തലയറ്റ ഉടൽ, കയ്യിൽ കാമുകന്റെ പേരിൽ ടാറ്റൂ, ഒരു വർഷത്തിനിപ്പുറം തെളിഞ്ഞത് അതിക്രൂരമായ കൊലപാതകം

By Web TeamFirst Published Jun 3, 2020, 1:09 PM IST
Highlights

ആ അന്വേഷണത്തിനിടെ ഗ്രാമത്തിലോ, മീററ്റിലോ അല്ലാതെ, പഞ്ചാബിലെ ലുധിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു നമ്പർ മുന്നിൽ വന്നതോടെ മീററ്റ് പൊലീസിന്റെ കണ്ണ് തെളിഞ്ഞു. 

സംഭവം തുടങ്ങുന്നത് 2019 ജൂൺ 14 -നാണ്. അന്നാണ് ഉത്തർപ്രദേശ് പൊലീസിന് മീററ്റ് നഗരത്തിനടുത്തുള്ള ലോഹിയ ഗ്രാമത്തിൽ വെച്ച് ഒരു യുവതിയുടെ തലയറ്റ ഉടൽ കിട്ടുന്നത്. മൃതദേഹത്തിൽ നിന്ന് കൈകളും അപ്രത്യക്ഷമായിരുന്നു. വിശേഷിച്ച് ഒരു തുമ്പുമില്ലാത്ത ഒരു കേസായിരുന്നു അത്. അന്വേഷണം തുടക്കത്തിൽ തന്നെ വഴിമുട്ടി. എങ്ങുമെത്താതെ മീററ്റ് പൊലീസ് ആ കേസിലെ അന്വേഷണം അവസാനിപ്പിച്ചു. അജ്ഞാതയായ ഒരു യുവതിയെ നിഷ്കരുണം വധിച്ച് അംഗഭംഗം വരുത്തിയതിന്റെ പേരിൽ അജ്ഞാതനായ ഒരു കുറ്റവാളിയെ തിരയുന്നു എന്ന വരിയിൽ ആ  വധക്കേസിന്റെ അന്വേഷണം കുരുങ്ങി നിന്നു.

ഒരു വർഷത്തെ ഇടവേള. ഇന്നലെ ഉത്തർ പ്രദേശ് പൊലീസ് ഇതേ കേസിന്റെ പേരും പറഞ്ഞുകൊണ്ട് മറ്റൊരു പത്ര സമ്മേളനം കൂടി നടത്തിയിരിക്കുകയാണ്. ഒരു വർഷത്തോളം ഒരു തുമ്പുമില്ലാതെ നിന്ന കേസിൽ തങ്ങൾ ഒടുവിൽ വഴിത്തിരിവിലെത്തി എന്നും, തങ്ങൾ ഈ കേസ് തെളിയിച്ചിരിക്കുന്നു എന്നും അവർ അവകാശപ്പെടുന്നു. ഷാക്കിബ് എന്നുപേരായ ഒരു യുവാവിനെയും അവർ പത്രസമ്മേളനത്തിൽ ഹാജരാക്കി. ഈ കേസിനെപ്പറ്റി യുപി പൊലീസ് നടത്തിയ വിവരണത്തിൽ തെളിഞ്ഞുനിന്നത് പ്രണയത്തിന്റെയും, വഞ്ചനയുടെയും, ക്രൂരതയുടെയും കഥകളാണ്. മരണപ്പെട്ടത് പത്തൊമ്പതുകാരിയായ ഒരു യുവതിയാണ്. സ്വദേശം പഞ്ചാബിലെ ലുധിയാന. അമൻ എന്ന കള്ളപ്പേരിൽ ആ യുവതിയുമായി അടുത്ത ഷാക്കിബ് പിന്നീട് അവരുടെ അന്തകനായി മാറുകയായിരുന്നു. 

മൃതദേഹം കിട്ടിയ ശേഷം പൊലീസ് അന്വേഷണം ഏറെക്കുറെ പ്രതീക്ഷാ രഹിതമായിരുന്നു എങ്കിലും, അവർ ആ സമയത്ത് ഗ്രാമത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മൊബൈൽ നമ്പറുകളെ കേന്ദ്രീകരിച്ചുകൊണ്ട് ഒരു അന്വേഷണം നടത്തുകയുണ്ടായി. ആ അന്വേഷണത്തിനിടെ ഗ്രാമത്തിലോ, മീററ്റിലോ അല്ലാതെ, പഞ്ചാബിലെ ലുധിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു നമ്പർ മുന്നിൽ വന്നതോടെ മീററ്റ് പൊലീസിന്റെ കണ്ണ് തെളിഞ്ഞു. ഈ നമ്പറും കൊല്ലപ്പെട്ട യുവതിയും തമ്മിൽ എന്തോ ബന്ധമുണ്ട്, അന്വേഷണസംഘം ഉറപ്പിച്ചു. 

