ഷി ജിൻ പിങ്ങ്: ബാല്യത്തിലെ ഗുഹാജീവിതം മുതൽ ചൈനയുടെ പ്രസിഡണ്ട് പദം വരെ

By Babu RamachandranFirst Published Oct 11, 2019, 3:23 PM IST
Highlights

ഗുഹയിലായിരുന്നു താമസം, അതിനുള്ളിൽ പാമ്പും പഴുതാരയും എല്ലാം വന്നുപോകുമായിരുന്നു. ഇഷ്ടികപ്പുറത്തായിരുന്നു കിടപ്പ്. 

"എന്റെ കുട്ടിക്കാലത്ത് ഞാൻ ഗുഹയിൽ കഴിഞ്ഞിട്ടുണ്ട്. കയ്യിനും കാലിനും ബലം വെച്ച അന്നുമുതൽക്ക് പാടത്തിറങ്ങി പകലന്തിയോളം വെയിലുകൊണ്ട് കൃഷി ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും, ഇതാ ഇപ്പോൾ എന്റെ രാജ്യത്തിൻറെ പ്രസിഡണ്ട് പദവിയിൽ ഇങ്ങനെ നിവർന്നിരിക്കുന്നതും" - ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അങ്ങനെ ഒരു അവകാശവാദം അധികമാർക്കും പറയാനായി എന്ന് വരില്ല. എന്നാൽ അങ്ങനെ ഷി ജിൻ പിങ്ങ് പറയുമ്പോൾ, അത് നൂറുശതമാനം സത്യം മാത്രമാണ്. 

അമ്പതു വർഷം മുമ്പ് ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞു വീശുന്നകാലം. അന്ന് ഷി ജിൻ പിങ്ങിന് വയസ്സ് പതിനഞ്ച്. പാടത്ത് രാപ്പകൽ പണിയെടുത്തുകൊണ്ടാണ് ഷി ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. അത് ചൈനയുടെ ഒരു ഉൾനാടൻ ഗ്രാമമായിരുന്നു. നാലുപാടും മഞ്ഞപുതച്ച താഴ്വരകളാണ്. ആകാശം മുട്ടുന്ന വന്മലകളാണ്. അവിടെ നിന്നാണ് ഷി ജിൻ പിങ്ങ് തന്റെ ജീവിതം തുടങ്ങുന്നത്. യുദ്ധകാലത്ത് ചൈനീസ് കമ്യൂണിസ്റ്റുകളുടെ  കോട്ടയായിരുന്നു ഷിയുടെ ഗ്രാമം. യേനാൻ പ്രവിശ്യയിലുള്ളവർ, ചൈനയിലെ വിപ്ലവത്തിൽ ചുവന്ന മണ്ണെന്നാണ്  തങ്ങളുടെ പ്രദേശത്തെപ്പറ്റി ഇന്നും പറയുന്നത്. 

ചൈനയിലെ മറ്റെല്ലാ ഗ്രാമങ്ങളിലും നിർബന്ധിതമായ നഗരവത്കരണം നടപ്പിലാക്കാൻ ചൈനീസ് സർക്കാർ മുന്നിട്ടിറങ്ങുന്ന ഇക്കാലത്തും ഷി ജിൻ പിങ്ങിന്റെ സ്വന്തം ഗ്രാമത്തെ അവർ അതേ തനിമയോടെ നിലനിർത്തിയിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അണികൾക്ക് ഒരു തീർത്ഥാടന കേന്ദ്രത്തിൽ കുറഞ്ഞൊന്നുമല്ല ആ ഗ്രാമം. 

