ഭയക്കണം, തെരുവുകളില്‍ ഉയരുന്നത് കൊലവിളികളാണ്, കേരള രാഷ്ട്രീയം മാറുന്നതെങ്ങോട്ട്?

Published : Jun 20, 2022, 01:15 PM IST
ഭയക്കണം, തെരുവുകളില്‍ ഉയരുന്നത് കൊലവിളികളാണ്,  കേരള രാഷ്ട്രീയം മാറുന്നതെങ്ങോട്ട്?

Synopsis

കൊലവിളി മുദ്രാവാക്യങ്ങള്‍ സമാധാനാന്തരീക്ഷത്തില്‍ പാകുന്ന പകയുടെ വിഷവിത്തുകളാണ്.  അവയ്ക്ക് വളവും വെള്ളവും നല്‍കാന്‍ രാഷ്രീയനേതൃത്വം തയ്യാറാകരുത്. അതിലാരും ആവേശവും കാണരുത്. വൈകാരികതയ്ക്കും എത്രയോ അപ്പുറത്താണ് വിവേകപൂര്‍ണമായ രാഷ്ട്രീയം-കെ. സി. ബിപിന്‍ എഴുതുന്നു

ഏതെങ്കിലും കക്ഷിയില്‍ ഒതുങ്ങുന്നതല്ല ഈ കൊലവിളി. ആള്‍ബലമുണ്ടെങ്കില്‍ ആരും വിളിക്കും. അവലും മലരും കുന്തിരിക്കവും കരുതിവയ്ക്കാന്‍ മുദ്രാവാക്യം വിളിച്ചവനെ തോളിലേറ്റിയാണ് നടന്നത്. പ്രായപൂര്‍ത്തിയാവാത്തൊരു പയ്യന്‍ വരെ വാള്‍ത്തലപ്പിന്റെ മൂര്‍ച്ച കൂട്ടുന്ന രാഷ്ട്രീയന്തരീക്ഷം ആര്‍ക്കാണ് ഭൂഷണം?

 

 

''ഇല്ല, ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ,
ഞങ്ങളിലൊഴുകും ചോരയിലൂടെ..''

പദാനുപദം എന്തൊരു വൈകാരികവും സ്‌നേഹസമ്പന്നവുമാണ് മുഷ്ടിചുരുട്ടി, തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള ആ വിളികള്‍. മരിച്ചവര്‍ എഴുന്നേറ്റുവന്ന് സലാം പറയുമെന്ന് തോന്നിപ്പിക്കുന്ന എത്രയെത്ര മുഹൂര്‍ത്ത ങ്ങളിലൂടെയാണ് കേരളരാഷ്ട്രീയത്തില്‍ ഈ മുദ്രാവാക്യം കടന്നുപോയത്. ''ചോരതരാം നീരുതീരാ''മെന്ന് ഉള്ളറിഞ്ഞു വിളിച്ചവരുടെ നാടാണ് ഇന്നലകളില്‍ കേരളം. ''ലക്ഷം ലക്ഷം പിന്നാലെ''യെന്ന് വിളിച്ചുകേള്‍പ്പിച്ച് അവനവന്റെ നേതാവിനാത്മവിശ്വാസം പകര്‍ന്ന അണികളുടെ നാട്. അവിടെയാണിപ്പോള്‍, ഈ തെരുവില്‍ എതിരാളികള്‍ക്കെതിരായ കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്...

''നിങ്ങളറിഞ്ഞോ നാട്ടാരേ...'' എന്ന് തുടങ്ങുന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങാത്ത തെരുവുകളുണ്ടാവില്ല. അതൊരറിയിപ്പിന്റെ  പെരുമ്പറയായിരുന്നു. നട്ടുച്ചകളില്‍, സന്ധ്യകളില്‍, പാതിരാത്രികളില്‍... വേദനകള്‍ പങ്കുവച്ച്, പ്രതിഷേധം അറിയിച്ചുള്ള വൈകാരിക ജാഥകള്‍. ഓരോ വരികളില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ ശേഖരങ്ങളുമായി അങ്ങാടികളില്‍നിന്ന് വീടുപറ്റുന്നവരുടെ നാടായിരുന്നു കേരളം. ഇന്നിപ്പോള്‍ ആര് കേള്‍ക്കാന്‍?

