ഇപ്പോഴും പൊതുസ്ഥലങ്ങളിലെ മലയാളിയുടെ സ്ത്രീ പുരുഷ ബന്ധം 'തൊട്ടാൽ പൊട്ടും' എന്ന രീതിയിലാണ്...

By Speak UpFirst Published Jun 28, 2019, 4:00 PM IST
Highlights

പെൺകുട്ടികളോട് മിണ്ടുക, അവരെ തൊടുക ഇവയൊക്കെ അന്ന് എന്തോ പാതകം ആയിരുന്നു. അന്നത്തെ കാലത്ത് സ്കൂളുകളിൽ വലിയ പ്രശ്‌നക്കാർക്കുള്ള ശിക്ഷ എന്തായിരുന്നു എന്നറിയാമോ? 

'തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട' എന്താണ് എന്ന കടംകഥ ചോദിച്ചാൽ അതിനുത്തരം 'മലയാളിയുടെ ചാരിത്ര്യ ബോധം' എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല.

കഴിഞ്ഞ ദിവസം നമ്മളൊക്കെ വായിച്ച വാർത്തയാണ് "ബസിലെ സീറ്റിൽ ഒപ്പമിരുന്നു എന്ന യുവതിയുടെ പരാതിയിൽ അംഗവൈകല്യമുള്ള യുവാവിനെതിരെ പൊലീസ് കേസെടുത്തു" എന്ന വാർത്ത.

ഇതിപ്പോൾ ആ യുവതിയുടെ പ്രശ്നം മാത്രമല്ല. നമ്മളെല്ലാം ആ ബോധത്തിന്‍റെ ഭാഗമാണ്. കുറച്ചു അനുഭവങ്ങൾ പറയാം.

അന്നെനിക്ക് കഷ്ടി പത്തു വയസ്സേ പ്രായം കാണൂ. കറുകച്ചാൽ സ്കൂളിലേക്ക് വീട്ടിൽ നിന്നും രണ്ടു വഴിയിൽ പോകാം. ഒന്ന് ചമ്പക്കര സർവീസ് സഹകരണ ബാങ്കിന്‍റെ ഉമ്പിടി ബ്രാഞ്ചിന് മുൻപിൽ കൂടി. മറ്റൊരു വഴി വീടിനു താഴെ പാടവരമ്പത്തു കൂടി കാറ്റൊക്കെ കൊണ്ട് നടക്കാം. രണ്ടു വഴിയും ചിറയ്ക്കൽ കവലയിൽ എത്തും. അവിടെ നിന്നും ഒരു കിലോമീറ്ററേ ഉള്ളൂ, കറുകച്ചാൽ സ്കൂളിലേക്ക്. ആകെ വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. അന്ന് രണ്ടു റോഡുകളും ടാർ ചെയ്തിട്ടില്ല, മണ്‍പാതകൾ ആണ്. ഒരു ദിവസം സ്കൂളിലേക്കുള്ള യാത്രയിൽ പാടവരമ്പത്തു നിന്നും, മൺപാതയിൽ എത്തി. കുറച്ചു ദൂരം നടക്കുമ്പോൾ അന്ന് മുതിർന്ന ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേച്ചി, അവരുടെ വീടിനു മുൻപിലായി വീണു കിടക്കുന്നു, എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല. 

