ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കണം; പുതിയ തലമുറയിലെ പുരുഷന്മാർ 'പഴഞ്ചൻ' ചിന്താഗതിക്കാരോ? ഞെട്ടിച്ച് സർവേ റിപ്പോർട്ട്!

Published : Mar 07, 2026, 05:48 PM IST
Gen Z

Synopsis

ലോകം ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, പുതിയ തലമുറയിലെ പുരുഷന്മാർക്കിടയിൽ പഴഞ്ചൻ ചിന്താഗതികൾ തിരിച്ചുവരുന്നതായി റിപ്പോർട്ട്. ജെൻ സി യുവാക്കൾക്കിടയിൽ യാഥാസ്ഥിതിക മനോഭാവം ഏറിവരികയാണെന്ന് ആഗോള സർവേ വ്യക്തമാക്കുന്നു. global survey revealed that Gen Z men and boys hold significantly more traditional views on gender roles than their predecessors.

ആധുനിക ലോകം ലിംഗസമത്വത്തെക്കുറിച്ച് വാചാലമാകുമ്പോഴും പുതിയ തലമുറയിലെ യുവാക്കൾക്കിടയിൽ യാഥാസ്ഥിതിക ചിന്താഗതികൾ ശക്തമാകുന്നുവെന്ന് പുതിയ പഠനം. ഡിജിറ്റൽ യുഗത്തിൽ വളർന്നുവന്ന ജെൻ സി യുവാക്കൾ, തങ്ങളുടെ മുൻഗാമികളായ ബേബി ബൂമറിനേക്കാൾ കൂടുതൽ ലിംഗവിവേചനപരമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നതായാണ് ആഗോള സർവേ വ്യക്തമാക്കുന്നത്. കിംഗ്‌സ് കോളേജ് ലണ്ടനിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻസ് ലീഡർഷിപ്പും ഇപ്‌സോസും (Ipsos) ചേർന്ന് 29 രാജ്യങ്ങളിലായി നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

അനുസരണയുള്ള ഭാര്യ വേണം; തീരുമാനങ്ങൾ ഭർത്താവിന്റേതാകണം

സർവേയിൽ പങ്കെടുത്ത ജെൻ സി യുവാക്കളിൽ 33% ശതമാനം പേരും വിശ്വസിക്കുന്നത് ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കണമെന്നാണ്. എന്നാൽ മുതിർന്ന തലമുറയായ ബേബി ബൂമറിൽ വെറും 13 ശതമാനം പുരുഷന്മാർ മാത്രമാണ് ഈ അഭിപ്രായത്തോട് യോജിച്ചത്. അതായത്, ലിംഗസമത്വത്തിന്റെ കാര്യത്തിൽ പഴയ തലമുറയേക്കാൾ പിന്നോട്ടാണ് പുതിയ തലമുറയിലെ വലിയൊരു വിഭാഗം പുരുഷന്മാരും സഞ്ചരിക്കുന്നത്. കുടുംബത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അന്തിമ അധികാരം ഭർത്താവിനായിരിക്കണമെന്നും 33 ശതമാനം ജെൻ സി യുവാക്കൾ വാദിക്കുന്നു.

സ്വാതന്ത്ര്യമുള്ള സ്ത്രീകൾ ആകർഷകരല്ല?

സ്ത്രീകളുടെ സ്വാശ്രയത്വത്തെക്കുറിച്ചും ജെൻ സി യുവാക്കൾക്കിടയിൽ വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട്. ഏകദേശം 24 ശതമാനം ജെൻ സി യുവാക്കൾ വിശ്വസിക്കുന്നത് സ്ത്രീകൾ അമിതമായി സ്വതന്ത്രരോ സ്വന്തം കാര്യങ്ങൾ തനിയെ നോക്കുന്നവരോ ആകാൻ പാടില്ലെന്നാണ്. ബേബി ബൂമർമാരിൽ ഇത് വെറും 12 ശതമാനം മാത്രമാണ്. ലൈംഗികതയുടെ കാര്യത്തിലും ഇതേ മനോഭാവം ദൃശ്യമാണ്. ഒരു യഥാർത്ഥ സ്ത്രീ ഒരിക്കലും ലൈംഗികതയ്ക്ക് മുൻകൈ എടുക്കരുത് എന്ന് 21 ശതമാനം ജെൻ സി യുവാക്കളും കരുതുന്നു.