സോളാര്‍കേസ് കത്തിനിന്ന കാലത്താണ് കേരളം അവസാനമായി ശക്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കേട്ടത്. ഇന്നിപ്പോള്‍ സ്വര്‍ണക്കള്ളക്കടത്തിന്റെ പേരിലും. സോളാറില്‍ നിന്ന് സ്വര്‍ണത്തിലേക്ക് എത്തുമ്പോഴേക്കും മുദ്രാവാക്യങ്ങളുടെ മുഖംതന്നെ പക്ഷേ മാറിയിട്ടുണ്ട്. കോഴിക്കോട് തിക്കോടിയില്‍ ഇക്കഴിഞ്ഞ ദിവസംകേട്ട മുദ്രാവാക്യം അതിന്റെ മികച്ച ഉദാഹരണമാണ്. രാഷ്ട്രീയ ധിക്കാരത്തിന്റെ പാര്‍ട്ടികൊടിയാണ് ഇരുട്ടിലൂടെ ഒരു സംഘം പറത്തിനടന്നത്...

''ഓര്‍മ്മയില്ലേ ശുഹൈബിനെ, ഓര്‍മ്മയില്ലേ ശരത് ലാലിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ....വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍, ചത്തുമലര്‍ന്നത് ഓര്‍മ്മയില്ലേ, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചോ...പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏത് പൊന്ന് മോനായാലും, വീട്ടില്‍ കയറി കൊത്തിക്കീറും..ചാവാന്‍ ഞങ്ങള്‍ തയ്യാറായാല്‍, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല...ഓര്‍ത്തോ ഓര്‍ത്തോ  ഓര്‍ത്തു കളിച്ചോ, സിപിഐഎം സിന്ദാബാദ്....''

കൊല്ലുമെന്ന ഭീഷണി മാത്രമല്ല. മുന്‍പ് മൂന്നുപേരെ കൊന്നതും ഞങ്ങളാണെന്ന തുറന്നു പറച്ചിലുമുണ്ട് ഈ മുദ്രാവാക്യത്തില്‍. സംഘബലവും അധികാര രാഷ്ട്രീയവും നല്‍കുന്ന ഹുങ്കില്‍ നിന്നാണ് ഈ ഭീഷണി. പരാതികളിലെ നിര്‍ബന്ധങ്ങളില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് എടുക്കുന്ന കേസോടെ കൊലവിളി മുദ്രാവാക്യ വാര്‍ത്തകള്‍ അവസാനിക്കും. പക്ഷേ ഇത്തരം മുദ്രാവാക്യങ്ങള്‍ ബാക്കിവയ്ക്കുന്ന ഭീതി നാളെകളിലേക്ക് കൂടി നീളുന്നതാണ്. അങ്ങനെയാണ് സമാധാനാന്തരീക്ഷത്തിലെ അജൈവമാലിന്യങ്ങളായി കൊലവിളി മുദ്രാവാക്യങ്ങള്‍ മാറുന്നത്.

 

 

ശരാശരിക്കാര്‍ നേതൃനിരയിലുള്ള നാട്ടിലെല്ലാം അടിക്ക് തിരിച്ചടിയാണ് സാമാന്യരാഷ്ട്രീയം. ''കണ്ണിന് കണ്ണ്, പല്ലിന് പല്ല്'' എന്നാണല്ലോ അവരുടെ നയം. ''വെട്ടിനുറുക്കി, ഐയ്യാറെട്ടിന് വളമാക്കു''മെന്ന് മുന്‍പും കേരളം കേട്ടിട്ടുണ്ട്. തല്ലും കൊല്ലും എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ പുത്തരിയല്ല, പക്ഷേ അന്നൊന്നും തോന്നാത്തൊരു ഭീതി ഇന്ന് വരുന്നതിനുമുണ്ട് കാരണങ്ങള്‍. ''തെങ്ങിന്‍ പൂക്കുലപോലെ തലയടിച്ചു തകര്‍ക്കു''മെന്ന് താളത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ അത് പ്രവര്‍ത്തിയിലും കാട്ടിയിട്ടുള്ള നാടുമാണല്ലോ കേരളം. കണ്ണൂക്കരയില്‍ പറഞ്ഞു, വള്ളിക്കാട്ട് പ്രവര്‍ത്തിച്ചു. വെട്ടിയും വെടിവെച്ചും കുത്തിയും കൊന്നതിന് ശേഷം ''വണ്‍, ടൂ, ത്രീ...'' കഥ പറഞ്ഞവരുണ്ടിവിടെ. 

