എലിയെ പേടിച്ച് രാത്രി ഇറങ്ങിയോടി അതിഥികള്‍, മൂഷികന്മാര്‍ കീഴടക്കി ത്രീ സ്റ്റാര്‍ ഹോട്ടല്‍!

Published : Sep 07, 2022, 06:13 PM IST
എലിയെ പേടിച്ച് രാത്രി ഇറങ്ങിയോടി അതിഥികള്‍, മൂഷികന്മാര്‍ കീഴടക്കി ത്രീ സ്റ്റാര്‍ ഹോട്ടല്‍!

Synopsis

ഹോട്ടലിലെ സൗകര്യങ്ങള്‍ കുടുംബമായി താമസിക്കാന്‍ അനുയോജ്യമാണന്ന് കരുതിയാണ് അവര്‍ അവിടെ മുറി ബുക്ക് ചെയ്തത്. എന്നാല്‍ രാത്രി ആയതോടെ കളി മാറി. 


എലിയെ പേടിച്ച് ഇല്ലം ചുടുക എന്നു കേട്ടിട്ടില്ലേ? സത്യത്തില്‍ അത്രയ്‌ക്കൊക്കെ സംഭവിക്കുമോ? ഈ എലികള്‍ ഇത്ര പ്രശ്‌നക്കാരാണോ? 

എന്നാല്‍ കേട്ടോളു മറ്റൊരു മൂഷിക പുരാണം. എലിയെ പേടിച്ച് രാത്രി പിഞ്ചു കുഞ്ഞുമായി ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടേണ്ടിവന്ന ദുരനുഭവം ട്രിപ്പ് അഡൈ്വസറിലൂടെ പങ്കിട്ടിരിക്കുകയാണ് ഒരു കുടുംബം.

ഇഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രന്റിലെ ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലിലാണ് സംഭവം. ആള്‍ട്ടണ്‍ ടവേഴ്‌സ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു സന്ദര്‍ശക കുടുംബം. രാത്രി താമസിക്കാന്‍ അവര്‍ ത്രീ സ്റ്റാര്‍ കാറ്റഗറി റേറ്റിങ്ങിലുള്ള ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടല്‍ തിരഞ്ഞെടുത്തു. ഹോട്ടലിലെ സൗകര്യങ്ങള്‍ കുടുംബമായി താമസിക്കാന്‍ അനുയോജ്യമാണന്ന് കരുതിയാണ് അവര്‍ അവിടെ മുറി ബുക്ക് ചെയ്തത്. എന്നാല്‍ രാത്രി ആയതോടെ കളി മാറി. 

എലികള്‍ സംഘമായി ഇറങ്ങി. ഇവര്‍ താമസിച്ച മുറിക്കുള്ളിലും മുറിയ്ക്ക് പുറത്തേ വരാന്തയിലും യഥേഷ്ടം വിഹരിച്ചു. ഒടുവില്‍ ശല്യം സഹിക്കാതായപ്പോള്‍ അവര്‍ അവിടെ നിന്നും ഇറങ്ങി ഓടി മറ്റൊരു ഹോട്ടലില്‍ മുറി എടുക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇവര്‍ ട്രിപ്പ് അഡൈ്വസറില്‍ തങ്ങളുടെ ദുരനുഭവം വിവരിച്ചത്. ഹോട്ടലില്‍ മറ്റൊരു മുറിയ്ക്ക് ശ്രമിച്ചെങ്കിലും അത് കിട്ടിയില്ലന്നും അവര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ നിരവധി പേരാണ് സമാന അനുഭവം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നത്. 

എന്നാല്‍ തങ്ങളുടെ ഹോട്ടല്‍ മൂഷികന്മാര്‍ കീഴടിക്കിയിട്ടില്ല എന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. വേണ്ട സുരക്ഷ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഹോട്ടലിന് ചുറ്റുമുള്ള എലികളുടെ വിഹാരം കുറയ്ക്കുന്നതിന് തങ്ങള്‍ സ്വീകരിക്കുന്ന നടപടികളില്‍ ദേശീയ കീട നിയന്ത്രണ കമ്പനിയും പ്രാദേശിക കൗണ്‍സിലും സന്തുഷ്ടരാണെന്നും ഇവര്‍ പറയുന്നു.

ഏതായാലും മൂഷികന്മാര്‍ കീഴടക്കിയ ഹോട്ടലിന്റെ കഥ നാട്ടിലെങ്ങും പാട്ടായി കഴിഞ്ഞു. ഇനി എലിയെ പേടിച്ച് ഹോട്ടല്‍ ചുടേണ്ടിവരുമോ എന്ന് കണ്ടറിയണം.
 

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം