ദക്ഷിണാഫ്രിക്കയിലെ ഗുപ്‍ത കുടുംബം അമേരിക്കയുടെ കരിമ്പട്ടികയില്‍; ആരെയും ഞെട്ടിക്കുന്ന വളര്‍ച്ചയില്‍നിന്നും വീഴ്‍ചയിലേക്കോ?

By Web TeamFirst Published Oct 11, 2019, 5:47 PM IST
Highlights

തികച്ചും സാധാരണക്കാരുടെ കുടുംബമായിരുന്ന ഈ ഗുപ്‍ത കുടുംബം സൗത്ത് ആഫ്രിക്കയിലെ സര്‍ക്കാരിനെ തന്നെ നിയന്ത്രിക്കാനാകുന്ന നിലയിലേക്ക് വളര്‍ന്നതിന്‍റെ കഥ അദ്ഭുതം തന്നെയാണ്. 

അമേരിക്കയിലെ ട്രഷറി വകുപ്പ് കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയിലെ ഗുപ്‍ത കുടുംബത്തെയും അവരുടെ അസോസിയേറ്റായ സലിം എസ്സയേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഗുപ്‍തമാരും എസ്സയും അവരുടെ സ്വാധീനമുപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദനം നടത്തിയത് തെളിഞ്ഞ സാഹചര്യത്തിലാണിതെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ഗുപ്‍ത കുടുംബം അവരുടെ രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച്  വലിയ തോതിലുള്ള അഴിമതിയും കൊള്ളയും നടത്തി. സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുത്തു. പൊതുസ്വത്ത് പോലും ദുരുപയോഗം ചെയ്‍തു. അജയ് ഗുപ്‍ത, അതുല്‍ ഗുപ്‍ത, രാജേഷ് ഗുപ്‍ത, സലിം എസ്സ എന്നിവരെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് ഗുപ്‍ത കുടുംബം. 

അജയ് ഗുപ്‍തയാണ് കുടുംബത്തിന്‍റെ അഴിമതി, ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിച്ചതും അതിന്റെ സാമ്പത്തികം നിയന്ത്രിച്ചതും. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരോടുള്ള ബന്ധങ്ങളിലും മറ്റ് കാര്യങ്ങളിലുമുള്ള മേൽനോട്ടം അതുൽ ഗുപ്തയ്ക്കായിരുന്നു. രാജേഷ് ഗുപ്തയാകട്ടെ ദക്ഷിണാഫ്രിക്കയിലെ ശക്തരായ രാഷ്ട്രീയക്കാരുടെ മക്കളുമായി ബന്ധം വളർത്തിയെടുത്തു. ഇതിന് സാമ്പത്തികമായും മറ്റും എല്ലാത്തരം സഹായങ്ങളും നല്‍കിയത് എസ്സയാണ് എന്നും ട്രഷറി വകുപ്പ് അധികൃതര്‍ അറിയിച്ചു. സൗത്ത് ആഫ്രിക്കയിലെ അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ട്രഷറി വകുപ്പ് അറിയിച്ചുകഴിഞ്ഞു. നിരവധി അഴിമതി കേസുകളാണ് ഗുപ്‍ത കുടുംബവുമായി ബന്ധപ്പെട്ട് തെളിയിക്കപ്പെട്ടത്. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും പണവും സ്ഥാനവും നല്‍കിയതടക്കം പലതും ഇതില്‍ പെടുന്നു. പകരമായി അവരുടെ ബിസിനസിനും മറ്റും സഹായങ്ങളാണ് ആവശ്യമുണ്ടായിരുന്നത്. 

ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലെ എസ്റ്റിന ഡയറി ഫാം പദ്ധതി അഴിമതിക്കേസിൽ ഗുപ്ത സഹോദരന്മാർക്കെതിരായ അഴിമതി ആരോപണം പിൻവലിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രോസിക്യൂട്ടർമാർ കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു. പാവപ്പെട്ട ക്ഷീരകർഷകർക്ക് വേണ്ടിയുള്ള 20 മില്യൺ ഡോളർ (139 കോടി രൂപ) ഗുപ്ത കുടുംബത്തിനും അവരുടെ കൂട്ടാളികൾക്കും വിതരണം ചെയ്തതായി രാജ്യത്തെ നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റി ആരോപിച്ചിരുന്നു.