1968 -ൽ ചെയർമാൻ മാവോ രാജ്യത്തെ യുവാക്കളോട് ഒരു ആഹ്വാനം നടത്തിയിരുന്നു. "ലക്ഷം ലക്ഷമായി നിങ്ങൾ ഗ്രാമങ്ങളിലേക്ക് ചെല്ലിൻ." ഗ്രാമീണ ജീവിതത്തിലെ പ്രയാസങ്ങളെ നേർക്കുനേർ കണ്ട്, നിത്യം അതിനെ അതിജീവിക്കുന്ന കർഷകരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, ജീവിതത്തിൽ മുന്നോട്ട് പോവട്ടെ ചൈനീസ് യുവത്വം എന്നുകരുതിയാണ് അന്ന് മാവോ അങ്ങനെ പറഞ്ഞത്. അന്ന് ആ വിളി കേട്ട്, നഗരത്തിലെ സുഖലോലുപമായ ജീവിതം വെടിഞ്ഞ് ഗ്രാമത്തിലേക്ക് പോയവരിൽ ഷിയും ഉൾപ്പെടും. താൻ ഇന്ന് എത്തിപ്പിടിച്ചിരിക്കുന്ന സ്ഥാനമാനങ്ങൾക്ക് ഷി ജിൻ പിങ്ങ് നന്ദി പറയുന്നത് അന്ന്  ഗ്രാമത്തിലെ ഗുഹകളിലും, പാടങ്ങളിലുമായി കഴിച്ചുകൂട്ടിയ കഷ്ടപ്പാടുകളുടെ ദിനങ്ങളോടാണ്. 

ഷി ജിൻ പിങ്ങ് ഇന്നും പറയാറുണ്ട്, "ഞാൻ ഈ മഞ്ഞമണ്ണിന്റെ സന്താനമാണ്. എന്റെ ഹൃദയം ഞാൻ ലിയാങ്ങ് ജിയാവോയിൽ ഇട്ടിട്ടു പോന്നിരിക്കുകയാണ്. ഞാൻ അവിടത്തെയാണ്. അവിടമാണെന്റെ നാട്..." 

"ഞാൻ ലിയാങ്ങ് ജിയാവോയിൽ എത്തുമ്പോൾ എനിക്ക് വെറും പതിനഞ്ചു വയസ്സാണ്. ആകെ അങ്കലാപ്പായിരുന്നു മനസ്സിൽ. എനിക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. അന്ന് കൃഷി ഇന്നത്തെപ്പോലെ യന്ത്രവൽകൃതമായിരുന്നില്ല വല്ലാത്ത മനുഷ്യാദ്ധ്വാനത്തിന്റെ ആവശ്യമുണ്ടായിരുന്നു എല്ലാറ്റിനും. നിലമുഴാനും, ബണ്ടുകെട്ടാനും, കൊയ്യാനും, മെതിക്കാനും എല്ലാം. ഗുഹയിലായിരുന്നു താമസം, അതിനുള്ളിൽ പാമ്പും പഴുതാരയും എല്ലാം വന്നുപോകുമായിരുന്നു. ഇഷ്ടികപ്പുറത്തായിരുന്നു കിടപ്പ്. എന്നാൽ ആ ഗ്രാമത്തിൽ കഴിച്ചുകൂട്ടിയ ഏഴുവർഷങ്ങളിൽ ഞാൻ ജീവിതമെന്തെന്ന് പഠിച്ചു. എന്റെ എല്ലാ ആശങ്കകളും ആ മണ്ണിൽ അലിഞ്ഞുചേർന്നു. എന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായതും അവിടെ വെച്ചാണ്..." അദ്ദേഹം ബിബിസിയോട് പറഞ്ഞു. ചൈനയിൽ ഇന്നും പ്രചാരത്തിലുള്ള ഒരു മിത്താണ് ഷി ജിൻ പിങ്ങിന്റെ ഗുഹാജീവിതം.

