ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാൻ പോകാനാവാതെ വിഷമിച്ച് സൊമാറ്റോ ഡെലിവറി പാർട്ണർ. വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകി അങ്കിത് പാണ്ഡെ എന്ന യുവാവ്. മനോഹരം ഈ പോസ്റ്റ്.
പ്രതീക്ഷിക്കാത്ത നേരത്ത് നമുക്ക് സഹായവുമായെത്തുന്ന ചില അപരിചിതരുണ്ട്. അവരായിരിക്കും ഒരുപക്ഷേ മനുഷ്യത്വത്തിലുള്ള നമ്മുടെ പ്രതീക്ഷകളെ നിലനിർത്തുന്നത്. അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഐസിയുവിൽ കഴിയുന്ന അമ്മയെ കാണാൻ പോകാനാവാതെ വിഷമിച്ച സൊമാറ്റോ ഡെലിവറി പാർട്ണർക്ക് 4,000 രൂപയുടെ വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകുകയായിരുന്നു അങ്കിത് പാണ്ഡെ എന്ന യുവാവ്. അങ്കിത് തന്നെയാണ് ഈ ഹൃദയസ്പർശിയായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
പതിവായി അങ്കിതിന്റെ വീട്ടിൽ ഭക്ഷണമെത്തിക്കാറുള്ള ഡെലിവറി പാർട്ണർ കഴിഞ്ഞ ദിവസവും ഡെലിവറിക്കെത്തി. എന്നാൽ, ഭക്ഷണം കൈമാറിയ ശേഷം അയാൾ മടിയോടെ ഒരു ഗ്ലാസ് വെള്ളം ചോദിക്കുകയായിരുന്നു. വെള്ളം നൽകാനായി അയാളെ അകത്തേക്ക് ക്ഷണിച്ചപ്പോഴാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് അയാൾ നിൽക്കുന്നതെന്ന് അങ്കിത് ശ്രദ്ധിക്കുന്നത്.
കാര്യം തിരക്കിയപ്പോൾ, അന്ന് രാവിലെ തന്റെ അമ്മ വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ഐസിയുവിലാണെന്ന് പറയുകയായിരുന്നു. നാട്ടിലേക്ക് പോകാൻ അടുത്ത ട്രെയിൻ രാത്രി 11 മണിക്ക് മാത്രമാണുള്ളത്. നാട്ടിലെത്താൻ ഏതാണ്ട് 30 മണിക്കൂറോളം സമയമെടുക്കും. 'അമ്മയെ ജീവനോടെ കാണാൻ എനിക്ക് സാധിക്കുമോ എന്ന് പോലുമറിയില്ല ബയ്യാ...' എന്ന് പറഞ്ഞ് ആ യുവാവ് പൊട്ടിക്കരഞ്ഞുവത്രെ. രാവിലെ മുതൽ അയാൾ ഒന്നും കഴിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ അങ്കിത്, താൻ ഓർഡർ ചെയ്ത ഭക്ഷണം അയാൾക്ക് കൂടി നൽകിയാണ് കഴിച്ചത്. തുടർന്ന് സ്കൈസ്കാനറിൽ തിരഞ്ഞപ്പോൾ നാട്ടിലേക്ക് ഏതാണ്ട് 4,000 രൂപ നിരക്കിൽ ഒരു വിമാന ടിക്കറ്റ് ലഭ്യമാണെന്ന് കണ്ടു. ഒട്ടും വൈകാതെ അങ്കിത് ആ ടിക്കറ്റ് ബുക്ക് ചെയ്ത് യുവാവിന് നൽകുകയായിരുന്നു.
ഇതുവരെ എയർപോർട്ടിൽ പോയിട്ടില്ലെന്ന് പറഞ്ഞ ഡെലിവറി പാർട്ണറെ സഹായിക്കാൻ അങ്കിത് തന്റെ ഒരു സുഹൃത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മണിക്കൂറുകൾക്കകം യുവാവ് നാട്ടിലെത്തി അമ്മയെ കണ്ടു. അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വിവരവും അയാൾ അങ്കിതിനെ വിളിച്ച് അറിയിച്ചു. അടുത്ത ദിവസം രാവിലെ ഡെലിവറി പാർട്ണർ അങ്കിതിനെ വീണ്ടും ഫോണിൽ വിളിച്ചു. അമ്മ ഇപ്പോൾ അപകടനില തരണം ചെയ്തെന്നും നാലഞ്ചു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ അറിയിച്ചതായി പറഞ്ഞു. അതോടൊപ്പം വിമാന ടിക്കറ്റിനായി അങ്കിത് ചെലവാക്കിയ 4,000 രൂപ അയാൾ അങ്കിതിന് തിരികെ അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ, ആ പണം അങ്കിത് ഉടനടി അയാൾക്ക് തന്നെ തിരിച്ചയച്ചു നൽകി. ആ തുക അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അങ്കിത് ആവശ്യപ്പെടുകയായിരുന്നു. 'ബയ്യാ... എന്നെ കണ്ട മാത്രയിൽ തന്നെ അമ്മയ്ക്ക് വലിയ ധൈര്യമായി. നിങ്ങൾ സഹായിച്ചില്ലായിരുന്നെങ്കിൽ എനിക്ക് കൃത്യസമയത്ത് വീട്ടിലെത്താൻ കഴിയില്ലായിരുന്നു' എന്നാണ് വിതുമ്പലോടെ ആ യുവാവ് പറഞ്ഞത്.
'ചിലപ്പോഴൊക്കെ ഒരാളുടെ ജീവിതം മാറ്റാൻ കോടികളൊന്നും വേണ്ടിവരില്ല, ഒരു ഗ്ലാസ് വെള്ളവും ഒരു നേരത്തെ ഭക്ഷണവും നാട്ടിലേക്കുള്ള ഒരു ടിക്കറ്റും മതിയാകും. കരുണയുള്ളവരായിരിക്കുക, നിങ്ങൾ എപ്പോഴാണ് മറ്റൊരാൾക്ക് അത്ഭുതമായി മാറുന്നതെന്ന് പറയാനാകില്ല' എന്നാണ് അങ്കിത് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പണത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ലാഭം അത് തിരികെ കിട്ടുന്നതല്ല, മറിച്ച് ഏറ്റവും ആവശ്യമുള്ള സമയത്ത് ഒരാളെ സഹായിക്കാൻ കഴിഞ്ഞു എന്ന തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