ലിംഗസമത്വം പുരുഷന്മാർക്ക് ബാധ്യതയോ?

ലിംഗസമത്വത്തിന് വേണ്ടി പുരുഷന്മാർ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വരുന്നുവെന്ന പരാതിയും പുതിയ തലമുറയ്ക്കുണ്ട്. 59 ശതമാനം ജെൻ സി പുരുഷന്മാരും ലിംഗസമത്വത്തിനായുള്ള ശ്രമങ്ങൾ തങ്ങൾക്ക് അമിത ഭാരമാണെന്ന് കരുതുന്നു. തങ്ങളുടെ സാമൂഹിക പദവികൾ നഷ്ടപ്പെടുമോ എന്ന ഭയവും ലിംഗസമത്വത്തിന് എതിരായ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നതിനൊപ്പം തന്നെ, പുരുഷന്മാർ സ്വന്തം പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻസ് ലീഡർഷിപ്പ് ചെയർപേഴ്സണുമായ ജൂലിയ ഗില്ലാർഡ് പറഞ്ഞു. സുഹൃത്തുക്കളോട് 'ഐ ലവ് യു' എന്ന് പറയാൻ പാടില്ലെന്ന് 30 ശതമാനം ജെൻ സി യുവാക്കളും പറയുന്നു. കുട്ടികളെ നോക്കുന്ന പുരുഷന്മാർക്ക് പൗരുഷം കുറവാണെന്ന് 21 ശതമാനം പേരും കരുതുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എന്തുകൊണ്ട് ഈ മാറ്റം?

മുൻ തലമുറകളിൽ പുരുഷന്മാർക്ക് തങ്ങളുടെ പൗരുഷം പ്രകടിപ്പിക്കാൻ സാമ്പത്തികമായ സാഹചര്യങ്ങൾ, ഉദാഹരണത്തിന് വീട് വാങ്ങുക, കുടുംബത്തെ സംരക്ഷിക്കുക എന്നിവ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ സാമ്പത്തിക സാഹചര്യങ്ങളിൽ അത് അത്ര എളുപ്പമല്ലാത്തതിനാൽ, നഷ്ടപ്പെട്ട പദവികൾ തിരിച്ചുപിടിക്കാനുള്ള ശ്രമമായിട്ടാണ് ഇത്തരം യാഥാസ്ഥിതിക ചിന്തകൾ രൂപപ്പെടുന്നതെന്ന് ഗവേഷകനായ പ്രൊഫ. ഹീജംഗ് ചുങ് നിരീക്ഷിക്കുന്നു. യുവാക്കളെ ലിംഗസമത്വത്തിന് എതിരാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപിക്കുന്നതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യ, യുഎസ്, ബ്രിട്ടൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സമാനമായ പ്രവണതകളാണ് കാണുന്നത്. ഇൻഡോനേഷ്യ (66%), മലേഷ്യ (60%) എന്നി രാജ്യങ്ങളിലാണ് ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കണം എന്ന അഭിപ്രായത്തോട് ഏറ്റവും കൂടുതൽ ആളുകൾ യോജിച്ചത്. ബ്രിട്ടനിൽ ഇത് 13 ശതമാനമാണ്.

PREV
Read more Articles on
click me!

Recommended Stories

വൈറലായി 'സാരി നോട്ട് സോറി'; മഞ്ഞുമലയിലൂടെ സാരിയുടുത്ത് സ്നോബോർഡിംഗ്, വിസ്മയിപ്പിച്ച് യുവതികൾ
ആദ്യയാത്രയിൽ ഇഷ്ടപ്പെട്ടില്ല, പിന്നെ ചുറ്റിയത് 12 വട്ടം! ഇന്ത്യയുടെ ഉൾനാടൻ സൗന്ദര്യം തേടി ജപ്പാനീസ് ഫോട്ടോഗ്രാഫറുടെ 2 ലക്ഷം കിലോമീറ്റർ യാത്ര