ഓടിച്ചെന്ന് അവരുടെ വീട്ടിൽ പറഞ്ഞാലോ? അല്ലെങ്കിൽ അവിടെ നിന്ന് ഉറക്കെ സഹായം അഭ്യർത്ഥിച്ചാലോ എന്നൊക്കെയുള്ള ചിന്തകൾ മനസ്സിൽ കൂടി പോയി. മുൻപോട്ട് പോകുവാനായി ആഞ്ഞപ്പോളാണ് ശ്രദ്ധിച്ചത്, കുട്ടിപ്പാവാട മുട്ടിനു മുകളിൽ പൊങ്ങി ഇരിക്കുന്നു. മനസ്സു പറഞ്ഞു "വേണ്ട, തെറ്റാണ്, പെൺകുട്ടിയല്ലേ? മറ്റുള്ളവർ കണ്ടാൽ കുറ്റം പറയും." ഒന്നും കാണാത്ത ഭാവത്തിൽ തിരികെ നടന്നു സ്കൂളിലേക്ക് യാത്ര തിരിച്ചു. കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആ ചേച്ചിയുടെ അച്ഛൻ കടയിൽ നിന്ന് സാധനങ്ങളും ആയി വരുന്നു, സമാധാനമായി. ഞാൻ തിരിഞ്ഞു നിന്നു മോൾ വീണു കിടക്കുന്ന കണ്ട് അദ്ദേഹം നിലവിളിച്ചു കൊണ്ട് ആ ചേച്ചിയെയും എടുത്ത് അകത്തേയ്ക്ക് പോയി. പിറ്റേന്ന് സ്കൂളിൽ പോകുമ്പോൾ അദ്ദേഹം വീടിനു മുൻപിൽ ഉണ്ട്, എന്നോട് ചോദിച്ചു "നീ മോൾ വീണു കിടക്കുന്നത് കണ്ടില്ലായിരുന്നോ?" ഞാൻ ഒന്നും പറഞ്ഞില്ല, കുനിഞ്ഞു നിന്നു. അദ്ദേഹം പറഞ്ഞു 'മോൾ അപസ്മാരം വന്നു വീണതാണ്, നീ വീട്ടിൽ കയറി ഒന്ന് പറയരുതായിരുന്നോ? ഞാൻ തക്ക സമയത്തു വന്നത് കൊണ്ട് അവളെ രക്ഷിക്കാനായി. എന്തായാലും സുരേഷേ, വലിയ ക്രൂരത ആയിപ്പോയി.'' ആ സംഭവം മനസ്സിനു വലിയ ആഘാതം ആണ് ഉണ്ടാക്കിയത്. ഒരുപക്ഷെ, എന്‍റെ സ്ഥാനത്ത്, മറ്റൊരു പത്തു വയസ്സുകാരൻ ആയാലും അങ്ങനെയേ ചെയ്യുമായിരുന്നുള്ളു.

പെൺകുട്ടികളോട് മിണ്ടുക, അവരെ തൊടുക ഇവയൊക്കെ അന്ന് എന്തോ പാതകം ആയിരുന്നു. അന്നത്തെ കാലത്ത് സ്കൂളുകളിൽ വലിയ പ്രശ്‌നക്കാർക്കുള്ള ശിക്ഷ എന്തായിരുന്നു എന്നറിയാമോ? പെൺകുട്ടികളുടെ ബെഞ്ചിൽ അവരുടെ കൂടെ ഒരു പീരിയഡ് ഇരുത്തുക, അടിയും, കിഴുക്കും ഒക്കെ എല്ലാവരും സഹിക്കും. പക്ഷെ, പെൺകുട്ടികളുടെ ബെഞ്ചിൽ ഇരുന്നാൽ വലിയ അപമാനം ആയിരുന്നു. അദ്ധ്യാപകൻ ഈ ശിക്ഷ വിധിക്കുമ്പോൾ, കുറ്റാരോപിതർ വലിയ വായിൽ കരയാൻ തുടങ്ങും. അത്രയ്ക്ക് അപമാനമായ ഒരു കാര്യം ആയിരുന്നു പെൺകുട്ടികളുടെ ബെഞ്ചിൽ അവരുടെ കൂടെ ഇരിക്കുക എന്നത്.

ഇപ്പോളും മനസ്സിൽ കുറ്റബോധം തോന്നുന്ന കാര്യമാണ് ആ ചേച്ചിയെ അന്ന് രക്ഷിക്കാതെ ഇരുന്നത്. അവർ ഇപ്പോഴും ആരോഗ്യത്തോടെ ഉണ്ട്. എന്നാലും ഈ സംഭവം എന്‍റെ മനസ്സിൽ കൂടി പോകാത്ത ദിനങ്ങൾ ഇല്ല.

******************
വർഷങ്ങൾ കഴിഞ്ഞു, അന്ന് തിരുവനന്തപുരത്ത് ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ജർമ്മനിയിൽ നിന്നും രണ്ടു ഗവേഷകർ അവിടെ വിസിറ്റിങ്ങിനായി വരുന്നു. അവർ എല്ലാവര്‍ക്കും ഷേക്ക് ഹാൻഡ് കൊടുക്കുന്നു, കൂടെ ഉണ്ടായിരുന്ന മലയാളി യുവതി ഷേക്ക് ഹാൻഡ് കൊടുക്കാതെ 'നമസ്തേ' പറഞ്ഞു. ഈ സംഭവം ശനിയാഴ്ച വീട്ടിൽ എത്തിയപ്പോൾ അമ്മയോട് ഞാൻ പറഞ്ഞു. അമ്മ പറഞ്ഞ മറുപടിയാണ് "അങ്ങനെ വേണം പെൺകുട്ടി ആയാൽ, നല്ല അച്ചടക്കത്തോടെ വളർന്ന കുട്ടിയാണ്" എന്ന്. 

