കൈനിറയെ ശമ്പളം, പക്ഷേ ജീവിതം പരമബോറ്; ഐഐടി ബിരുദധാരിയുടെ കുറിപ്പ് വൈറൽ

Published : Mar 07, 2026, 06:11 PM IST
man, tired

Synopsis

ബെംഗളൂരുവിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു ഐഐടി ബിരുദധാരിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കോർപ്പറേറ്റ് ജീവിതം വിരസവും അസംതൃപ്തവുമാണെന്നാണ് യുവാവ് കുറിക്കുന്നത്. 

പഠിക്കുമ്പോഴുള്ള ഏറ്റവും വലിയ സ്വപ്നം നല്ല ശമ്പളം കിട്ടുന്ന ജോലിയൊക്കെ വാങ്ങി അടിച്ചുപൊളിച്ച് ജീവിക്കണം എന്നായിരിക്കും. അല്ലെങ്കിൽ, കൂടുതൽ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം എന്നായിരിക്കും. എന്നാൽ, ജീവിതത്തിൽ അത് അങ്ങനെ തന്നെ സംഭവിക്കണമെന്നില്ല. നല്ല ശമ്പളം കിട്ടിയാലും സന്തോഷം കിട്ടണമെന്നില്ല. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങി, ബെംഗളൂരുവിലെ പ്രമുഖ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടിയ ഒരു യുവാവാണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പഠനകാലത്തെ ആവേശമൊന്നും ജോലി കിട്ടിയപ്പോൾ ലഭിക്കുന്നില്ലെന്നാണ് എഞ്ചിനീയറായ യുവാവിന്റെ പരാതി.

കോളേജ് ജീവിതം അവസാനിപ്പിച്ച് കോർപ്പറേറ്റ് ലോകത്തേക്ക് എത്തിയപ്പോൾ പ്രതീക്ഷിച്ച മാറ്റമല്ല ഉണ്ടായതെന്നാണ് യുവാവ് കുറിക്കുന്നത്. 'കോളേജ് കാലഘട്ടം വളരെ ആവേശകരമായിരുന്നു. അന്ന് ആകാശമായിരുന്നു അതിര്. ഇഷ്ടമുള്ള കാര്യങ്ങൾ നിർമ്മിക്കാനും ക്രിയേറ്റീവായി പ്രവർത്തിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ ജോലി വിരസമാണ്' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.

ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിലെ ഗതാഗതക്കുരുക്കും ഓഫീസ് ജോലിയുടെ ആവർത്തനവിരസതയുമാണത്രെ യുവാവിനെ മടുപ്പിക്കുന്നത്. ക്യാമ്പസിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഇന്ന് അവരവരുടെ തിരക്കുകളിലായതിനാൽ പുതിയ ആശയങ്ങൾ ചർച്ച ചെയ്യാനോ ഒരുമിച്ച് എന്തെങ്കിലും ചെയ്യാനോ സമയമില്ലെന്നും യുവാവ് പറയുന്നു. 'എനിക്ക് നല്ല ശമ്പളമുള്ള ജോലിയുണ്ട്, പക്ഷേ അതുമിപ്പോൾ മടുപ്പിക്കുന്നു. ഒരാൾക്ക് തന്റെ ജോലിയെ എത്രത്തോളം സ്നേഹിക്കാൻ കഴിയും?' എന്നാണ് യുവാവിന്റെ ചോദ്യം.

തന്റെ കഴിവുകൾ കൂടുതൽ വലിയ എന്തിനെങ്കിലും വേണ്ടി ഉപയോഗിക്കണമെന്നും, ഒരു വലിയ പ്രോജക്റ്റിൽ ഭാഗമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവാവ് കുറിച്ചു. നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'പഠനകാലം പരമാവധി ആസ്വദിക്കൂ, പിന്നീട് ഒരിക്കലും അത്രയും സന്തോഷം കിട്ടണമെന്നില്ല' എന്നാണ് ഒരാൾ കുറിച്ചത്. അതേസമയം, ജോലിയും ശമ്പളവുമില്ലാത്ത മനുഷ്യരുടെ ബുദ്ധിമുട്ടകളെ കുറിച്ചും ചിലരെല്ലാം ഓർമ്മിപ്പിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കണം; പുതിയ തലമുറയിലെ പുരുഷന്മാർ 'പഴഞ്ചൻ' ചിന്താഗതിക്കാരോ? ഞെട്ടിച്ച് സർവേ റിപ്പോർട്ട്!
വൈറലായി 'സാരി നോട്ട് സോറി'; മഞ്ഞുമലയിലൂടെ സാരിയുടുത്ത് സ്നോബോർഡിംഗ്, വിസ്മയിപ്പിച്ച് യുവതികൾ