ഇന്നവിടെ ഷി ജിൻ പിങ്ങിന്റെ ബഹുമാനാർത്ഥം ഒരു മ്യൂസിയം തന്നെയുണ്ട്. അതിനുള്ളിൽ ആ ഗ്രാമത്തിനും അവിടത്തെ കൃഷിക്കാർക്കും വേണ്ടി അദ്ദേഹം പ്രവർത്തിച്ച നല്ലകാര്യങ്ങളുടെ എല്ലാം സാക്ഷ്യങ്ങളുമുണ്ട്. ഒരു ജനപ്രിയ നേതാവിന്റെ പ്രതിച്ഛായയാണ് ഷി ജിൻ പിങ്ങ് എന്നും മുന്നോട്ടു വെച്ചിട്ടുള്ളത്. ജനങ്ങളോട് ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്ന, തെരുവിൽ ഇറങ്ങി നടക്കുന്ന ഒരു നേതാവായി. 

അദ്ദേഹം ഇടക്ക് സ്‌കൂൾ കോളേജ് കുട്ടികളോട് പറയാറുണ്ട്, "വിദ്യാഭ്യാസ ജീവിതം  കുപ്പായക്കുടുക്ക് പോലെയാണ്. ആദ്യത്തെ കുടുക്ക് ശരിയായിത്തന്നെ ഇടണം. ഇല്ലെങ്കിൽ അവിടന്നങ്ങോട്ടുള്ള എല്ലാ കുടുക്കുകളും തെറ്റിപ്പോവും, നമ്മൾ ശരിയായി ഇടണം എന്ന് കരുതിയാൽപ്പോലും, ആദ്യത്തെ കുടുക്കിട്ടത് തെറ്റിപ്പോയാൽ പിന്നെ അടുത്തതൊന്നും തന്നെ ശരിക്ക് ഇടാൻ കഴിയില്ല."


എന്നാൽ ഷി ജിൻ പിങിന് സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഏറെ പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മാവോയുടെ കാലത്താണ് ഷിയുടെ അച്ഛനെ പാർട്ടി പുറത്താക്കുന്നത്. അധികം താമസിയാതെ തുറുങ്കിലടക്കുന്നത്. അതിന്റെ അപമാനങ്ങൾ പേറിയാണ് ഷി വളർന്നുവന്നത്. ചെറുപ്പത്തിൽ തന്നെ സഹോദരിയുടെആത്മാഹുതിക്കും ഷി സാക്ഷ്യം വഹിച്ചു.  പതിമൂന്നാം വയസ്സിൽ ഷി സ്‌കൂൾ പഠനം അവസാനിപ്പിച്ചു. മാവോയുടെ റെഡ് ഗാർഡ്‌സിൽ നിന്ന് ഒളിച്ചും പാത്തും ഷി ജിൻ പിങ്ങ് ഏറെക്കാലം കഴിഞ്ഞു. എന്നാൽ ഈ അനുഭവങ്ങളൊക്കെയും ഷിയെ കൂടുതൽ കരുത്തനാക്കുകയാണ് ഉണ്ടായത്. 

അനുഭാവത്തിന്മേൽ നിരവധി വട്ടം സംശയത്തിന്റ ദൃഷ്ടികൾ പതിഞ്ഞിട്ടും, പലവട്ടം അപേക്ഷ തിരസ്കരിക്കപ്പെട്ടിട്ടും ഷി ജിൻ പിങ് പിന്മാറാൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ തന്റെ ഇരുപത്തൊന്നാം വയസ്സിൽ ഷിയ്ക്ക് ചൈനീസ് കമ്യൂണിസ്റ്റുപാർട്ടി അംഗത്വം നൽകുക തന്നെ ചെയ്തു. വിപ്ലവാനന്തരം അദ്ദേഹം കടുത്ത ഒരു കമ്യൂണിസ്റ്റുകാരനായി മാറി. ഷിയുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ഒടുവിൽ ഒരിക്കൽ പറിച്ചെറിയപ്പെട്ട അദ്ദേഹത്തിന്റെ അച്ഛന്റെ അംഗത്വവും പുനഃസ്ഥാപിക്കപ്പെടുന്നതിന് കാരണമായി. എഴുപതുകളിൽ ഷി ചൈനീസ് സൈന്യത്തിൽ അംഗമായി. 40-50 വയസിൽ ഷി ജിൻ പിങ്ങ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അറിയപ്പെടുന്ന നേതാവായി മാറിക്കഴിഞ്ഞിരുന്നു. 