വിവാഹവും വിവാദവും
200 കോടി മുടക്കി ഗുപ്‍ത കുടുംബത്തിലെ ചെറുപ്പക്കാരുടെ വിവാഹം നടന്നതും അതിനെത്തുടര്‍ന്നുണ്ടായ മാലിന്യം സംസ്‍കരിക്കാന്‍ വെറും 54,000 രൂപ മാത്രം മുനിസിപ്പല്‍ കോര്‍പ്പറേഷനിലടച്ചതും വാര്‍ത്തയായിരുന്നു. ഉത്തരാഖണ്ഡിലാണ് അജയ് ഗുപ്‍തയുടെ മകന്‍ സൂര്യകാന്തിന്‍റെ വിവാഹം നടന്നത്. ജൂണ്‍ 18 മുതല്‍ 20 വരെയായിരുന്നു ആഘോഷം. ജൂണ്‍ 20 മുതല്‍ 22 വരെ അതുല്‍ ഗുപ്‍തയുടെ മകന്‍ ശശാങ്കിന്‍റെ വിവാഹവും ഇവിടെ നടന്നു. 200 കോടിയുടെ ആഘോഷങ്ങളാണ് അന്ന് ഇരുവിവാഹങ്ങളോടുമനുബന്ധിച്ച് നടന്നത്. 

ഇത് വലിയ തോതിലുള്ള മാലിന്യ സംസ്കരണ പ്രശ്നങ്ങളാണ് സൃഷ്‍ടിച്ചത്. 20 ജോലിക്കാരെയാണ് വിവാഹാഘോഷം നടന്ന സ്ഥലം വൃത്തിയാക്കുന്നതിനായി മുനിസിപ്പാലിറ്റി നിയോഗിച്ചത്. ഹൈക്കോടതി ജില്ലാ ഭരണകൂടത്തോടും മാലിന്യ നിയന്ത്രണ ബോര്‍ഡിനോടും ഈ മാലിന്യം പരിസ്ഥിതിക്കുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനാവശ്യമായ തുകയും തൊഴിലാളികളെയും വാഹനവും ഗുപ്‍ത കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്‍തു. അവരത് നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.

നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹമായിരുന്നു ഇത്. മന്ത്രിമാരടക്കം പലരും വിവാഹത്തിനെത്തി. കത്രീന കൈഫ്, ബാബ രാംദേവ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അവിടെയുള്ള ഭൂരിഭാഗം ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്യപ്പെട്ടിരുന്നു അന്ന്. ഈ രണ്ട് വിവാഹങ്ങള്‍ക്കും വേണ്ടി പൂക്കള്‍ ഇറക്കുമതി ചെയ്തത് സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നായിരുന്നു.

സാധാരണക്കാരായ ഒരു കുടുംബം എങ്ങനെ ഇവിടെയെത്തി? 
തികച്ചും സാധാരണക്കാരുടെ കുടുംബമായിരുന്ന ഈ ഗുപ്‍ത കുടുംബം സൗത്ത് ആഫ്രിക്കയിലെ സര്‍ക്കാരിനെ തന്നെ നിയന്ത്രിക്കാനാകുന്ന നിലയിലേക്ക് വളര്‍ന്നതിന്‍റെ കഥ അദ്ഭുതം തന്നെയാണ്. 1990 -കളുടെ ആദ്യകാലം വരെ ഉത്തര്‍പ്രദേശിലെ സഹ്റാന്‍പൂര്‍ എന്ന പട്ടണത്തിലെ ഒരു ചെറിയ റേഷന്‍കടയുമായി ജീവിച്ചുപോന്ന കുടുംബം. 1993 -ലാണ് ഗുപ്‍ത സഹോദരന്മാര്‍ ഒന്നൊന്നായി സൗത്ത് ആഫ്രിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. ആദ്യം പോകുന്നത് അതുല്‍ ഗുപ്‍ത. സഹാറ എന്ന പേരില്‍ അവിടെ ഒരു ചെറിയ കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങുകയായിരുന്നു അതുല്‍. 

