ഹാൻഡ്‍​ബാ​ഗിലും ചെരിപ്പിലും തോക്ക്, ജിപിഎസ് സംവിധാനമുള്ള കമ്മൽ, സ്ത്രീകൾക്ക് വേണ്ടി യുവാവ് നിർമ്മിച്ചത്

By Web TeamFirst Published Sep 12, 2022, 11:09 AM IST
Highlights

ഓരോ ദിവസവും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളാണ് തന്നെ ഇങ്ങനെ ചില കണ്ടെത്തലുകൾ നടത്താൻ പ്രേരിപ്പിച്ചത് എന്ന് ചൗരസ്യ മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ തവണ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുമ്പോഴും സ്ത്രീകളുടെ പേടിയും വർധിച്ച് വരികയാണ്. വൈകുന്നേരം ഏഴ് മണിക്ക് ശേഷം തനിയെ തെരുവിലൂടെ നടക്കുന്നതായാലും പകൽ നേരങ്ങളിൽ ഏതെങ്കിലും തിരക്കുള്ള ബസിൽ കയറുന്നതായാലും സ്ത്രീകൾക്ക് ഒരുപോലെ പേടിയാണ് മിക്കപ്പോഴും. ഏതായാലും ഇത്തരം സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധി എന്ന നിലയിൽ ഒരാൾ ചില കണ്ടുപിടിത്തങ്ങളൊക്കെ നടത്തിയിരിക്കയാണ്.

ഉത്തർ പ്രദേശിൽ നിന്നുള്ള ശ്യാം ചൗരസ്യ എന്ന ആളാണ് സ്ത്രീകൾക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധ കിറ്റ് നിർമ്മിച്ചിരിക്കുന്നത്. ഈ കിറ്റിൽ ഒരു പേഴ്സ്, സാൻഡൽസ്, കമ്മൽ എന്നിവയാണ് ഉള്ളത്. ഇവയുണ്ട് എങ്കിൽ അതിക്രമങ്ങൾ ഉണ്ടാകുന്ന സമയം സ്ത്രീകൾക്ക് പെട്ടെന്ന് സ്വയം പ്രതിരോധിക്കാൻ കഴിയും എന്നാണ് പറയുന്നത്. 

ചൗരസ്യ ഡിസൈൻ ചെയ്തിരിക്കുന്ന പേഴ്സിന് 'സ്മാർട്ട് പേഴ്സ് ​ഗൺ' എന്നാണ് വിളിക്കുന്നത്. ഇത് കാണാൻ ഒരു സാധാരണ തോക്ക് പോലെയാണ്. ഹാൻഡ്‌ബാഗിലെ ഒരു ചെറിയ ചുവന്ന ബട്ടൺ വെടിയുതിർക്കാൻ ഉപയോ​ഗിക്കുന്നു. ചുറ്റുമുള്ള മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ വെടിയൊച്ച നിങ്ങളെ സഹായിക്കും. എന്നാൽ, വെടിയേൽക്കാൻ ബുള്ളറ്റോ ഒന്നും ഇതിനകത്തില്ല. 

സാൻഡൽസും ഏകദേശം ഇതുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഹാൻഡ് ബാ​ഗിനേക്കാളുപരിയായി അതിൽ ബ്ലൂടൂത്ത് സൗകര്യം കൂടിയുണ്ട്. കമ്മലുകളെ സംബന്ധിച്ചിടത്തോളം, എമർജൻസി കോൾ ഫീച്ചറിനൊപ്പം ജിപിഎസ് ട്രാക്കിംഗ് സംവിധാനവുമുണ്ട്. 

ഓരോ ദിവസവും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളാണ് തന്നെ ഇങ്ങനെ ചില കണ്ടെത്തലുകൾ നടത്താൻ പ്രേരിപ്പിച്ചത് എന്ന് ചൗരസ്യ മാധ്യമങ്ങളോട് പറഞ്ഞു. ഉപകരണങ്ങൾ ഇപ്പോഴും വികസിപ്പിച്ച് കൊണ്ടിരിക്കുന്നതേ ഉള്ളൂ. 2497 രൂപയാണ് കിറ്റിന് വില. ഈ ഉപകരണങ്ങൾ ചാർജ്ജ് ചെയ്താൽ രണ്ടാഴ്ച മുഴുവനും ഉപയോ​ഗിക്കാം. അബ്ദുൾ കലാം സർവകലാശാലയുടെ (എകെടിയു) ഇന്നൊവേഷൻ ഹബ് ആണ് ചൗരസ്യയെ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കാൻ സഹായിക്കുന്നത്.

click me!