തിഹാര്‍ ജയിലില്‍ ഒന്നോ രണ്ടോ ദിവസം കഴിയണോ? തടവറയിലെ ജീവിതമറിയണോ?

By Web TeamFirst Published Oct 11, 2019, 1:20 PM IST
Highlights

 'ഫീല്‍ ദ ജയില്‍' എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജയിലിലെ ഒരുദിവസം എങ്ങനെയാണ് എന്നാണ് സഞ്ചാരികള്‍ക്ക് അനുഭവിച്ചറിയാനാവുക. 

തെക്കനേഷ്യയിലെ തന്നെ ഏറ്റവും വലിയ ജയിലാണ് തിഹാര്‍ ജയില്‍. തിഹാര്‍ പ്രിസണ്‍, തിഹാര്‍ ആശ്രമം എന്നൊക്കെ ഇതിന് വിളിപ്പേരുണ്ട്. ദില്ലിക്ക് പടിഞ്ഞാറ് ചാണക്യപുരയിയില്‍നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം അകലെയായിട്ടാണ് തിഹാര്‍ ജയില്‍. അതിനകത്തെ കാര്യങ്ങളെങ്ങനെയാണ്, അവിടുത്തെ ജീവിതം എങ്ങനെയായിരിക്കും എന്നൊക്കെ അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇനി വഴിയുണ്ട്. 2000 രൂപ മുടക്കിയാല്‍ ഒരു വിനോദ സഞ്ചാരിയായി തിഹാര്‍ ജയില്‍ സന്ദര്‍ശിക്കാം. വളരെ പെട്ടെന്ന് തന്നെ തിഹാര്‍ ജയില്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുമെന്നാണ് കരുതുന്നത്. ജയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്. 

ജയില്‍ ടൂറിസം തുടങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ചര്‍ച്ചകള്‍ക്ക് ശേഷം വളരെ പെട്ടെന്ന് തന്നെ പുറത്തുള്ളവര്‍ക്ക് ടൂറിസത്തിന്‍റെ ഭാഗമായി ജയിലില്‍ കടക്കാനായേക്കും എന്നാണ് കരുതുന്നത്. 'ഫീല്‍ ദ ജയില്‍' എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജയിലിലെ ഒരുദിവസം എങ്ങനെയാണ് എന്നാണ് സഞ്ചാരികള്‍ക്ക് അനുഭവിച്ചറിയാനാവുക. വെറുതെ സന്ദര്‍ശിച്ച് തിരികെ വരിക എന്നതല്ല പദ്ധതി. മറിച്ച് തടവുകാരിലൊരാളായി ജയിലില്‍ താമസിക്കാം. ഫോണിന് വിലക്കുണ്ടാവും. രാവിലെ മറ്റ് തടവുകാര്‍ക്കൊപ്പം ഉറക്കമുണരണം. അവര്‍ ചെയ്യുന്ന ജോലികളെല്ലാം ചെയ്യണം. ഇങ്ങനെയെത്തുന്ന സന്ദര്‍ശകര്‍ക്ക് താമസിക്കാനായുള്ള സെല്ലുകളുടെ ജോലി നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ ദിവസമാണ് ഇവിടെ തങ്ങാനാവുക. അഞ്ചോ ആറോ ബാത്ത് അറ്റാച്ച്ഡ് സെല്ലുകള്‍ ഇങ്ങനെ പണിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

സുരക്ഷിതത്വത്തെ കുറിച്ചോ?
സുരക്ഷിതത്വത്തെ കുറിച്ച് ഭയമുണ്ടോ? ഒരു ഭയവും വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റ് തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളില്‍ നിന്നും കനത്ത ഒരു മതില്‍വെച്ച് ഈ സെല്ലുകളെ വേര്‍തിരിച്ചിട്ടുണ്ട്. തിഹാര്‍ ജയില്‍ 400 ഏക്കറിലാണ്. അതില്‍ 15,000 തടവുകാരുണ്ട്. അതില്‍തന്നെ ഏറ്റവും ഭീകരന്മാരായടക്കമുള്ളവരുടെ വീടാണിവിടം. 

ഏതായാലും ഫീസ് അടച്ചശേഷം നിങ്ങളെ ഒരു സെല്ലിനുള്ളിലാക്കി അടച്ചിടും. തടവുമുറിയിലെ തറയില്‍ നിങ്ങള്‍ക്ക് അന്നേദിവസം കിടന്നുറങ്ങാം. ധരിക്കാന്‍ ജയിലിലെ യൂണിഫോം കിട്ടും. കഴിക്കാന്‍ കിട്ടുക മറ്റ് തടവുകാര്‍ക്ക് കിട്ടുന്ന ഭക്ഷണം തന്നെയായിരിക്കും. അതുപോലെതന്നെ തടവുകാര്‍ക്ക് മാറ്റിവെച്ചിരിക്കുന്ന ജോലികളും ചെയ്യേണ്ടിവരും. ഡെല്‍ഹി ടൂറിസവുമായി ബന്ധപ്പെട്ടുള്ള ഈ പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാമെന്നുമാണ് അധികൃതര്‍ പറയുന്നത്. 

വെറുമൊരു ജയില്‍ എന്നതിനുമപ്പുറം ഒരു തിരുത്തല്‍ സ്ഥാപനം എന്ന നിലയിലാണ് തിഹാര്‍ ജയിലിന്‍റെ രൂപകല്‍പ്പന തന്നെ. പ്രതികളായി ഇവിടെയെത്തുന്നവരെ നല്ല വിദ്യാഭ്യാസവും മറ്റ് പരിശീലനങ്ങളുമെല്ലാം നല്‍കി പുതിയ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം. അതിനായി സംഗീതപരിശീലനവും കച്ചേരിയുമെല്ലാം ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ ഒരു വ്യവയസായ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുണ്ട്. 

click me!