എന്നാൽ ആ നമ്പറിൽ പിടിച്ചുള്ള തുടരന്വേഷണത്തിനായി സംസ്ഥാനത്തെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ ചെന്ന പൊലീസ് ഓഫീസർമാർക്ക് നിരാശയായിരുന്നു ഫലം. അതോടെ ഗ്രാമത്തിനു വെളിയിലേക്ക് അവർ അന്വേഷണം വ്യാപിപ്പിച്ചു. ഒടുവിൽ ഡാറ്റ പരിശോധിച്ചു ചെന്ന ഉദ്യോഗസ്ഥർ ഒരു പേരിൽ ചെന്ന് നിന്നു. അത് കൊല്ലപ്പെട്ട യുവതിയുടെ പേരായിരുന്നു. ലുധിയാന സ്വദേശി. തങ്ങളുടെ മകൾ മെയ് മാസം സ്വർണാഭരണങ്ങൾ എല്ലാമെടുത്തുകൊണ്ട് വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ് എന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു.  മകളെ അന്ന് കടത്തിക്കൊണ്ടുപോയ കാമുകന്റെ പേര് അവർ പറഞ്ഞത് 'അമൻ' എന്നായിരുന്നു. 

എന്നാൽ അയാളുടെ യഥാർത്ഥത്തിലുള്ള പേര് ഷാക്കിബ് എന്നായിരുന്നു. അമൻ എന്നത് ആ ഗ്രാമത്തിലെ ഒരു മന്ത്രവാദിയുടെ കൂടെ ജോലിചെയ്യാൻ വന്നപ്പോൾ അയാൾ സ്വീകരിച്ച വ്യാജനാമമായിരുന്നു. ആ പേരിൽ പരിചയപ്പെട്ട യുവതിയുമായി അയാൾ വളരെ പെട്ടെന്ന് അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഒടുവിൽ മെയിൽ അവർ ഇരുവരും ചേർന്ന് ഉത്തർപ്രദേശിലെ ദൗരാലയിലേക്ക് ഒളിച്ചോടി. അവിടെ അയാൾക്കൊപ്പം ഒരു മാസത്തോളം പാർത്ത ശേഷമാണ്, തന്നെ അയാൾ പറഞ്ഞു പറ്റിക്കയായിരുന്നു എന്ന വേദനിപ്പിക്കുന്ന സത്യം ആ യുവതി തിരിച്ചറിയുന്നത്. അമൻ എന്ന ഹിന്ദു പേര് പറഞ്ഞ് ഷാക്കിബ് തന്നെ വഞ്ചിച്ചത് അവർക്ക് പൊറുക്കാനായില്ല. ഷാക്കിബ് മറ്റൊരു മതക്കാരനാണ് എന്നതും തന്നെ പറഞ്ഞു പറ്റിച്ചു എന്നതും അവരെ വല്ലാതെ വേദനിപ്പിച്ചു. ഒന്നും രണ്ടും പറഞ്ഞ് അവർക്കിടെ വലിയ വഴക്കുകൾ നടന്നു. 

അങ്ങനെയിരിക്കെ ഈദ് വന്നു. തന്റെ കൈകൊണ്ട് ഷാക്കിബ് ആ യുവതിക്ക് ശീതളപാനീയം കലക്കി നൽകി. അതിൽ അയാൾ നേരത്തെ തന്നെ മയക്കുമരുന്ന് കലർത്തിയിട്ടുണ്ടായിരുന്നു. ആ വിവരമറിയാതെ അത് കുടിച്ച യുവതി ബോധരഹിതയായി നിലം പതിച്ചു. അയാൾ തന്റെ കൈകൾ കൊണ്ട്, ബോധമില്ലാതെ കിടന്ന ആ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നുകളഞ്ഞു. തിരിച്ചറിയാതിരിക്കാൻ തലയും രണ്ടു കൈകളും വെട്ടിമാറ്റി. എന്നാൽ ആ കൈയ്യിൽ രണ്ടു പേരുകൾ അടുത്തടുത്തായി ടാറ്റൂ ചെയ്തിട്ടുണ്ടായിരുന്നു. ഒന്ന്, സ്വന്തം പേര്, രണ്ട് യുവതിയുടെ കാമുകന്റേത്, 'അമൻ' എന്നും. 

ഷാക്കിബിന്റെ കുടുംബവും ഈ കൊലപാതകത്തിൽ വളരെ വലിയ പങ്ക് വഹിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. അവരെയും പ്രതിചേർത്തുകൊണ്ടാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ ആറുപേരെ ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ഒരു ശ്രമവും ഷാക്കിബിന്റെ ഭാഗത്തുനിന്നുണ്ടായി. കാലിൽ വെടിവച്ചു വീഴ്ത്തി പൊലീസ് സംഘം അയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. 

click me!