഴ്ച ആദ്യമാണ് കടയിലെ കാഷ്യർ ലോട്ടറി ടിക്കറ്റ് വാങ്ങാനായി മരിയോൺ ഫോറസ്റ്റ് എന്ന സ്ത്രീയെ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി, മരിയോൺ ടിക്കറ്റ് വാങ്ങി. സമ്മാനത്തുക 500,000 ഡോളറായിരുന്നു. സമ്മാനത്തുക തനിക്ക് ലഭിക്കുകയാണെങ്കിൽ, കാഷ്യർക്കും ഒരു പങ്ക് നൽകാമെന്നും അവർ പറഞ്ഞു. ഒടുവിൽ ടിക്കറ്റിന് സമ്മാനം അടിച്ചു. വൃദ്ധയായ സ്ത്രീക്ക് 300 ഡോളർ ലഭിച്ചു. അതായത്,  22,300 രൂപ. മുഴുവൻ തുക അടിച്ചില്ലെങ്കിലും, കാഷ്യർക്ക് നൽകിയ വാക്ക് അവർ പാലിച്ചു. ഈ ചെറിയ വീഡിയോയിൽ, അവൾ ബലൂണുകളും സമ്മാനത്തുകയുടെ പകുതി അടങ്ങിയ ഒരു കവറുമായി കൺവീനിയൻസ് സ്റ്റോറിലേക്ക് പ്രവേശിക്കുന്നത് കാണാം. ഇത് കണ്ട് ഒന്നും പിടികിട്ടാതിരുന്ന കാഷ്യർക്ക് അവർ അതെല്ലാം കൈമാറി. തുടർന്ന് തനിക്ക് ലോട്ടറി അടിച്ച വിവരം അവർ അദ്ദേഹത്തെ അറിയിച്ചു.

കാഷ്യർ അതിശയിച്ചു പോയി. അദ്ദേഹം മരിയയുടെ സമീപം വന്ന് മരിയയെ കെട്ടിപ്പിടിച്ചു. ഇത് കണ്ട് സ്റ്റോറിലുണ്ടായ മറ്റുള്ളവരും കൈയടിച്ചു. “86 വയസ്സുള്ള മുത്തശ്ശി മരിയോൺ ഈ ആഴ്ച ആദ്യം ഒരു കൺവീനിയൻസ് സ്റ്റോറിൽ പോയി. ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാൻ കാഷ്യർ അവളെ പ്രോത്സാഹിപ്പിച്ചു. കാരണം സമ്മാനത്തുക $500,000 ഡോളറായിരുന്നു. ശരി, ഞാൻ വിജയിച്ചാൽ, ഞാൻ നിങ്ങൾക്കും ഒരു പങ്ക് തരാമെന്നും അവർ പറഞ്ഞു. ഒടുവിൽ സമ്മാനം ലഭിച്ചപ്പോൾ മരിയൻ തന്റെ വാക്ക് പാലിച്ചു. അവർ തന്റെ സമ്മാന തുക കാഷ്യറുമായി പങ്കുവെക്കുകയും ബലൂണുകളും വാൾട്ടർ വോൺ എന്ന് എഴുതിയ ഒരു കവറും നൽകി അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തു” ഇതായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.  

എല്ലാവരും പണത്തിന് പുറകെ ഓടുന്ന ഈ കാലത്തും, തനിക്ക് കിട്ടിയ തുക പങ്കുവയ്ക്കാൻ ആ സ്ത്രീ കാണിച്ച നല്ല മനസ്സിനെ പ്രശംസിക്കുകയാണ് ആളുകൾ. അത് തികച്ചും ഹൃദയസ്പർശിയാണെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ലോകത്ത് ഇപ്പോഴും മനുഷ്യത്വം നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും മറ്റ് ചിലർ പറഞ്ഞു. 

click me!