
11 വർഷത്തെ പ്രണയത്തിനു ശേഷം അടുത്തിടെയാണ് മധ്യപ്രദേശിൽ നിന്നുള്ള ഈ ദമ്പതികൾ വിവാഹിതരായത്. എന്നാൽ, അവരുടെ സന്തോഷകരമായ നിമിഷങ്ങൾ കാണാതെ അവരെ മോശം കമന്റുകൾ നൽകി അക്രമിക്കുകയാണ് സോഷ്യൽ മീഡിയ. വരന്റെ നിറമാണ് വലിയ തോതിൽ പരിഹാസകമന്റുകളും വിദ്വേഷ കമൻറുകളും ചിത്രത്തിന് വരാൻ കാരണമായി തീർന്നിരിക്കുന്നത്. റിഷഭ് രജ്പുത്തിന്റെയും ഷോണാലി ചൗക്‌സിയുടെയും വിവാഹ ഫോട്ടോകളും വീഡിയോകളും എക്‌സിൽ വൈറലായതിന് പിന്നാലെയാണ്, വരന്റെ ഇരുണ്ട നിറത്തിന് വിമർശനവും പരിഹാസവും നേരിടേണ്ടി വന്നത്.
ഇരുവരും വളരെയേറെ സന്തോഷത്തോടെ ഹാരം കൈമാറുന്ന അതിമനോഹരമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, അതിനു വന്നിരിക്കുന്ന കമന്റുകൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നവയായിരുന്നില്ല. ദിവ്യ എന്ന യൂസറും ചിത്രം എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് കാണാം. 'ഇത്തരം വിവാഹത്തിന് പിന്നിലെ പ്രധാന കാരണം എന്തായിരിക്കും' എന്ന് ചോദിച്ചുകൊണ്ടാണ് ദിവ്യ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, ചിത്രത്തിന് വരന്റെ നിറത്തെ പരിഹസിച്ചുകൊണ്ടാണ് പലരും കമന്റ് നൽകിയത്.
പണം കണ്ടിട്ടായിരിക്കാം, സർക്കാർ ജോലി കണ്ടിട്ടായിരിക്കാം തുടങ്ങിയ കമന്റുകളാണ് പലരും നൽകിയത്. അതേസമയം, ഇവരെ പരിഹസിച്ചവരും ഉണ്ടായിരുന്നു. 'എന്തിനാണ് സഹോദരീ ഇത് ചെയ്തത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'പണം മാത്രം നോക്കിയായിരിക്കും ഈ യുവാവിനെ അവർ വിവാഹം ചെയ്തത്' എന്നും പലരും കമന്റ് നൽകി. അതേസമയം, 'സ്നേഹം കൊണ്ട്' എന്ന് കമന്റ് നൽകിയവരും ഉണ്ട്. പോസ്റ്റ് ഷെയർ ചെയ്ത ദിവ്യയും സ്നേഹം എന്നാണ് പറയുന്നത്. എന്നാൽ, അതിന് എന്താണ് ഈ വിവാഹത്തിൽ കുഴപ്പമെന്നും ഈ ലോകത്ത് ഇന്ന് എന്തുമാത്രം വിദ്വേഷമാണ് നിറഞ്ഞിരിക്കുന്നത് എന്നും കമന്റ് നൽകിയവരും ഉണ്ട്.
അതേസമയം, ചിത്രങ്ങൾ വൈറലാവുകയും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തതോടെ വരൻ ഇതിനോട് പ്രതികരിച്ചു. നിങ്ങളുടെ കമന്റുകൾ ഞങ്ങളുടെ വിഷയമല്ല എന്നാണ് യുവാവ് പറഞ്ഞത്.