ഏതെങ്കിലും കക്ഷിയില്‍ ഒതുങ്ങുന്നതല്ല ഈ കൊലവിളി. ആള്‍ബലമുണ്ടെങ്കില്‍ ആരും വിളിക്കും. അവലും മലരും കുന്തിരിക്കവും കരുതിവയ്ക്കാന്‍ മുദ്രാവാക്യം വിളിച്ചവനെ തോളിലേറ്റിയാണ് നടന്നത്. പ്രായപൂര്‍ത്തിയാവാത്തൊരു പയ്യന്‍ വരെ വാള്‍ത്തലപ്പിന്റെ മൂര്‍ച്ച കൂട്ടുന്ന രാഷ്ട്രീയന്തരീക്ഷം ആര്‍ക്കാണ് ഭൂഷണം? വടക്കോട്ട് നോക്കി മാത്രം രാഷ്ട്രീയം പറയുന്നവര്‍ തെക്കോട്ട് ഇറങ്ങുന്നവരെ കാണാതെ പോകുന്നത് സാമൂഹ്യ വിപത്തിന് ആക്കം കൂട്ടലാണ്..

 

 

ഉത്തരവാദിത്ത രാഷ്ട്രീയം (Responsible Politics) എന്ന വാക്ക് കേരള രാഷ്ട്രീയത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞാണ് ആദ്യം കേട്ടത്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്ത സമ്മേളനത്തിലായിരുന്നു അതെന്നാണ് ഓര്‍മ. പിന്നെ ഇ.ടിയോ ലീഗോ ആ വാക്ക് ഉച്ചരിച്ചു കേട്ടിട്ടില്ല. അടിച്ചാല്‍ തെരുവില്‍ തിരിച്ചടിക്കാനാണ് അണികളോട് പറഞ്ഞിരിക്കുന്നതെന്ന് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് കെ മുരളീധരനാണ്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് പരസ്യമായി പറഞ്ഞശേഷം പ്രതികള്‍ക്ക് വക്കീലിനെ തരപ്പെടുത്തി നല്‍കുന്നതാണല്ലോ വര്‍ഷങ്ങളായി കേരളത്തിലെ സിപിഎം ലൈന്‍. ബിജെപിയും സമാനമായ വിധത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചുരുക്കത്തില്‍ ഒരു പൊടിക്ക് അടങ്ങാന്‍ പോലും ആരും തയ്യാറല്ല. ഇങ്ങനെ പോയാല്‍ എവിടെ എത്തുമെന്ന് ആരും ചിന്തിക്കുന്നുമില്ല.

കാലത്തിന്റെ ചുവരെഴുത്താണ് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍. കാലാതീതമായി നിലനില്‍ക്കേണ്ടതും. ആലപ്പുഴ പുളിങ്കുന്നിലെ ബോട്ട് ജെട്ടിയില്‍ നിന്നുയര്‍ന്ന പോരാട്ടത്തിന്റെ അലയടി ആറുപതിറ്റാണ്ടിനിപ്പുറവും കേരളത്തില്‍ മുഴങ്ങുന്നില്ലേ. 'തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല' എന്ന്. അത്തരം സമരപോരാട്ടങ്ങളുടെ മുദ്രകളാണ് ഇക്കാലത്ത് വിളിതെറ്റി കൊലക്കളം തീര്‍ക്കുന്നത്. കൊലവിളി മുദ്രാവാക്യങ്ങള്‍ സമാധാനാന്തരീക്ഷത്തില്‍ പാകുന്ന പകയുടെ വിഷവിത്തുകളാണ്.  അവയ്ക്ക് വളവും വെള്ളവും നല്‍കാന്‍ രാഷ്രീയനേതൃത്വം തയ്യാറാകരുത്. അതിലാരും ആവേശവും കാണരുത്. വൈകാരികതയ്ക്കും എത്രയോ അപ്പുറത്താണ് വിവേകപൂര്‍ണമായ രാഷ്ട്രീയം.

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി