
സമയത്തിനും ദിവസത്തിനും വർഷത്തിനുമൊക്കെ നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ നമ്മുടെ മനസ്സ് ശൂന്യമായി പോയാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ ഒരു അവസ്ഥയിലൂടെയാണ് അമേരിക്കൻ സ്വദേശിയായ ഒരു 16 വയസ്സുകാരി കടന്നു പോകുന്നത്. റൈലി ഹോർണർ എന്ന ഈ പെൺകുട്ടിക്ക് ഇപ്പോൾ എല്ലാ ദിവസവും 2019 ജൂൺ 11 ആണ്. അതിനുശേഷം സമയവും തീയതിയും കാലവും ഒന്നും കടന്നുപോയത് അവൾ അറിഞ്ഞിട്ടില്ല. ഇപ്പോൾ എല്ലാ ദിവസവും അവൾ ജീവിക്കുന്നത് 2019 ജൂൺ 11 ൽ ആണ്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടമാണ് ഈ പെൺകുട്ടിയുടെ ജീവിതത്തെ ഈ രീതിയിൽ തകിടം മറിച്ചത്.
ഫ്യൂച്ചർ ഫാംസ് ഓഫ് അമേരിക്ക സ്റ്റേറ്റ് കൺവെൻഷൻ ഹൈസ്‌കൂൾ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള മൂന്ന് ദിവസത്തെ പരിപാടിയുടെ ഭാഗമായി ഒരു സോഷ്യൽ ഡാൻസിൽ പങ്കെടുക്കുമ്പോഴാണ് എല്ലാത്തിന്റെയും തുടക്കം. പരിപാടിക്കിടയിൽ ആരോ അബദ്ധവശാൽ ഹോർണറിനെ ചവിട്ടുകയും അവർ തെറിച്ചു വീഴുകയും ചെയ്തു. തല നിലത്ത് ഇടിച്ചായിരുന്നു അവൾ വീണത്. ഉടൻതന്നെ അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു പ്രത്യേകതരം ഓർമ്മക്കുറവ് അവളിൽ കാണപ്പെട്ടു. ഓർമ്മ എങ്ങനെ എപ്പോൾ തിരിച്ചു കിട്ടും എന്നതിനെക്കുറിച്ച് ഡോക്ടർമാർക്കും കൃത്യമായി ഒന്നും പറയാൻ സാധിച്ചില്ല.
കാരണം വിവിധങ്ങളായ വിദഗ്ധ പരിശോധനകളിൽ ഡോക്ടർമാർ കണ്ടെത്തിയത് അവളുടെ തലച്ചോർ ഓരോ രണ്ടു മണിക്കൂറിലും സ്വമേധയാ പുനഃക്രമീകരിക്കുന്നതായാണ്. ഇപ്പോൾ അവളുടെ മനസ്സിൽ ഉള്ള ഒരേയൊരു ദിവസം 2019 ജൂൺ 11 ആണ്, അതിനപ്പുറമോ ഇപ്പുറമോ ഉള്ള ഒരു ദിവസവും അവളുടെ ഓർമ്മയിൽ എവിടെയുമില്ല. ഒരു പ്രവൃത്തി ചെയ്താൽ അവളുടെ ഓർമ്മയിൽ അതിന് ആയുസ്സ് വെറും രണ്ടു മണിക്കൂർ മാത്രമാണ്. അതിനപ്പുറത്തേക്ക് ഒരു നിമിഷം പോലും ആ കാര്യത്തെക്കുറിച്ച് പിന്നീട് ഒരിക്കലും ഓർത്തെടുക്കാൻ പോലും അവൾക്കാവില്ല. ഇപ്പോൾ തൻറെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി എഴുതി വച്ചാണ് ഈ പെൺകുട്ടി ജീവിക്കുന്നത്.