
ഇന്ത്യയുടെ ഉറങ്ങുന്ന സംസ്ഥാനം എന്ന് അറിയപ്പെടുന്ന ഒരു സംസ്ഥാനമുണ്ട്. ഏതാണ് എന്ന് അറിയാമോ? അതാണ് ഹിമാചൽ പ്രദേശ്. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ ജീവിതശൈലി എന്ന് പറയാറുണ്ട്. എന്നാൽ, നമ്മളിൽ പലരും അത് പാലിക്കാറില്ല. പക്ഷേ, ഹിമാചൽ പ്രദേശ് അങ്ങനെയിരുന്നു. അതിനാൽ തന്നെയാണ് അതിന് ഉറങ്ങുന്ന സംസ്ഥാനം എന്ന് പേര് വീണിരിക്കുന്നതും. എന്തുകൊണ്ടാണ് ഹിമാചലിനെ ഉറങ്ങുന്ന സംസ്ഥാനം എന്ന് വിളിക്കുന്നത്?
ഹിമാചലത്തിലെ ഭൂപ്രകൃതിയും അതിനോട് ചേർന്ന ജീവിതരീതിയും ഒക്കെ തന്നെയാണ് ഇത് ഉറങ്ങുന്ന സംസ്ഥാനം എന്ന പേരിൽ അറിയപ്പെടാൻ കാരണം.
മലനിരകളിൽ കൂടി കടന്നുവരുന്ന തണുത്ത കാറ്റ്, അധികം ഗതാഗതത്തിരക്കുകളോ അതിന്റെ ബഹളമോ ഇല്ലാത്ത അവസ്ഥ, വ്യവസായ കേന്ദ്രങ്ങൾ അധികം ഇല്ലാത്തത് എന്നിവയും ആളുകൾ നേരത്തെ ഉറങ്ങാനും ഇവിടം ശാന്തമാവാനും കാരണമാകുന്നു.
സൂര്യാസ്തമയത്തോടെ തന്നെ ആളുകൾ ജോലി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങുന്നു.
രാത്രിയാകുമ്പോഴേക്കും കടകൾ എല്ലാം അടയ്ക്കുകയും, തെരുവുകൾ ശാന്തമാവുകയും ചെയ്യുന്നു.
രാവിലെ ഉണരുന്ന ജനങ്ങളിൽ പലരും രാത്രി 8-9 മണി ഒക്കെ ആകുമ്പോൾ തന്നെ അത്താഴവും കഴിച്ച് ഉറങ്ങാൻ തുടങ്ങുന്നു.
വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ മിക്കവാറും. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് അതിന് കാരണം. ഇങ്ങനെയൊക്കെയാണെങ്കിലും വർധിച്ചുവരുന്ന ടൂറിസം ഇതിൽ പലതിലും മാറ്റങ്ങൾ വരുത്തുന്നുണ്ട് എന്ന് പറയാതെ വയ്യ.
അതേസമയം, പർവതനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഹിമാചൽ പ്രദേശിൽ പ്രകൃതിദുരന്തം നാശം വിതച്ചത് ഈയിടെയാണ്. കനത്ത മഴയിലും മിന്നൽ പ്രളയത്തിലും നിരവധി മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.