
യുഎസ്എയിലെ വിർജീനിയയിൽ ഹൃദയാഘാതം സംഭവിച്ച 64-കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വർക്ക്ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടുകയും പിന്നാലെ വണ്ടി അപകടത്തിൽപ്പെടുകയുമായിരുന്നു. അപകടം സംഭവിച്ചത് ഒരു കാർഡിയോളിസ്റ്റ് ഡോക്ടറുടെ ക്ലിനിക്കിന് തൊട്ടുമുന്നിലാണ്. ഇത് അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി. ജെഫ് ഗെരാസി എന്നയാളാണ് ഇത്തരത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്.
സംഭവത്തെക്കുറിച്ച് ജെഫ് ഗെരാസി പറയുന്നതനുസരിച്ച്, ഡ്രൈവിംഗ് തുടങ്ങിയപ്പോൾ തന്നെ തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നു, എന്നാൽ കുറച്ച് വിശ്രമിച്ചാൽ മതിയെന്നാണ് കരുതിയത്. എന്നാൽ നിമിഷങ്ങൾക്കകം താന്‍ ബോധരഹിതനായി സ്റ്റിയറിംഗിലേക്ക് വീഴുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ കാർ റോഡരികിലെ ഒരു സൈൻ ബോർഡിൽ ഇടിച്ച്, ഡോ. ദീപക് തൽറേജയുടെ കാർഡിയോളജി ക്ലിനിക്കിന്‍റെ പാർക്കിംഗ് ഏരിയയിൽ വന്ന് നിന്നു.
വാഹനം ഇടിച്ച് നിന്ന സമയത്ത്, ഗെരാസിക്ക് ബോധമില്ലായിരുന്നു, അദ്ദേഹത്തിന്‍റെ ശ്വാസം നിലച്ചിരുന്നു. ക്ലിനിക്കിൽ ഉണ്ടായിരുന്ന ഡോ. തൽറേജ അപകട ശബ്ദം കേട്ട് ഉടൻ പുറത്തേക്ക് ഓടിയെത്തി. ചിതറിക്കിടക്കുന്ന ഗ്ലാസ്സുകൾക്കും തുറന്ന എയർബാഗുകൾക്കും ഇടയിൽ നിന്നും അദ്ദേഹം ഗെരാസിയെ കണ്ടെത്തി. ഡോ. തൽറേജ ഉടൻ തന്നെ അടിയന്തര രക്ഷാ നടപടികൾ ആരംഭിച്ചു. അദ്ദേഹവും സംഘവും ചേർന്ന് ഗെരാസിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി പ്രവർത്തിച്ചു, സിപിആര്‍ നല്‍കി. അങ്ങനെ നിശ്ചലമായ അദ്ദേഹത്തിന്‍റെ ഹൃദയം വീണ്ടും മിടിച്ച് തുടങ്ങി.
എട്ട് മിനിറ്റിനുള്ളിൽ സഹായം എത്തിയിരുന്നില്ലെങ്കിൽ ഗെരാസി രക്ഷപ്പെടാൻ സാധ്യതയില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിന്നീടുള്ള വൈദ്യപരിശോധനകളിൽ ഗെരാസിയുടെ ഹൃദയത്തിൽ ഗുരുതരമായ ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തി. ബോധം വീണ്ടെടുത്തപ്പോൾ, താൻ അമ്പരന്നുപോയെന്നായിരുന്നു ഗെരാസി പറഞ്ഞത്. അപകടം സംഭവിച്ച സ്ഥലം ദൈവാനുഗ്രഹമായ ഭാഗ്യമായിട്ടാണ് ഡോക്ടർമാരും ഗെരാസിയും ഒരു പോലെ വിശേഷിപ്പിക്കുന്നത്.