
വർഷങ്ങളായി പ്രചരിച്ചു വരുന്ന കഥകളാൽ ആളുകൾ പൂർണമായും ഉപേക്ഷിച്ചു പോകുന്ന ചില സ്ഥലങ്ങൾ ലോകത്ത് എല്ലായിടത്തും കാണാം. പള്ളികളും സ്കൂളുകളും ആശുപത്രികളും വീടുകളും എന്നിങ്ങനെ എല്ലാ തരത്തിൽപ്പെട്ട സ്ഥലങ്ങളും ചില ഭയചകിതമായ കഥകളാൽ ആളുകൾ ഉപേക്ഷിക്കാറുണ്ട്. അത്തരത്തിൽ അമേരിക്കയിൽ ആളുകൾ കയറാൻ ഭയക്കുന്ന ഒരു ഹോട്ടൽ ഉണ്ട്. ടെക്‌സാസിലെ മിനറൽ വെൽസിലുള്ള 'ദി ബേക്കർ ഹോട്ടൽ ആൻഡ് സ്പാ'യാണ് ആ സ്ഥലം.
ഇവിടെ വന്ന് താമസിച്ചിട്ടുള്ള എല്ലാവർക്കും അനുഭവിക്കേണ്ടിവന്നത് ഏറെ വിചിത്രമായ കാര്യങ്ങളാണ് എന്നാണ് പറയുന്നത്. ഏതോ ഒരു അജ്ഞാത ശക്തി തങ്ങളെ കടിച്ചതായും കൈകളിലും കാലുകളിലും മറ്റും പോറലുകൾ ഏൽപ്പിച്ചതായി ഒക്കെയാണ് ഇവിടെ സന്ദർശകരായി എത്തിയവർ പറയുന്നത്. എല്ലാവർക്കും നേരിടേണ്ടി വന്നത് ഒരേ അനുഭവമാണ്. ഏതായാലും ഇപ്പോൾ ഈ സ്ഥലം ആളുകൾ കയറാൻ ഭയക്കുന്ന ഒരിടമാണ്.
ഈ ഹോട്ടലുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് ഹോട്ടലിൽ ഒരു മാന്ത്രിക വെള്ളം ഉണ്ടെന്നുള്ളതാണ്. വർഷങ്ങൾക്കു മുൻപ് ഹോട്ടലിലെ ധാതു സമ്പുഷ്ടമായ വെള്ളം പതിവായി കുടിച്ചതിനുശേഷം ഒരു സ്ത്രീയുടെ മാനസിക ആരോഗ്യം പൂർണ്ണമായും ഭേദമായെന്നും അതോടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും രോഗസൗഖ്യം തേടി നിരവധി ആളുകൾ ഇവിടെ എത്തിയിരുന്നു എന്നുമാണ് പറയപ്പെടുന്നത്. 1800 -ലാണ് ഇങ്ങനെ ഒരു സംഭവം നടന്നതായി പറയപ്പെടുന്നത്.
ഇതിനുപുറമേ പ്രചരിക്കപ്പെട്ട കഥകൾ മുഴുവൻ രണ്ട് ആത്മാക്കളുമായി ബന്ധപ്പെട്ടതാണ്. ആ ആത്മാക്കൾ ഹോട്ടൽ നിർമ്മിച്ച ടിഡി ബേക്കറിന്റേയും അയാളുടെ യജമാനത്തിയുടേതുമാണന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിന് കാരണമായി ആളുകൾ പറയുന്നത് സ്ഥിരമായി പുകവലിച്ചിരുന്ന ടിഡി ബേക്കർ താമസിച്ചിരുന്നത് പതിനൊന്നാം നിലയിലെ സ്യൂട്ട് റൂമിലായിരുന്നു. പതിനൊന്നാം നിലയിൽ മുഴുവൻ പുകയിലയുടെ ഗന്ധം ആണെന്നാണ് ആളുകൾ പറയുന്നത്.
ഇതുകൂടാതെ ബേക്കറിന്റെ യജമാനത്തി മരിക്കുന്നതിനു മുൻപ് താമസിച്ചിരുന്നത് ഏഴാം നിലയിലായിരുന്നു. ഏഴാം നിലയിൽ മുഴുവൻ ഇപ്പോഴും അവർ ഉപയോഗിച്ചിരുന്ന പെർഫ്യൂമുകളുടെ ഗന്ധം ആണെന്നാണ് ആളുകൾ പറയുന്നത്. കൂടാതെ ഇവിടെ താമസിക്കാൻ എത്തുന്നവരുടെ കാലുകളിലും കൈകളിലും ആരോ കടിക്കുകയും പിടിച്ചു വലിക്കുകയും ഒക്കെ ചെയ്യുമെന്നാണ് പ്രചരിക്കുന്ന കഥകളിൽ മറ്റൊന്ന്.
1926 -ൽ 1.2 മില്യൺ ഡോളർ ചെലവിട്ടാണ് ബേക്കർ ഹോട്ടൽ ആൻഡ് സ്പാ നിർമ്മിച്ചത്. ഹോട്ടലിന് 14 നിലകളും 450 മുറികളുമുണ്ട്, കൂടാതെ സ്പായും കുളവും ഉണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഹോട്ടൽ നിർത്തലാക്കിയെങ്കിലും ഒടുവിൽ 1962 -ൽ വീണ്ടും തുറന്നു. 1972 -ൽ ഹോട്ടൽ പ്രവർത്തനം വീണ്ടും നിർത്തി, അതിനുശേഷം അടച്ചുപൂട്ടി. ഏതായാലും ഈ കള്ളക്കഥകള്‍ക്കും ഇത്തരം വെറും വിശ്വാസങ്ങള്‍ക്കും ഒന്നും ഇപ്പോഴും ഇവിടെ കുറവില്ല.