'ഹാരി പോട്ടർ ആൻഡ് ഫിലോസഫേഴ്സ് സ്റ്റോൺ' ആദ്യ പതിപ്പ് 30 ലക്ഷത്തിന് വിൽപനയ്ക്ക്, ഉടമയുടെ പേരും ഹാരി പോട്ടർ!

By Web TeamFirst Published Sep 22, 2021, 12:24 PM IST
Highlights

"എന്നാൽ ഈ പേരിന് അതിന്റെ ഗുണങ്ങളുമുണ്ട്. ആദ്യത്തെ പോട്ടർ ഫിലിം റിലീസ് ചെയ്യുമ്പോൾ എനിക്ക് 12 വയസ്സായിരുന്നു. എന്നെ കുടുംബസമേതം ബിഗ് ബ്രേക്ക്ഫാസ്റ്റ് ടിവി ഷോയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. ഗ്വെൻ സ്റ്റെഫാനി, ബെൻ സ്റ്റില്ലർ എന്നിവരുൾപ്പെടെ നിരവധി താരങ്ങളെ ഞാൻ അവിടെ കണ്ടുമുട്ടി" അദ്ദേഹം കൂട്ടിച്ചേർത്തു.  

ഹാരി പോട്ടറിന്റെ അപൂർവമായ ആദ്യ പതിപ്പായ 'ഹാരി പോട്ടർ ആൻഡ് ഫിലോസഫേഴ്സ് സ്റ്റോൺ' (Harry Potter and the Philosopher's Stone) ഓൺലൈനിൽ ലേലത്തിന് വച്ചിരിക്കുന്നത് 30 ലക്ഷത്തിന്. പുസ്തകം ലേലത്തിന് വച്ചിരിക്കുന്ന വ്യക്തിയുടെ പേരും ഹാരി പോട്ടർ (Harry Potter ) എന്നാണ്. പോട്ടറിന് എട്ട് വയസ്സുള്ളപ്പോഴാണ് പിതാവ് പുസ്തകം സമ്മാനിച്ചത്. എന്നാൽ ആ 33 -കാരൻ പിന്നീടാണ് തന്റെ കൈയിലുള്ള പുസ്തകം വളരെ മൂല്യവത്തായ ആദ്യ പതിപ്പാണെന്ന് കണ്ടെത്തിയത്.  

ഇംഗ്ലണ്ടിലെ ഹാംഷെയറിലെ വാട്ടർലൂവിലാണ് പോട്ടർ താമസിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് മരിക്കുന്നതിന് മുൻപ് തന്റെ ചിതാഭസ്മം ആഫ്രിക്കയിൽ കളയണമെന്നൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് നിറവേറ്റാൻ ആവശ്യമായ പണത്തിന് വേണ്ടിയാണ് പുസ്തകത്തിന്റെ അപൂർവ പതിപ്പ് പോട്ടർ ഇപ്പോൾ വിൽക്കാൻ വച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഹാർഡ്ബാക്ക് പകർപ്പ് ഒക്ടോബർ 7 -ന് ഡെർബിഷെയറിലെ ഹാൻസൻസ്‌ ഓക്ഷനേർസ് ഓഫ് ഏറ്റ്വാൾ ( Hansons Auctioneers of Etwall) വിൽക്കും.

ഹാരി പോട്ടർ ആൻഡ് ഫിലോസഫേഴ്സ് സ്റ്റോണിന്റെ ആദ്യ 500 ഓളം പ്രിന്റ് കോപ്പികളിൽ ഒന്നാണ് ഈ പുസ്തകം. 200 കോപ്പികൾ മാത്രമാണ് ബുക്ക് ഷോപ്പുകളിലേക്ക് അയച്ചത്, ബാക്കി ലൈബ്രറികൾക്കും സ്കൂളുകൾക്കും അയച്ചു. പുസ്തക പരമ്പരയുടെ അങ്ങേയറ്റത്തെ ജനപ്രീതി കാരണം, തന്റെ പേര് ഹാരി പോട്ടറാണെന്ന് ആളുകൾ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. താൻ കള്ളം പറയുകയാണെന്ന് ആളുകൾ കരുതി. ഇപ്പോഴും ആളുകൾ ഞാൻ പറയുന്നത് വിശ്വസിക്കുന്നില്ല. ഞാൻ ഒരു യുവ ഫുട്ബോൾ കളിക്കാരനായിരുന്ന സമയത്ത്, എന്റെ പേര് ഹാരി പോട്ടർ എന്ന് പറഞ്ഞതിന് ഒരു റഫറി എന്നെ ചുവപ്പ് കാർഡ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി" പോട്ടർ പറഞ്ഞതായി ഡെയ്ലി സ്റ്റാർ പറഞ്ഞു.

അദ്ദേഹം തുടർന്നു, "ഗ്രീസിൽ ഒരവധിക്കാലത്താണ് ഞാൻ എന്റെ ഭാര്യ ഫിലിപ്പയെ ആദ്യമായി കാണുന്നത്. എന്റെ പേര് കേട്ടപ്പോൾ അവൾക്കും ആദ്യം വിശ്വാസമായില്ല. ഞാൻ ചുമ്മാ പറയുകയാണ് എന്നാണ് ആളുകളുടെ വിചാരം."  "എന്നാൽ ഈ പേരിന് അതിന്റെ ഗുണങ്ങളുമുണ്ട്. ആദ്യത്തെ പോട്ടർ ഫിലിം റിലീസ് ചെയ്യുമ്പോൾ എനിക്ക് 12 വയസ്സായിരുന്നു. എന്നെ കുടുംബസമേതം ബിഗ് ബ്രേക്ക്ഫാസ്റ്റ് ടിവി ഷോയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. ഗ്വെൻ സ്റ്റെഫാനി, ബെൻ സ്റ്റില്ലർ എന്നിവരുൾപ്പെടെ നിരവധി താരങ്ങളെ ഞാൻ അവിടെ കണ്ടുമുട്ടി" അദ്ദേഹം കൂട്ടിച്ചേർത്തു.  തന്റെ പേര് കേട്ടാൽ പലരും തമാശ കേൾക്കുന്ന മട്ടിൽ ചിരിക്കുമെന്നും അദ്ദേഹം പറയുന്നു. പുസ്തകം വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം തന്റെ സഹോദരി കേറ്റിയുമായി പങ്കിടാൻ പോട്ടർ പദ്ധതിയിടുന്നു.

പുസ്തകം ആദ്യമായി വാങ്ങിക്കൊണ്ടുവന്നപ്പോൾ അച്ഛന്റെ മുഖത്തുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് കേറ്റി പറയുന്നു. പോട്ടറിന്റെ പേരുള്ള ആ പുസ്തകം വീട്ടുകാർക്കെല്ലാം ഒരു അത്ഭുതമായിരുന്നു. കഥയിലെ മാന്ത്രികത തങ്ങളെ വീണ്ടും വീണ്ടും ആ പുസ്തകം വായിക്കാൻ പ്രേരിപ്പിച്ചെന്ന് അവർ പറഞ്ഞു. അവരുടെ പിതാവ് ഡേവിഡ് ജെയിംസ് പോട്ടർ, 71 -ാം വയസ്സിൽ അർബുദം ബാധിച്ചത്തിനെ തുടർന്ന് 2017 ഒക്ടോബറിൽ അന്തരിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് പുസ്തകം ആദ്യ പതിപ്പിന്റെ പകർപ്പാണെന്ന് അവർ മനസ്സിലാക്കിയത്.

click me!