കുഞ്ഞിനെ ഉറക്കാൻ വീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഒരു നാനിയെ കൂടി നിയമിക്കാൻ പറഞ്ഞ ബോസ്; ചർച്ചയായി അനുഭവം

Published : Sep 07, 2026, 12:38 PM IST
Julie Fedele

Synopsis

ഒരാഴ്ചയായി തനിക്ക് വീട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. മകനെ ഉറക്കാനായി വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ കുഞ്ഞിനെ നോക്കാനായി രണ്ടാമതൊരു നാനിയെ കൂടി വച്ചുകൂടെ എന്നായിരുന്നു ബോസ് ചോദിച്ചതെന്ന് ജൂലി പറയുന്നു.

കമ്പനി ആവശ്യങ്ങൾക്ക് സ്വകാര്യ ജെറ്റിൽ പോകാൻ വിസമ്മതിച്ചതിന് പിന്നാലെ വിമർശനം നേരിടേണ്ടിവന്നയാളാണ് മുൻ സി-സ്യൂട്ട് എക്സിക്യൂട്ടീവ് ജൂലി ഫെഡേൽ. ജൂലിയുടെ അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 20 വർഷത്തോളം ലണ്ടനിലും മെൽബണിലുമായി കോർപ്പറേറ്റ് രംഗത്ത് പ്രവർത്തിച്ച ജൂലി, തനിക്ക് നേരിടേണ്ടിവന്ന ചില അസാധാരണ അനുഭവങ്ങളെ കുറിച്ചാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്.

തന്റെ മകനൊപ്പം സമയം ചെലവഴിക്കാൻ പോകണമെന്ന് പറഞ്ഞപ്പോൾ ബോസ് നൽകിയ മറുപടിയാണ് ഇതിൽ ഏറ്റവും ഞെട്ടിക്കുന്നതെന്ന് ജൂലി പറയുന്നു. ഒരാഴ്ചയായി തനിക്ക് വീട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. മകനെ ഉറക്കാനായി വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ കുഞ്ഞിനെ നോക്കാനായി രണ്ടാമതൊരു നാനിയെ കൂടി വച്ചുകൂടെ എന്നായിരുന്നു ബോസ് ചോദിച്ചതെന്ന് ജൂലി പറയുന്നു. നിലവിൽ 'പോളിവർക്ക് കരിയേഴ്സ് പ്ലാറ്റ്‌ഫോം' എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറാണ് ജൂലി.

കോർപ്പറേറ്റ് ലോകത്തെ വേതന വ്യത്യാസത്തെക്കുറിച്ചും ജൂലി വെളിപ്പെടുത്തുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന പുരുഷനായൊരു സഹപ്രവർത്തകന്റെ ശമ്പളവിവരങ്ങൾ അബദ്ധത്തിൽ എച്ച്.ആർ തനിക്ക് അയച്ചുതന്നപ്പോഴാണ് ഈ വിവേചനം താൻ തിരിച്ചറിഞ്ഞതെന്ന് അവർ പറഞ്ഞു. ഒരേ ജോലി ചെയ്യുന്ന തനിക്ക് ലഭിച്ചതിനേക്കാൾ വലിയ തുകയാണ് ആ സഹപ്രവർത്തകന് ലഭിച്ചിരുന്നത്. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് തനിക്ക് 50,000 ഡോളറിന്റെ ശമ്പള വർദ്ധനവും കമ്പനി ചെലവിൽ എം.ബി.എ പഠനവും നേടിയെടുക്കാൻ കഴിഞ്ഞതെന്നും അവർ വ്യക്തമാക്കി.

സ്വകാര്യ ജെറ്റ് യാത്ര നിരസിച്ചതിന് ശകാരം

സസ്റ്റൈനബിലിറ്റിക്ക് പ്രാധാന്യം നൽകുന്ന ഒരു കമ്പനിയിൽ സി-സ്യൂട്ട് പദവിയിലിരിക്കെയാണ് കൗതുകകരമായ മറ്റൊരു അനുഭവം ഉണ്ടായത്. വെറും 60 മിനിറ്റ് മാത്രം നീളുന്ന മീറ്റിംഗിൽ പങ്കെടുക്കാൻ കമ്പനിയുടെ സ്വകാര്യ ജെറ്റിൽ പോകാൻ ജൂലി വിസമ്മതിച്ചു. ഹരിതഗൃഹ വാതകങ്ങളും പാരിസ്ഥിതികാഘാതവും മുൻനിർത്തി ഇത്തരം ചെറിയ മീറ്റിംഗുകൾക്ക് എക്സിക്യൂട്ടീവുകൾ സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്ന് അവർ വാദിക്കുകയായിരുന്നു. എന്നാൽ, ബോസിന് അത് മനസ്സിലായില്ലെന്നും, ഇക്കാരണത്താൽ തനിക്ക് ശകാാരം കേൾക്കേണ്ടിവന്നുവെന്നും ജൂലി പറയുന്നു. സമാനമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

സമാധാനത്തോടെ ജീവിക്കാൻ കയ്യിൽ 20-30 ലക്ഷം രൂപയെങ്കിലും വേണം, പണമാണ് അത്യാവശ്യമെന്ന് യുവസംരംഭക
നവജാത ശിശുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; വിവാദം, ഒടുവിൽ മാപ്പ് പറഞ്ഞ് മെഡിക്കൽ ഇന്‍റേൺ