218 രോഗികളെ കൊന്ന ഡോക്ടര്‍, ഭര്‍ത്താക്കന്‍മാരെ കൊന്നുതള്ളിയ യുവതി!

By Web TeamFirst Published Sep 26, 2022, 6:15 PM IST
Highlights

ചരിത്രത്തിലെ അതിഭീകരന്മാരായ  രണ്ട് കൊലയാളികളുടെ കഥ

മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ തുടങ്ങിയതാണ് കലഹവും കൊലപാതകവും ഒക്കെ. അത് ഇന്നും തുടരുന്നു.ചില മനുഷ്യരെ സാഹചര്യങ്ങളാണ് കൊലയാളികള്‍ ആക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ ഭ്രാന്തമായ ആവേശത്തോടെ കണ്‍മുമ്പില്‍ വരുന്ന ജീവനുകളെ കൊന്നൊടുക്കാറുണ്ട്. അവര്‍ക്ക് അതൊരു അഭിനിവേശമാണ്. അത്തരത്തില്‍ ഭ്രാന്തമായ ഉന്മാദത്തോടെ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തിവന്ന ചരിത്രത്തിലെ രണ്ട് കുപ്രസിദ്ധ കൊലയാളികളെ പരിചയപ്പെടാം. 

 

 

 218 രോഗികളെ കൊലപ്പെടുത്തിയ മരണത്തിന്റെ ഡോക്ടര്‍

ചരിത്രത്തിലെ ഏറ്റവും മാരകമായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളാണ് 218 രോഗികളെ കൊന്ന മരണത്തിന്റെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഹരോള്‍ഡ് ഷിപ്പ്മാന്‍. ഇയാള്‍ ബ്രിട്ടനിലെ ഒരു ജനപ്രിയ ഡോക്ടറായിരുന്നു. 218 രോഗികളെ ഇയാള്‍ കൊലപ്പെടുത്തി എന്നാണ് കേസ്. 

ഹരോള്‍ഡ് ഷിപ്പ്മാന്‍ 1972-ലാണ് തന്റെ കൊലപാതക പരമ്പര ആരംഭിച്ചത്, തന്റെ ആദ്യ പരിശീലന കാലയളവില്‍ ജോലി ചെയ്യുന്നതിനിടയില്‍ കുറഞ്ഞത് 71 രോഗികളെയെങ്കിലും അദ്ദേഹം കൊന്നതായി വിശ്വസിക്കപ്പെടുന്നു, രണ്ടാമത്തെ പരിശീലനത്തില്‍ അതിന്റെ എണ്ണം ഇരട്ടിയായി.

ഒടുവില്‍, 1998-ല്‍, ഷിപ്പ്മാന്‍ ചികിത്സിച്ചിരുന്ന നിരവധി രോഗികള്‍  ഒരുപോലെ മരണപ്പെടുന്നത് മറ്റൊരു ഡോക്ടര്‍ ശ്രദ്ധിച്ചു.  മരിച്ച രോഗികളില്‍ തന്നെ ശ്രദ്ധേയമായ സമാനതകളും അവര്‍ ശ്രദ്ധിച്ചു;  കൂടുതലും പ്രായമായ സ്ത്രീകളായിരുന്നു, അവര്‍ പൂര്‍ണ്ണമായി വസ്ത്രം ധരിച്ച് ഇരിക്കുന്നവരായിരുന്നു. ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെപ്പോലെ കിടക്കുക ആയിരുന്നില്ല അവര്‍. ഈ സൂചനകള്‍ ഉണ്ടായിരുന്നിട്ടും കേസിന്റെ പ്രാഥമിക അന്വേഷണം വളരെ മോശമായാണ് കൈകാര്യം ചെയ്യപ്പെട്ടത്. ഇത് ഷിപ്പ് മാന് വീണ്ടും മൂന്നു പേരെ കൂടി കൊല്ലാനുള്ള അവസരം ഒരുക്കി.

ഒടുവില്‍ ആ വര്‍ഷം അവസാനം ഷിപ്പ്മാന്റെ ഭാഗ്യം തീര്‍ന്നു. കാത്ലീന്‍ ഗ്രണ്ടി എന്നൊരു അഭിഭാഷകയായിരുന്നു അയാളുടെ അവസാനത്തെ ഇര. ഇയാള്‍ അഭിഭാഷകയെ കൊല്ലുക മാത്രമല്ല ചെയ്തത്. ഒപ്പം അഭിഭാഷകയുടെ ഏക അവകാശിയായി ഡോക്ടര്‍ തന്റെ പേര് വെച്ചുകൊണ്ട് ഒരു വ്യാജ വില്‍പത്രവും നിര്‍മ്മിച്ചു. ഇത് ഇയാള്‍ക്കെതിരെയുള്ള സംശയം വര്‍ദ്ധിപ്പിച്ചു. കൂടാതെ അവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാരകമായ ഉയര്‍ന്ന അളവിലുള്ള ഡയമോര്‍ഫിന്‍ കണ്ടെത്തി. താന്‍ നടത്തിയ ഭൂരിഭാഗം കൊലപാതകങ്ങള്‍ക്കും അയാള്‍ ഉപയോഗിച്ചത് ഡയമോര്‍ഫിന്‍ ആയിരുന്നു. അങ്ങനെ പ്രാഥമിക അന്വേഷണത്തില്‍ 15 കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു.

അറസ്റ്റിലായ ഇയാളില്‍ നിന്നും കേട്ട് വിവരങ്ങള്‍ പോലീസുകാരില്‍ പോലും ഭീതി ഉണ്ടാക്കി. 250-ലധികം ആളുകളെയാണ് ഇയാള്‍ നിഷ്‌ക്കരണം കൊന്നു തള്ളിയത് . ഈ കൊലപാതകങ്ങളില്‍ 218 കൊലപാതകങ്ങള്‍ ചെയ്തത് ഷിമാനാണ് എന്ന തെളിയിക്കുന്ന തെളിവുകള്‍ പോലീസിന് കിട്ടി. തുടര്‍ന്ന് രണ്ടായിരത്തില്‍ ഇയാളെ പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പക്ഷേ 2004 -ല്‍ സ്വന്തം തടവറയില്‍ ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

 

കൊലപ്പെടുത്താന്‍ വേണ്ടി മാത്രം വിവാഹം കഴിക്കുന്നവള്‍


'ലേഡി ബ്ലൂബേര്‍ഡ്' എന്നറിയപ്പെടുന്ന ഈ സ്ത്രീയുടെ യഥാര്‍ത്ഥ പേര് ബെല്ലെ ഗണ്ണസ് എന്നായിരുന്നു്  1881-ല്‍ നോര്‍വേയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറി, ചിക്കാഗോയില്‍ സ്ഥിരതാമസമാക്കി. അവിടെവെച്ച്  ഒരു നോര്‍വീജിയന്‍ കുടിയേറ്റക്കാരനെ വിവാഹം കഴിച്ചു. അവര്‍ക്ക് നാല് കുട്ടികളുണ്ടായിരുന്നു. (അവരില്‍ രണ്ട് പേര്‍ ചെറുപ്പത്തില്‍ മരിച്ചു).  പിന്നീട് ഒരു മിഠായിക്കട നടത്തി.  1900-ഓടെ ആ കട ദുരൂഹമായി കത്തിനശിച്ചു, അധികം വൈകാതെ ഗണ്ണസിന്റെ ഭര്‍ത്താവ് മരിച്ചു.  രണ്ടും സംശയാസ്പദമായ സാഹചര്യത്തിലാണ് സംഭവിച്ചതെങ്കിലും, ഇന്ത്യാനയിലെ ലാ പോര്‍ട്ടില്‍ ഒരു ഫാം വാങ്ങാന്‍ കഴിയുംവിധം ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസി പേഔട്ടുകള്‍ ശേഖരിക്കാന്‍ ഗണ്ണസിന് കഴിഞ്ഞു.

അവള്‍ പെട്ടെന്നുതന്നെ പുനര്‍വിവാഹം കഴിച്ചു, വെറും എട്ടുമാസത്തിനുശേഷം അവളുടെ രണ്ടാമത്തെ ഭര്‍ത്താവ് മരിച്ചു.  എന്നാല്‍ സംശയാസ്പദമായതൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല  രണ്ടാം ഭര്‍ത്താവിന്റെ ഇന്‍ഷുറനസ് തുകയും അവള്‍ക്ക് ലഭിച്ചു. 

ഇതിനുശേഷം, മൂന്നാമതൊരു ഭര്‍ത്താവിനെ തേടി അവള്‍ പത്രപരസ്യം നല്‍കാന്‍ തുടങ്ങി, സാധ്യതയുള്ളവര്‍ തന്റെ ഇന്ത്യാന ഫാം സന്ദര്‍ശിക്കണമെന്നായിരുന്നു നിബന്ധന. നിരവധി പേര്‍ അവിടെ എത്തി. പക്ഷേ അവരില്‍ പലരും എന്നെന്നേക്കുമായി അപ്രത്യക്ഷരായി.

ബെല്ലെ ഗണ്ണസ് എത്ര പേരെ കൊന്നുവെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല, പക്ഷേ ഒടുവില്‍ അവള്‍ക്ക് തന്നെ ദാരുണമായ അന്ത്യം നേരിട്ടു. 1908 ഫെബ്രുവരിയില്‍ ഒരു തീപ്പിടിത്തത്തില്‍  അവളുടെ ഫാം ഹൗസ് പൂര്‍ണ്ണമായും കത്തി നശിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഗണ്ണസിന്റെ  കുട്ടികളുടെ മൃതദേഹങ്ങളും ഒരു സ്ത്രീയുടെ ശിരച്‌ഛേദം ചെയ്യപ്പെട്ട മൃതദേഹവും ഉണ്ടായിരുന്നു.

അവശിഷ്ടങ്ങള്‍ ഗണ്ണസ്സിന്റെത് ആണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. കാണാതായ അവളുടെ തലയ്ക്കായുള്ള തിരച്ചിലില്‍ പോലീസ് കണ്ടെത്തിയത് കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ഡസനോളം മൃതദേഹങ്ങളാണ്. എന്നാല്‍ ബെല്ലയുടെ തല മാത്രം പോലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. അവിടെ എന്താണ് സംഭവിച്ചത് എന്നത് ഇന്നും ദുരൂഹമായി തന്നെ തുടരുന്നു.
 


 

click me!