മാവോ സെ തൂങ്ങിന്റെ ഭരണകാലത്ത് ഏറെ വേട്ടയാടപ്പെട്ട ഒരാളാണ് ഷി ജിൻ പിങ്ങ് എങ്കിലും അദ്ദേഹവും അവനവനെ കരുതുന്നത് മാവോയുടെ പിൻഗാമി എന്ന നിലയ്ക്കാണ്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കും എന്ന് ജനങ്ങൾക്ക് വാക്കുകൊടുത്തിട്ടാണ് അദ്ദേഹം 2012-ൽ അധികാരത്തിലേറുന്നത്. അഴിമതി തുടച്ചു നീക്കും എന്ന് ഉറപ്പു നൽകിയ അദ്ദേഹം പാർട്ടിയിൽ വലിയ ചുമതകലകൾ വഹിക്കുന്നവരടക്കം പലരെയും അഴിമതിക്കുറ്റത്തിന് പിടികൂടുകയും പരസ്യമായ ശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്. 

പൗരന്മാർ തങ്ങളുടെ ഭരണകർത്താവിനെപ്പറ്റി എന്തു പറയുന്നു എന്ന കാര്യത്തിൽ തികഞ്ഞ ശ്രദ്ധയുള്ള ഒരു രാജ്യമാണ് ചൈന. ഒരക്ഷരം പോലും പ്രസിഡന്റിനെ അവമതിച്ചുകൊണ്ട് എവിടെയും പ്രത്യക്ഷപ്പെടാൻ  ചൈനീസ് സർക്കാർ അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഷി ജിൻ പിങ്ങിനെപ്പറ്റിയുള്ള എഴുത്തുകളും നിരവധി പാർട്ടി സെൻസറിംഗുകൾക്ക് ശേഷം മാത്രമാണ് മാധ്യമങ്ങളിൽ വരുന്നത്. സർക്കാരിന്റെ നിയന്ത്രണം എല്ലാ രംഗങ്ങളിലും വേണമെന്ന നിർബന്ധമുള്ളതുകൊണ്ടുതന്നെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഷി ജിൻ പിങ്ങിന് കാര്യമായ വിശ്വാസമില്ല. രാഷ്ട്രത്തിന്റെ സുരക്ഷയുടെ പേരും പറഞ്ഞ് അദ്ദേഹം നടപ്പിലാക്കുന്ന പല നടപടികളും ചില പ്രത്യേക വിഭാഗങ്ങളോടുള്ള അക്രമം എന്ന് അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. 

'മാവോ സേ തൂങ്ങിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ '

'പട്ടുനൂലിൽ പൊതിഞ്ഞ വജ്രസൂചി' എന്നാണ് ഷിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈരികൾ പോലും വിളിക്കുന്നത്. ഇപ്പോൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ആലോചിക്കുന്നത് പ്രസിഡണ്ട് പദവിയിൽ തുടരുന്നതിലുള്ള നിയന്ത്രണം എടുത്തുകളയുന്നതിനെപ്പറ്റിയാണ്. അത് നടപ്പിലായാൽ ഷി ജിൻ പിങ്ങിന് ആജീവനാന്തം തന്റെ അധികാരം നിലനിർത്താനായി എന്നുവരും. അതുകൊണ്ടുതന്നെ ഇത് ചൈനയുടെ ചരിത്രത്തിലെ നിർണായകമായ ഒരു ദശാസന്ധിയാണ്. ചൈന എന്ന രാജ്യത്തെ ലോകത്തിലെ സൂപ്പർ പവറുകളിൽ ഒന്നാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഷി ജിൻ പിങ്ങ് എന്ന കൃതഹസ്തനായ അതിന്റെ ഭരണാധികാരി. 

click me!