
'പ്രണയം... വൃദ്ധനെ 16-കാരനാക്കുന്ന, അസുരനെപ്പോലും സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്ന പ്രണയം!'
മലയാളികളുടെ സ്വന്തം ലാലേട്ടൻ സ്ക്രീനിൽ പ്രണയത്തെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ കേൾക്കാത്തവരായി ആരുമുണ്ടാകില്ല. പ്രണയത്തിന് പ്രായമില്ല, അതിരുകളില്ല. ഫെബ്രുവരി മാസം പിറക്കുന്നതോടെ ലോകം മുഴുവൻ പ്രണയത്തിന്റെ ചുവപ്പ് നിറത്തിലേക്ക് മാറും. ചോക്ലേറ്റുകളും റോസാപ്പൂക്കളും സമ്മാനങ്ങളുമായി പ്രണയിതാക്കൾ ഈ ദിനത്തെ വരവേൽക്കുമ്പോൾ, പലരും ചിന്തിക്കാറില്ല ഈ ആഘോഷത്തിന് പിന്നിൽ വിറങ്ങലിപ്പിക്കുന്ന ഒരു ചരിത്രമുണ്ടെന്ന്. വാലന്റൈൻസ് ഡേ എന്നത് വെറുമൊരു കച്ചവട തന്ത്രമാണെന്ന് പറയുന്നവരുണ്ട്, എന്നാൽ ഇതിന്റെ വേരുകൾ തേടിപ്പോയാൽ ചെന്നെത്തുന്നത് പുരാതന റോമിലെ ക്രൂരമായ ഭരണകൂടത്തിനും ഒരു പുരോഹിതന്റെ ആത്മത്യാഗത്തിനും ഇടയിലേക്കാണ്. വാലന്റൈൻസ് ദിനത്തിന്റെ ആഴമേറിയ ചരിത്രം അറിയാം.
ഇന്ന് കാണുന്ന റൊമാന്റിക് വാലന്റൈൻസ് ദിനത്തിന്റെ തുടക്കം പുരാതന റോമിലെ ലൂപ്പർകാലിയ (Lupercalia) എന്ന ഉത്സവത്തിൽ നിന്നാണെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. എന്നാൽ ഇന്നത്തെപ്പോലെ പൂക്കൾ കൈമാറുന്ന ഒന്നായിരുന്നില്ല അത്. ഫെബ്രുവരി 13 മുതൽ 15 വരെ നടന്നിരുന്ന ഈ ആഘോഷം ഫലഭൂയിഷ്ഠതയ്ക്കും ശുദ്ധീകരണത്തിനും വേണ്ടിയുള്ളതായിരുന്നു. ഈ ഉത്സവത്തിൽ മൃഗങ്ങളെ ബലി നൽകുകയും അവയുടെ തൊലിയുപയോഗിച്ച് പുരുഷന്മാർ സ്ത്രീകളെ അടിക്കുകയും ചെയ്തിരുന്നു. ഇത് സ്ത്രീകൾക്ക് ഗർഭധാരണത്തിന് സഹായകമാകുമെന്നായിരുന്നു അവരുടെ വിശ്വാസം. പിന്നീട് ക്രിസ്തുമതം വ്യാപിച്ചതോടെ ഈ ആഘോഷത്തെ നിർത്തലാക്കാനായി പോപ്പ് ഗെലാസിയസ് ഫെബ്രുവരി 14-നെ വിശുദ്ധ വാലന്റൈന്റെ ദിനമായി പ്രഖ്യാപിച്ചു. അങ്ങനെയാണ് ലൂപ്പർകാലിയ പതുക്കെ വാലന്റൈൻസ് ഡേ ആയി മാറിയത്.
ആരാണ് വാലന്റൈൻ? ചരിത്രത്തിൽ മൂന്ന് വിശുദ്ധ വാലന്റൈന്മാരെക്കുറിച്ച് പരാമർശമുണ്ട്. എന്നാൽ ഇതിൽ ഏറ്റവും പ്രശസ്തൻ എ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന പുരോഹിതനാണ്. അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ ഒരു വിചിത്രമായ നിയമം കൊണ്ടുവന്നു. യുവാക്കൾ വിവാഹം കഴിക്കാൻ പാടില്ല എന്നതായിരുന്നു ആ ഉത്തരവ്. വിവാഹിതരായ പുരുഷന്മാരെക്കാൾ മികച്ച സൈനികർ അവിവാഹിതരാണെന്നും, വിവാഹം കഴിഞ്ഞാൽ പുരുഷന്മാരുടെ യുദ്ധവീര്യം കുറയുമെന്നും ചക്രവർത്തി വിശ്വസിച്ചു. ഭരണകൂടത്തിന്റെ ഈ ക്രൂരമായ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ബിഷപ്പ് വാലന്റൈൻ രംഗത്തുവന്നു. അദ്ദേഹം പ്രണയിതാക്കളെ രഹസ്യമായി വിവാഹം കഴിപ്പിച്ചു. ഈ വിവരം അറിഞ്ഞ ചക്രവർത്തി വാലന്റൈനെ തടവിലാക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
തടവറയിൽ കിടക്കുമ്പോഴും വാലന്റൈൻ തന്റെ സ്നേഹനിർഭരമായ പെരുമാറ്റം തുടർന്നു. അദ്ദേഹത്തിന് കാവൽ നിന്നിരുന്ന ജയിലറുടെ അന്ധയായ മകളുമായി വാലന്റൈ പ്രണയത്തിലായി. ആ പെൺകുട്ടിക്ക് കാഴ്ച ലഭിക്കാൻ വാലന്റൈന്റെ പ്രാർത്ഥനകൾ സഹായിച്ചുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു. എ.ഡി. 270 ഫെബ്രുവരി 14-ന് അദ്ദേഹത്തെ വധിക്കാൻ കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ്, വാലന്റൈൻ ആ പെൺകുട്ടിക്ക് ഒരു ചെറിയ കുറിപ്പ് എഴുതി വെച്ചു. ആ കുറിപ്പിന്റെ താഴെ അദ്ദേഹം ഇങ്ങനെ എഴുതി: 'From your Valentine'. ഇന്നും ലോകമെമ്പാടും പ്രണയിതാക്കൾ ഉപയോഗിക്കുന്ന ആ വാചകത്തിന്റെ ഉത്ഭവം ഒരു വധശിക്ഷയ്ക്ക് തൊട്ടുമുമ്പുള്ള മരണമൊഴിയായിരുന്നു എന്നത് ഏറെ ഹൃദയഭേദകമാണ്.
