
ഇന്ത്യയിലെ ഏറ്റവും വലിയതും മോശവുമായ ചേരിയിൽ മൂന്ന് ദിവസം താമസിച്ചെന്ന് അവകാശപ്പെട്ട ഓസ്ട്രേലിയന്‍ യൂട്യൂബര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ഒരു ഇന്ത്യന്‍ സ്ത്രീ സുഹൃത്തിനൊപ്പമാണ് ഓസ്ട്രേലിയന്‍ യൂട്യൂബറായ പീറ്റ് ഇസഡ് ധാരാവിയിൽ മൂന്ന് ദിവസം താമസിച്ചതായി അവകാശപ്പെട്ടത്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പീറ്റ് ഇസഡ് ധാരാവിയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചത്.
'ഇന്ത്യയിലെ ഏറ്റവും മാരകമായ ചേരിയിൽ അതിജീവിക്കാൻ ഞാൻ ശ്രമിച്ചു,' എന്ന വെളിപ്പെടുത്തലോടെയാണ് പീറ്റ് ഇസഡ് എന്ന് വിളിക്കുന്ന വ്ലോഗർ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ ആദ്യഭാഗത്ത് തന്നെ ഒരു സ്ത്രീയുടെ ബാഗ് പട്ടാപ്പകൽ തട്ടിപ്പറിക്കുന്ന ഒരാളുടെ ദൃശ്യങ്ങളും പീറ്റ് പങ്കുവച്ചിരുന്നു. പിന്നാലെ മാലിന്യം നിറഞ്ഞ ഒരു ദൃശ്യവും കാണിക്കുന്നു. അതിന് ശേഷമാണ് പീറ്റ് ധാരാവിയുടെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ചത്. തന്‍റെഇന്ത്യന്‍ സുഹൃത്ത് ആയുഷിയാണ് ഈ ഉദ്യമത്തില്‍ തന്നോടൊപ്പമുള്ളതെന്നും പീറ്റ് വെളിപ്പെടുത്തുന്നു.
വീഡിയോയിൽ ധാരാവിയിലെ ഇടുങ്ങിയ ഒരു ചേരിയിലൂടെ നടന്ന് ഒരു വീട്ടിലേക്ക് ഇയാൾ കയറുന്നതും കാണാം. പിന്നാലെ വീട്ടിനുള്ളിലെ അംഗങ്ങളെ പരിചയപ്പെടുന്ന പീറ്റ് വീട്ടിന് മുകളിൽ തട്ട് അടിച്ച് നിര്‍മ്മിച്ച കിടക്കാനായി ഒരുക്കിയ ഇടത്ത് ഇയാൾ കിടക്കുന്നതും കാണാം. പിന്നാലെ ഒരു തറയില്‍ അവശനായി കിടക്കുന്ന പീറ്റിന്‍റെ ചിത്രവും വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോയുടെ കൂടുതല്‍ ദൃശ്യങ്ങളും പീറ്റ് യൂട്യൂബില്‍ പങ്കുവച്ചു.
നിരവധി പേരാണ് പീറ്റിന്‍റെ വീഡിയോയ്ക്ക് താഴെ വിമർശനങ്ങളുമായി എത്തിയത്. എന്തുകൊണ്ടാണ് പീറ്റ് ഇത്തരമൊരു സ്ഥലം തെരഞ്ഞെടുത്തതെന്ന് നിരവധി പേര്‍ ചേദിച്ചു. വളരെ സാധാരണക്കാരായ ജീവിതത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കുന്ന ആളുകളുടെ ദയനീയ ദൃശ്യങ്ങൾ ചിത്രീകരിച്ച് മറ്റുള്ളവരെ കാണിച്ച് പണം സമ്പാദിക്കുന്നത് നല്ലതാണോയെന്ന് ചോദിച്ചവരും കുറവല്ല. ഓരോ രാജ്യത്തും ഇത്തരം ചേരികളുണ്ടെന്നും അത്തരം സ്ഥലങ്ങൾ മാത്രം തെരഞ്ഞെടുത്ത് സന്ദശിച്ച് വീഡിയോ ചെയ്യുന്നത് ആ രാജ്യത്തെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് എഴുതിയവരും കുറവല്ല.