
ദൃഢനിശ്ചയവും അധ്വാനിക്കാനും പുതിയപുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുമുള്ള കഴിവുണ്ടെങ്കിൽ ആർക്കും വിജയം കണ്ടെത്താം. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'ഡ്രീം ലോഞ്ച് സ്റ്റുഡിയോസ്' സ്ഥാപകനായ ഹർഷിൽ തോമറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലേക്കുള്ള ഒരു യാത്രയ്ക്കിടെ കണ്ടുമുട്ടിയ ചില മനുഷ്യർ എങ്ങനെയാണ് തന്റെ കാഴ്ചപ്പാടുകൾ മാറ്റിയതെന്നാണ് ഹർഷിൽ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.
ഒരു സാധാരണ പലചരക്ക് കട നടത്തിപ്പുകാരനിൽ നിന്ന് വെറും രണ്ട് പേരുടെ സഹായത്തോടെ വർഷത്തിൽ 7 ലക്ഷം ഡോളർ (ഏകദേശം 6 കോടി രൂപ) ARR (Annual Recurring Revenue) നേടുന്ന ഒരാളെ കുറിച്ചാണ് ഹർഷിൽ പ്രധാനമായും പറയുന്നത്. നഗരങ്ങളിൽ വളരുന്ന ആളുകൾക്ക് കരിയറിനെക്കുറിച്ച് വളരെ പരിമിതമായ അറിവ് മാത്രമാണുള്ളതെന്ന് ഹർഷിൽ ചൂണ്ടിക്കാണിക്കുന്നു. നഗരത്തിലുള്ളവർ ടെക്നോളജി, മാർക്കറ്റിംഗ്, സെയിൽസ്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങിയ ചുരുക്കം ചില മേഖലകളിൽ മാത്രം ഒതുങ്ങിപ്പോകാറാണ്. എന്നാൽ, ഇതിനപ്പുറം വലിയൊരു ലോകമുണ്ടെന്ന് ധർമ്മശാലയിലെ മനുഷ്യർ തനിക്ക് മനസ്സിലാക്കിത്തന്നതായി അദ്ദേഹം പറയുന്നു.
പലചരക്ക് കടക്കാരൻ മാത്രമല്ല, വളരെ വ്യത്യസ്തമായ മേഖലകളിൽ ബിസിനസ്സ് വിജയം നേടിയ മറ്റ് ചിലരെയും ഹർഷിൽ അവിടെ പരിചയപ്പെട്ടു. വിദേശത്തേക്കുള്ള വിസയുടെ നടപടിക്രമങ്ങൾ ലളിതമാക്കാൻ ആളുകളെ സഹായിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ബിസിനസ്സ് വിജയകരമായി നടത്തുന്ന ഒരാളും അതിൽ പെടുന്നു
അതുപോലെ, ഒരു മൾട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച്, സ്വന്തമായി ട്രേഡിംഗ് സ്ട്രാറ്റജികൾ വികസിപ്പിച്ചെടുത്ത മറ്റൊരാളെയും ഹർഷിൽ പരിചയപ്പെട്ടു. ക്ലോഡ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് ഉപയോഗിച്ച് ഒരു പേഴ്സണൽ സിമുലേഷൻ എഞ്ചിൻ നിർമ്മിച്ചാണ് ഇയാൾ ട്രേഡിംഗ് നടത്തുന്നത്. ഈ സാങ്കേതികവിദ്യ മറ്റുള്ളവർക്ക് വിൽക്കാനല്ല, മറിച്ച് സ്വന്തം ട്രേഡിംഗ് മെച്ചപ്പെടുത്താൻ മാത്രമാണ് ഇയാൾ ഉപയോഗിക്കുന്നത്. പല വൻകിട കമ്പനി സ്ഥാപകർക്കും ഇല്ലാത്ത കൃത്യതയും വ്യക്തതയും ഈ ട്രേഡർക്കുണ്ടെന്ന് ഹർഷിൽ കുറിച്ചു.
I met a guy in Dharamshala who went from running a kirana shop to building a $700k ARR empire with a 2 people team.
Growing up in a city teaches you a narrow menu of careers. Tech, marketing, sales, HR. You pick one and build inside its boundaries.
I met someone running a 2… pic.twitter.com/XeYAVF46nm— Harshil Tomar (@Hartdrawss) July 10, 2026
'ഇത്തരം പ്രത്യേക ബിസിനസ്സുകളെക്കുറിച്ച് മുൻപും വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അവ ജീവിച്ചു കാണിക്കുന്ന വ്യക്തികളുടെ മുന്നിൽ ഒരേ മേശയ്ക്ക് ഇരുപുറവുമിരുന്ന് സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്' എന്നും ഹർഷിൽ തോമർ പറഞ്ഞു. ഇത്തരം മനുഷ്യർക്ക് നടുവിൽ ജീവിക്കുമ്പോൾ മാത്രമേ, നമുക്ക് എന്തൊക്കെ സാധ്യമാകും എന്ന് തിരിച്ചറിയാൻ കഴിയൂ എന്ന് പറഞ്ഞാണ് ഹർഷിൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.