കാണാതായത് രണ്ടാഴ്ച മുമ്പ്, നൂറുകണക്കിനാളുകൾ തിരച്ചിലിനിറങ്ങി, ഒടുവിൽ യുവാവിനെ ജീവനോടെ കണ്ടെത്തി

Published : Jan 08, 2025, 09:33 PM IST
കാണാതായത് രണ്ടാഴ്ച മുമ്പ്, നൂറുകണക്കിനാളുകൾ തിരച്ചിലിനിറങ്ങി, ഒടുവിൽ യുവാവിനെ ജീവനോടെ കണ്ടെത്തി

Synopsis

താനൊരു കുറ്റിക്കാട്ടിൽ ഒറ്റപ്പെട്ടുപോയി എന്നും തനിക്ക് ദാഹിക്കുന്നു എന്നുമാണ് ഹാദി ഹൈക്കർമാരുടെ സംഘത്തോട് പറഞ്ഞത്. അവർ ഉടനെ തന്നെ എമർജൻസി സർവീസിൽ വിവരം അറിയിച്ചു.

കേട്ടാൽ അവിശ്വസനീയം എന്ന് തോന്നുന്ന അതിജീവനത്തിന്റേതായ അനേകം കഥകൾ നാം കേട്ടിട്ടുണ്ടാവും. ആരുമില്ലാത്ത കൊടുംകാടുകളിലും ദ്വീപുകളിലും കടലിലും അകപ്പെട്ട് പോകുന്ന മനുഷ്യർ. ഒടുവിൽ അവർ ദൃഢനിശ്ചയത്തിന്റെ ഭാ​ഗമായി മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് നടന്നു വരുന്ന കാഴ്ചകളും നാം കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ നിന്നും വരുന്നത്. 

രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ ഒരു ഹൈക്കറെ ഒടുവിൽ‌ ജീവനോടെ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം. മെഡിക്കൽ വിദ്യാർത്ഥിയായ ഹാദി നസാരിയെ ആണ് രണ്ടാഴ്ചയ്ക്ക് മുമ്പ് സ്‌നോവി മൗണ്ടൻസ് മേഖലയിലെ കോസ്‌സിയൂസ്‌കോ നാഷണൽ പാർക്കിൽ നിന്നും കാണാതായത്. സുഹൃത്തുക്കളോടൊപ്പമുള്ള ഹൈക്കിം​ഗിനിടെയാണ് യുവാവിനെ കാണാതാവുന്നത്. ഫോട്ടോയെടുത്തുകൊണ്ട് നടന്ന ഹാദി കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് പോവുകയായിരുന്നു.

ഹാദിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം നൂറുകണക്കിന് ആളുകളാണ് 23 -കാരനായ ഹാദിയെ കണ്ടെത്താനുള്ള തിരച്ചിലിന് വേണ്ടി ഇറങ്ങിയത് എന്ന് ബിബിസി എഴുതുന്നു. ഒടുവിൽ, ബുധനാഴ്ച 04:15 ഓടെയാണ് ഹാദിയെ കണ്ടെത്തിയത്. ഹൈക്കിം​ഗിനിറങ്ങിയ മറ്റ് ചിലരാണ് ഹാദിയെ കണ്ടെത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

താനൊരു കുറ്റിക്കാട്ടിൽ ഒറ്റപ്പെട്ടുപോയി എന്നും തനിക്ക് ദാഹിക്കുന്നു എന്നുമാണ് ഹാദി ഹൈക്കർമാരുടെ സംഘത്തോട് പറഞ്ഞത്. അവർ ഉടനെ തന്നെ എമർജൻസി സർവീസിൽ വിവരം അറിയിച്ചു. അങ്ങനെ ഹാദിയെ ഹെലികോപ്റ്റർ ഉപയോഗിച്ച് കമാൻഡ് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആരോ​ഗ്യപ്രവർത്തകർ ഹാദിയുടെ ആരോ​ഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഹാദിയുടെ ആരോ​ഗ്യനില തൃപ്തികരമാണ് എന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല എന്നും പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

കാട്ടിലെ ഒരു കുടിലിൽ കണ്ട രണ്ട് മ്യുസ്‌ലി ബാറുകളായിരുന്നു രണ്ടാഴ്ചക്കാലം ഭക്ഷണം. ഒപ്പം വെള്ളത്തിനുവേണ്ടി അരുവികളും കഴിക്കാനായി കാട്ടുപഴങ്ങൾക്ക് വേണ്ടിയും ഹാദി തിരഞ്ഞിരുന്നുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

അവിശ്വസനീയം! വെറും 8 വയസ് മാത്രം, സിംഹവും പുലിയും ആനയുമുള്ള കൊടുംകാട്ടിൽ 5 ദിവസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?