വാലന്റൈന്റെ മരണത്തിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഈ ദിനം സാഹിത്യപരമായി പ്രണയവുമായി ബന്ധിക്കപ്പെടുന്നത്. മധ്യകാലഘട്ടത്തിലെ ഇംഗ്ലീഷ് കവി ജഫ്രി ചോസർ തന്റെ 'The Parliament of Fowls' എന്ന കവിതയിൽ ഫെബ്രുവരി പകുതിയോടെ പക്ഷികൾ തങ്ങളുടെ ഇണയെ കണ്ടെത്തുന്നു എന്ന് എഴുതി. ഇതിന് ശേഷമാണ് വാലന്റൈൻസ് ദിനത്തിൽ പ്രണയലേഖനങ്ങളും കവിതകളും കൈമാറുന്ന രീതി യൂറോപ്പിൽ വ്യാപകമായത്. പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാരനായ ചാൾസ് പ്രഭു ജയിലിൽ കിടക്കുമ്പോൾ തന്റെ ഭാര്യയ്ക്ക് എഴുതിയ പ്രണയ കവിതയാണ് ലഭ്യമായതിൽ വെച്ച് ഏറ്റവും പഴയ വാലന്റൈൻ സന്ദേശം. ഇത് ഇന്നും ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടോടെ പ്രണയിതാക്കൾ കൈകൊണ്ട് എഴുതിയ കാർഡുകൾ കൈമാറാൻ തുടങ്ങി. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കക്കാരിയായ എസ്തർ ഹൗലാൻഡാണ് ആദ്യമായി വാലന്റൈൻ കാർഡുകൾ വൻതോതിൽ അച്ചടിച്ചു തുടങ്ങിയത്. ഇതോടെ 'മദർ ഓഫ് ദി അമേരിക്കൻ വാലന്റൈൻ' എന്നറിയപ്പെട്ട അവർ വാലന്റൈൻസ് ഡേയെ ഇന്നത്തെ രീതിയിലുള്ള ഒരു ബിസിനസാക്കി മാറ്റി. ഇന്ന് ഓരോ വർഷവും കോടിക്കണക്കിന് ഡോളറിന്റെ റോസാപ്പൂക്കളും ചോക്ലേറ്റുകളുമാണ് ഈ ഒറ്റ ദിവസം കൊണ്ട് വിറ്റഴിക്കപ്പെടുന്നത്.
ഇന്നത്തെ ജെൻ സികൾ വാലന്റൈൻസ് ഡേ എന്നത് വെറുമൊരു പ്രണയദിനം മാത്രമല്ല. അവർ ഇതിനെ 'സെൽഫ് ലവ്', എല്ലാത്തരം സ്നേഹബന്ധങ്ങളെയും ബഹുമാനിക്കാനുള്ള ദിവസം എന്നീ രീതികളിലും ആഘോഷിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയയും വാലന്റൈൻസ് ആഘോഷത്തെ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്. എങ്കിലും, ആ പഴയ പുരോഹിതൻ ഉയർത്തിപ്പിടിച്ച 'സ്നേഹിക്കാൻ എല്ലാവർക്കും അവകാശമുണ്ട്' എന്ന സന്ദേശം ഇന്നും പ്രസക്തമായി തുടരുന്നു.
വാലന്റൈൻസ് ഡേ വെറുമൊരു ദിനമല്ല. അത് സ്നേഹത്തിന് വേണ്ടി ഭരണകൂടത്തോടും സമൂഹത്തോടും പോരാടിയ ഒരു പുരോഹിതന്റെയും, അനീതിക്കെതിരെ വിപ്ലവം നയിച്ച പ്രണയിതാക്കളുടെയും ഓർമ്മ പുതുക്കലാണ്. ഓരോ വർഷവും നാം കൈമാറുന്ന ചുവന്ന റോസാപ്പൂക്കൾ വിശുദ്ധ വാലന്റൈൻ ഒഴുക്കിയ രക്തത്തിന്റെ പ്രതീകമാണെന്ന് ഓർക്കുമ്പോഴാണ് ഈ ദിനത്തിന് കൂടുതൽ അർത്ഥമുണ്ടാകുന്നത്.