*****************
വർഷങ്ങൾക്ക് മുമ്പ് അയർലണ്ടിൽ ജോലി ചെയ്ത സ്ഥാപനത്തിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ട്രെയിനിങ് നടക്കുന്നു. പല വിദേശ രാജ്യങ്ങളിലും പുതിയതായി ജോലിക്ക് ചേർന്നാൽ (എന്ത് ജോലി ആണെങ്കിലും) 'മാൻ ഡേറ്ററി' ആയി ചെയ്യേണ്ട ചില ട്രെയിനിങ് ഉണ്ട്. അങ്ങനെ ഒരു ട്രെയിനിങ്ങിൽ, ട്രെയിനർ ചോക്കിങ് ഹസാർഡ് (ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ വരിക) ൽ ചെയ്യേണ്ട Heimlich maneuver എന്ന രീതി പഠിപ്പിച്ചിട്ട്, ഓരോ ആൾക്കാരായി ചെയ്തു കാണിക്കാൻ പറഞ്ഞു. Heimlich maneuver ചെയ്യുമ്പോൾ രോഗിയുടെ തൊട്ടുപുറകിൽ ആയി ചേർന്നു നിന്ന് കൈകൾ നെഞ്ചിന് അടിയിൽ ആയി ചേർത്തു പിടിച്ചു, abdominal thrust കൊടുക്കുന്നത് ആണ് രീതി. എന്റെ കൂടെ സഹപ്രവർത്തകയായ ഇസബെൽ എന്ന ഒരു യുവതി ആയിരുന്നു എന്‍റെ പാർട്ട്ണർ. ട്രെയിനർ Heimlich maneuver ചെയ്യാൻ പറഞ്ഞു. ഞാൻ പുറകിൽ ആയി ശരീരത്തിൽ മുട്ടാതെ ഇങ്ങനെ നിൽക്കുക ആണ്. ട്രെയിനർ വന്ന് "ഇങ്ങനെ നിന്ന് Heimlich maneuver ചെയ്യാൻ പറ്റില്ല" എന്ന് പറഞ്ഞു ചേർത്തു നിർത്തിയത് ക്ലാസ്സിൽ മുഴുവൻ ചിരി പടർത്തി.

******************
അതുപോലെയാണ് 'ഹഗ്' ചെയ്യാൻ ബുദ്ധിമുട്ടി ഇരുന്നത്. വിദേശത്തു വന്ന സമയത്ത് ആദ്യമൊക്കെ ഹഗ്‌ ചെയ്യാൻ മടി ആയിരുന്നു. പത്തു വർഷത്തോളം എടുത്തു ഹഗ് ചെയ്യാനായി പഠിച്ചെടുക്കാൻ. ഒരിക്കൽ ഒരു സുഹൃത്തിന്റെ (ജോൺ) അമ്മയുടെ ഫ്യൂണറലിന് പോയി, വരുന്നവർ എല്ലാം ബന്ധുക്കളെ ഹഗ് ചെയ്യും. ജോണിന് എന്റെ ബുദ്ധിമുട്ട് അറിയാം. ഒരു ഷേക്ക് ഹാൻഡിൽ അനുശോചനം ഒതുക്കാൻ നിന്ന എന്റെ അടുത്തു വന്ന് പറഞ്ഞു "ഐ ഡെഫിനിറ്റ്‌ലി നീഡ് യുവർ ഹഗ്" കെട്ടിപ്പിടിച്ചു. അങ്ങനെയാണ് ആ പേടി മാറിയത്.

ഞാൻ ഒക്കെ അമ്മയെയും അച്ഛനെയും ഒരു പ്രാവശ്യം പോലും ഹഗ് ചെയ്തിട്ടില്ല. അങ്ങനെ പതിവില്ല. ഇനി ചെയ്താൽ അവർക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന പേടിയാണ്. കയ്യിൽ ഒരു തട്ടൽ, തോളിൽ മുറുക്കി ഒന്ന് പിടിക്കുക ഇത്രയും ഒക്കെയേ ചെയ്തു ശീലം ഉണ്ടായിരുന്നുള്ളൂ.

***************
പറഞ്ഞു വരുന്നത് കേരളത്തിൽ ബസിൽ സ്ത്രീകൾക്കായി പ്രത്യേക സീറ്റിന്‍റെ ആവശ്യം ഉണ്ടോ എന്ന് പുനർചിന്തിക്കാൻ സമയം ആയി. കേരളത്തിന്‌ പുറത്തു പല സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെ ഇങ്ങനെ കണ്ടിട്ടില്ല. തമിഴ് നാട്ടിലും ബസിൽ ആണും പെണ്ണും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ബസിലെ സീറ്റ് ഷെയർ ചെയ്തു യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്.

ഇപ്പോളും 'തൊട്ടാൽ പൊട്ടും' എന്ന രീതിയിൽ ആണ് പൊതുസ്ഥലങ്ങളിലെ മലയാളിയുടെ സ്ത്രീ പുരുഷ ബന്ധം.

click me!