102 -കാരൻ മരിച്ചു എന്ന് സർക്കാർ, ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഘോഷയാത്ര നടത്തി വൃദ്ധൻ

By Web TeamFirst Published Sep 12, 2022, 8:51 AM IST
Highlights

മാർച്ച് രണ്ടിനാണ് അവസാനമായി അദ്ദേഹം തന്റെ വാർധക്യ പെൻഷനായി 2500 രൂപ കൈപ്പറ്റിയത്. ഏപ്രിൽ 15 -ന് എല്ലാ സർക്കാർ പേപ്പറുകളിലും അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 

ആറ് മാസമായി ഹരിയാന സർക്കാരിന്റെ എല്ലാ രേഖകളിലും 102 വയസായ ദുലി ചന്ദ് മരണപ്പെട്ട ആളാണ്. അതോടെ അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്ന പെൻഷനും നിന്നു. എല്ലാ സർക്കാർ രേഖകളിലും അദ്ദേഹം മരിച്ചതായി രേഖപ്പെടുത്തി. ആ സമയം മുതൽ അദ്ദേഹം താൻ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ സകല സ്ഥലത്തും ഓടി നടക്കുകയാണ്. എന്നാൽ അധികാരികളാരും അദ്ദേഹത്തെ കേൾക്കാൻ തയ്യാറായില്ല. അങ്ങനെ താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ വ്യാഴാഴ്ച റോഹ്തക്കിലെ തെരുവുകളിൽ അദ്ദേഹം ഒരു ഘോഷയാത്ര തന്നെ നടത്തി.

ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഗാന്ധ്ര ഗ്രാമത്തിലെ ഒരു കർഷകനാണ് ദുലി ചന്ദ്. അദ്ദേഹം 1920 -ലാണ് ജനിച്ചത്. അദ്ദേഹത്തിന് ഗ്രാമത്തിൽ ഇപ്പോൾ ഒരു ഏക്കർ ഭൂമിയുണ്ട്, ആറ് ആൺമക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഉൾപ്പെടെ എഴുപത് അംഗങ്ങളുള്ള കുടുംബമുണ്ട്. ഏകദേശം പതിനഞ്ച് വർഷം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിക്കുന്നത്. 

മാർച്ച് രണ്ടിനാണ് അവസാനമായി അദ്ദേഹം തന്റെ വാർധക്യ പെൻഷനായി 2500 രൂപ കൈപ്പറ്റിയത്. ഏപ്രിൽ 15 -ന് എല്ലാ സർക്കാർ പേപ്പറുകളിലും അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. 

"അവിടം മുതലിങ്ങോട്ട് ഒരു സർക്കാർ ഓഫീസിൽ നിന്നും മറ്റൊന്നിലേക്കായി ഞാൻ ഓടി നടക്കുകയാണ്, ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ. എന്റെ കയ്യിൽ എല്ലാ രേഖകളും ഉണ്ട്. പക്ഷെ, എന്തുകൊണ്ടാണ് എനിക്ക് പെൻഷൻ കിട്ടാത്തത് എന്ന് മനസിലാകുന്നില്ല. ഇപ്പോൾ ഇങ്ങനെ ഒരു യാത്ര നടത്താൻ കാരണം സർക്കാരിനെ ബോധ്യപ്പെടുത്താൻ മറ്റൊരു മാർ​ഗവും എന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ടാണ്" എന്ന് ദുലി ചന്ദ് പറയുന്നു. 

അങ്ങനെ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ ഒടുവിൽ അദ്ദേഹം വിവാഹഘോഷയാത്ര പോലെ ഒരു ഘോഷയാത്ര തന്നെ നടത്തി. അലങ്കരിച്ച വാഹനത്തിൽ കൂളിം​ഗ് ​ഗ്ലാസ് ഒക്കെയായിട്ടാണ് അദ്ദേഹം യാത്ര ചെയ്തത്. അതിൽ താൻ ജീവിച്ചിരിപ്പുണ്ട് എന്ന് എഴുതിയ ബോർഡും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി കുറച്ച് പേരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

ദുലി ചന്ദിനെ പോലെ നിരവധി പേർക്ക് ഇതുപോലെ വാർധക്യ പെൻഷൻ മുടങ്ങിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ദുലി ചന്ദിന്റെ പ്രശ്നം ശ്രദ്ധ നേടിയതോടെ സാമൂഹിക പ്രവർത്തകരടക്കം ഇക്കാര്യത്തിൽ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. 

click me!