ഗുപ്‍ത കുടുംബത്തിന്‍റെ ഉത്തര്‍ പ്രദേശിലെ വീട് 

അതുല്‍ ഗുപ്‍ത പോയി അധികം താമസിയാതെ തന്നെ അജയ് ഗുപ്‍തയും രാജേഷ് ഗുപ്‍തയും കുടുംബവും അങ്ങോട്ട് കുടിയേറി. പിന്നീട് സംഭവിച്ചതെല്ലാം ഒരു സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. ഗുപ്‍ത കുടുംബത്തിന്‍റെ വളര്‍ച്ച ആരെയും അദ്ഭുതപ്പെടുത്തുന്ന മട്ടിലായിരുന്നു. ഗുപ്‍ത കുടുംബം ആഫ്രിക്കയിലെത്തുന്ന സമയം, രാഷ്ട്രീയപരമായും സാമൂഹികമായും മാറ്റത്തിന്‍റേതായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് 1994 -ലാണ് നെല്‍സണ്‍ മണ്ടേല അധികാരത്തിലേറുന്നത്. വിദേശനിക്ഷേപത്തിന് വാതില്‍ തുറക്കപ്പെടുന്നതും ആ സമയത്തുതന്നെ. അത് ഗുപ്‍ത കുടുംബത്തിന് ചവിട്ടിക്കയറാനുള്ള പടിയായി മാറി. കമ്പ്യൂട്ടര്‍, ഖനനം, മദ്യം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ് മേഖല തുടങ്ങി സകലയിടത്തും അവര്‍ വേരുറപ്പിച്ചു. 

2009 -ലാണ് ജേക്കബ് സുമ സൗത്ത് ആഫ്രിക്കന്‍ പ്രസിഡണ്ടാവുന്നത്. എന്നാല്‍, അതിനുമുമ്പ് തന്നെ സുമയുമായി ഗുപ്‍ത സഹോദരന്മാര്‍ ബന്ധം പുലര്‍ത്തിയിരുന്നു. 2016 ആയപ്പോഴേക്കും അതുല്‍ ഗുപ്‍ത സൗത്ത് ആഫ്രിക്കയിലെ അതിസമ്പന്നരില്‍ ഏഴാമനായി മാറിയിരുന്നു. അന്ന് അയാളുടെ ആസ്‍തി 773.47 ദശലക്ഷം ഡോളറായിരുന്നു. യുഎസ്സിലും ദുബായിയിലും വീടുകള്‍... അങ്ങനെ എങ്ങുമറിയപ്പെടുന്ന ബിസിനസുകാരായി സമ്പന്നരായി മാറി ഇന്ത്യയില്‍നിന്നും കുടിയേറിയ ഗുപ്‍ത കുടുംബം. എന്നാല്‍, അഴിമതിയാരോപണങ്ങള്‍ ശക്തമായപ്പോള്‍ സുമയ്ക്ക് പ്രസിഡണ്ട് സ്ഥാനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അന്നായിരുന്നു ഗുപ്‍ത കുടുംബം ഏറ്റവുമധികം വാര്‍ത്തയായത്. മന്ത്രിമാരെയും മറ്റും നിയമിച്ചിരുന്നത് ഗുപ്‍ത സഹോദരന്മാരായിരുന്നു. അവര്‍ വെട്ടിപ്പുകള്‍ നടത്തി. പണം വിദേശത്തേക്ക് കടത്തി എന്നിങ്ങനെ പലതായിരുന്നു കാരണങ്ങള്‍. സുമയെ ഭരണത്തില്‍നിന്നും താഴെയിറക്കിയവരെന്ന പേരും അങ്ങനെ ഗുപ്‍ത കുടുംബത്തിനായി.

 

വര്‍ണ്ണക്കൊതിയരുടെ കയ്യില്‍നിന്നും ഭരണം കയ്യാളിയിട്ടും സുമയടക്കമുള്ളവര്‍ക്ക് ഇത്തരം അഴിമതിയില്‍നിന്നും മറ്റും ഒഴിഞ്ഞുനില്‍ക്കാനോ ഒരു ജനതയുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകാനോ കഴിഞ്ഞില്ല. അതിലും ഗുപ്‍ത കുടുംബത്തിന്‍റെ പങ്ക് വലുതായിരുന്നു. ഇപ്പോഴിതാ, അമേരിക്കയും ഗുപ്‍ത സഹോദരന്മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിശ്വസിക്കാനാകാത്ത തരത്തിലുള്ള വളര്‍ച്ചയ്ക്ക് ശേഷം ഇപ്പോഴിതാ താഴെവീഴുകയാണ് ഗുപ്‍ത കുടുംബം എന്ന തരത്തിലാണ് കാര്യങ്ങള്‍. 


 

click me!