സ്വന്തമായി ബിസിനസ് തുടങ്ങുമ്പോള്‍ പ്രായം 89; നമുക്കും മുത്തശ്ശിയുടേയും മുത്തശ്ശന്‍റേയും സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കാം...

By Web TeamFirst Published Jun 28, 2019, 6:19 PM IST
Highlights

എന്തും പുനരുപയോഗിക്കണമെന്നതില്‍ വിശ്വസിച്ചിരുന്നു ലതിക. അതുകൊണ്ട് തന്നെ തുണികളില്‍ നിന്നെല്ലാം മക്കള്‍ക്കായി പാവക്കുഞ്ഞുങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. അതുപോലെത്തന്നെ ബാഗുകള്‍ തയ്യാറാക്കി കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍കും നല്‍കി അവര്‍.

89 വയസ്സുള്ള ഒരാളെന്നാല്‍ എങ്ങനെയായിരിക്കുമെന്നാണ് നമ്മുടെ സങ്കല്‍പം? ആര്‍ക്കും വലിയ ഉപദ്രവമൊന്നുമുണ്ടാക്കാതെ ഏതെങ്കിലും ഒരു മൂലയ്ക്ക് ഇരിക്കുന്ന, ആരോഗ്യമൊക്കെയുണ്ടെങ്കില്‍ അത്യാവശ്യം വീട്ടുകാര്യങ്ങളിലൊക്കെ ഇടപെടുന്ന കൊച്ചുമക്കളെയൊക്കെ നോക്കുന്ന ഒരാള്‍. എന്നാല്‍, അങ്ങനെ എഴുതിത്തള്ളരുത് പ്രായമായവരെ. കാരണം, ലതിക ചക്രവര്‍ത്തി സ്വന്തമായി ബിസിനസ് തുടങ്ങിയത് എത്രാമത്തെ വയസ്സിലാണെന്നാ? 89 വയസ്സായിരുന്നു ലതികയ്ക്ക് സ്വന്തം ബിസിനസ് തുടങ്ങുമ്പോള്‍. 

അതിമനോഹരമായ കുഞ്ഞുകുഞ്ഞു ബാഗുകളുണ്ടാക്കുകയാണ് ലതിക. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമായി എത്രയോ ആളുകള്‍ ലതികയുടെ ഈ തുണിസഞ്ചികള്‍ വാങ്ങുന്നു. ന്യൂസിലാന്‍ഡ്, ഒമാന്‍, ജര്‍മ്മനി ഇങ്ങനെ പലയിടങ്ങളില്‍ നിന്നും ഈ സഞ്ചികള്‍ക്ക് ആവശ്യക്കാരുണ്ട്. അത് ഡിസൈന്‍ ചെയ്യുന്നതും തയിച്ചെടുക്കുന്നതും എല്ലാം ലതിക തന്നെയായിരുന്നു. 

ലതിക ചക്രവര്‍ത്തി നിര്‍മ്മി ച്ച ബാഗുകള്‍

ആസാമിലെ ധുബ്രിയിലാണ് ലതിക ജനിച്ചത്. ഇന്ത്യയിലെ പല ഭാഗങ്ങളിലും ലതിക ജീവിച്ചിട്ടുണ്ട്. സര്‍വേ ഓഫ് ഇന്ത്യയുടെ ഓഫീസര്‍ സര്‍വേയറായിരുന്നു ലതികയുടെ ഭര്‍ത്താവ്. അതിനാല്‍ത്തന്നെ ഭര്‍ത്താവിന് ജോലിസംബന്ധമായി താമസം മാറേണ്ടി വരുമ്പോഴൊക്കെ ലതികയ്ക്കും കൂടെപ്പോകേണ്ടി വന്നു. അങ്ങനെ ഇന്ത്യയിലെ പല ഭാഗങ്ങളും ലതിക കണ്ടു. ഓരോയിടത്തുനിന്നും ആ സ്ഥലത്തെ തനതായ സാരികള്‍, ഫാബ്രിക്സ് ഒക്കെ വാങ്ങുന്നത് ഇഷ്ടപ്പെട്ടു ലതിക. ഭര്‍ത്താവിന്‍റെ മരണശേഷം ഇന്ത്യന്‍ നേവിയില്‍ ഓഫീസറായിരുന്ന മകന്‍ ക്യാപ്റ്റന്‍ രാജ് ചക്രവര്‍ത്തിക്കൊപ്പമായി ലതിക. മകനൊപ്പവും അവര്‍ ഒരുപാട് യാത്രകള്‍ ചെയ്തു. അപ്പോഴും തനിക്കിഷ്ടപ്പെട്ട ഫാബ്രിക്സ് വാങ്ങി അവര്‍.

 

ലതിക ചക്രവര്‍ത്തി നിര്‍മ്മി ച്ച ബാഗുകള്‍

എന്തും പുനരുപയോഗിക്കണമെന്നതില്‍ വിശ്വസിച്ചിരുന്നു അവര്‍. അതുകൊണ്ട് തന്നെ തുണികളില്‍ നിന്നെല്ലാം മക്കള്‍ക്കായി പാവക്കുഞ്ഞുങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. അതുപോലെത്തന്നെ ബാഗുകള്‍ തയ്യാറാക്കി കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍കും നല്‍കി അവര്‍. ഒരിക്കല്‍ ഉപയോഗിച്ച് ഉപേക്ഷിക്കേണ്ടി വരുന്ന ഒന്നും എനിക്കിഷ്ടമായിരുന്നില്ല എന്നാണ് ലതിക പറയുന്നത്. ലതികയും സമപ്രായക്കാരും യുദ്ധവും വിഭജനവും എല്ലാം അനുഭവിച്ച് വളര്‍ന്നവരാണ്. ചെറുപ്പത്തില്‍ ഒരുപാട് തയ്ക്കുകയും തുന്നല്‍പ്പണി ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. കുട്ടികള്‍ക്കെല്ലാം സ്വയം വസ്ത്രം തുന്നി നല്‍കുന്നവരായിരുന്നു അപ്പോള്‍ ഏറെയും. കുട്ടികള്‍ വളര്‍ന്നപ്പോള്‍ പാവക്കുഞ്ഞുങ്ങളെ നിര്‍മ്മിച്ചു തുടങ്ങി. പിന്നീട് ബാഗും. ഒരിക്കല്‍ മരുമകളാണ് ലതികയുണ്ടാക്കുന്ന തുണിബാഗ് തന്‍റെ ഡ്രസിന് ചേരുന്നവയാണെന്ന് പറയുന്നത്. അന്ന് തനിക്ക് ബാഗ് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ലതിക തിരിച്ചറിയുന്നു. 

കുടുംബം... 

ലതിക തുന്നിയെടുക്കുന്ന ബാഗുകള്‍ കണ്ട് പലപ്പോഴും കുടുംബത്തിലുള്ളവരും സുഹൃത്തുക്കളുമെല്ലാം അവരെ അഭിനന്ദിച്ചിരുന്നു. പിറന്നാളുകള്‍ പോലെയുള്ള ചടങ്ങുകളില്‍ താന്‍ തുന്നിയുണ്ടാക്കുന്ന ബാഗുകള്‍ സമ്മാനമായി കൊടുത്തു തുടങ്ങി അതോടെ. ജര്‍മ്മനിയില്‍ പോയപ്പോള്‍ കൊച്ചുമകനാണ് മുത്തശ്ശി നിര്‍മ്മിക്കുന്ന തുണിബാഗുകളുടെ വിപണന സാധ്യത തിരിച്ചറിയുന്നതും ഓണ്‍ലൈന്‍ വെബ്സൈറ്റ് നിര്‍മ്മിക്കുന്നതുമെല്ലാം. ആ കൊച്ചുമകന്‍ ലതികയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു. പിന്നീട് കൊച്ചുമക്കളെല്ലാം ചേര്‍ന്ന് ആ ബാഗുകളെ പ്രശസ്തമാക്കി. 

പക്ഷെ, തന്‍റെ ബാഗുകളുടെ നിര്‍മ്മാണം വില്‍പ്പനക്കോ കാശുണ്ടാക്കാനോ അല്ലെന്നും ആ ക്രിയേറ്റിവിറ്റി തനിക്ക് നല്‍കുന്ന ആനന്ദമാണ് ഏറ്റവും വലുതെന്നുമാണ് ലതിക പറയുന്നത്. 'തനിക്ക് എവിടേയും ഓടിപ്പോകാനില്ല, ഒരുപാട് സമയമുണ്ട്. ആ സമയത്തില്‍ തനിക്ക് പറ്റാവുന്ന സമയത്തെല്ലാം തനിക്കിഷ്ടമുള്ള കാര്യം ചെയ്യുന്നു'വെന്നും ലതിക പറയുന്നു. അറുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ശ്രീ കൃഷ്ണ ലാല്‍ ചക്രവര്‍ത്തി നല്‍കിയ തയ്യല്‍മെഷീനിലാണ് ലതിക സഞ്ചികള്‍ തയിച്ചെടുക്കുന്നത്. അതില്‍ അദ്ദേഹത്തിന്‍റെ സ്നേഹമുണ്ടെന്നാണ് ലതിക വിശ്വസിക്കുന്നത്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലതികയുടെ ഭര്‍ത്താവ് മരിക്കുന്നത്.

ഭര്‍ത്താവിന്‍റെ ഓര്‍മ്മയാവുന്ന തയ്യല്‍ മെഷീന്‍

ഏതായാലും പ്രായമായില്ലേ എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നവര്‍ക്കും മാറിനില്‍ക്കുന്നവര്‍ക്കും ലതിക മുത്തശ്ശിയെ കണ്ട് പഠിക്കാവുന്നതാണ്. ആരോഗ്യമുണ്ടെങ്കില്‍, ഇഷ്ടമുണ്ടെങ്കില്‍ എപ്പോഴും എന്തും സാധ്യമാവും.  

click me!