അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ തുള : റഷ്യ നാസയിൽ നിന്ന് ഒളിക്കുന്നതെന്താണ്..?

By Web TeamFirst Published Sep 25, 2019, 2:55 PM IST
Highlights

 തുള കണ്ടെത്തിയില്ലായിരുന്നെങ്കിൽ വെറും പതിനെട്ടു ദിവസത്തിനുള്ളിൽ തന്നെ യാത്രികരെല്ലാം വീർപ്പുമുട്ടി മരിച്ചുപോകുമായിരുന്നത്രേ..! 

നിങ്ങൾ ഒരു ബഹിരാകാശസഞ്ചാരിയാണ് എന്ന് കരുതുക. സ്പേസിലുള്ള ഒരു അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലാണ് നിങ്ങൾ ഇപ്പോഴുള്ളത് എന്നും കരുതുക. പെട്ടെന്ന്, നിങ്ങളുടെ നിലയത്തിന് ഒരു തുള വീണിട്ടുണ്ടെന്നും, അതിലൂടെ നിങ്ങളുടെ നിലയത്തിനകത്തെ ഓക്സിജൻ ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയുന്നതിൽപ്പരം ഭയപ്പെടുത്തുന്ന മറ്റെന്തു വർത്തമാനമുണ്ട്..? 

ഇതുതന്നെയാണ് കഴിഞ്ഞ ഓഗസ്റ്റിൽ ISS -ലെ ക്രൂ മെമ്പർമാർ അനുഭവിച്ചത്. നിലയത്തിനുള്ളിലെ വായുസമ്മർദ്ദത്തിൽ പതുക്കെ, ഒരേതോതിൽ കുറവുണ്ടാകുന്നു എന്ന് അവർ തിരിച്ചറിഞ്ഞു.  സാധാരണഗതിക്ക് ലീക്ക് കാരണമാണ് ഇങ്ങനെ  ഉണ്ടാകാറ്. ലീക്കിന്റെ ഉറവിടം തേടി നിലയം മുഴുവൻ അരിച്ചു പെറുക്കിയ അവർ ഒടുവിൽ സോയൂസ് MS09 പേടകത്തിന്റെ ഹാബിറ്റേഷൻ മോഡ്യൂളില്‍ രണ്ടു മില്ലീമീറ്റർ വ്യാസമുള്ള ഒരു തുള കണ്ടെത്തി. കണ്ടെത്തിയ ഉടൻ ആ ഓട്ട അവർ അടച്ചുവെങ്കിലും, പ്രശ്നത്തിന്റെ ഗുരുതരാസ്ഥയെപ്പറ്റി അറിഞ്ഞപ്പോൾ അവർ അമ്പരന്നു. തുള കണ്ടെത്തിയില്ലായിരുന്നെങ്കിൽ വെറും പതിനെട്ടു ദിവസത്തിനുള്ളിൽ തന്നെ യാത്രികരെല്ലാം വീർപ്പുമുട്ടി മരിച്ചുപോകുമായിരുന്നത്രേ..! 

ഭൂമിയിൽ നിന്ന് 254 മൈൽ ഉയരത്തിലാണ് ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ അഥവാ ISS സ്ഥിതി ചെയ്യുന്നത്. സോയൂസ് MS 09 എന്നത് ISS -നും ഭൂമിക്കുമിടയിൽ ബഹിരാകാശസഞ്ചാരികളെ കൊണ്ടുവരാനും പോകാനായി റഷ്യൻ സ്‌പേസ് ഏജൻസി ആയ റോസ്കോസ്മോസ് നിർമിച്ച ബഹിരാകാശ പേടകമാണ്. ലീക്കുണ്ടായി തുള കണ്ടെത്തിയതോടെ, അത് റഷ്യൻ അമേരിക്കൻ സ്‌പേസ് ഏജൻസികൾക്കിടയിൽ ഒരു തർക്കത്തിന് തന്നെ വഴിമരുന്നിട്ടു. 

"ആ തുള എങ്ങനെ, എന്തുകാരണം കൊണ്ട് വീണു എന്നതിനെപ്പറ്റി ഞങ്ങൾക്ക് നല്ല നിശ്ചയമുണ്ട്, എന്നാൽ നിങ്ങളോട് അതേപ്പറ്റി വെളിപ്പെടുത്താൻ തല്ക്കാലം സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്"  എന്ന് റോസ്കോസ്മോസ് ഡയറക്ടറായ ദിമിത്രി റൊഗോസിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസി ആയ RVS നോവോസ്കി റിപ്പോർട്ട് ചെയ്തു. എന്താണ് റഷ്യ വെളിപ്പെടുത്താത്ത ആ മാനുഫാക്ച്ചറിങ്ങ് ഡിഫക്റ്റ് എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് നാസ ഇപ്പോഴും. തുടക്കത്തിൽ അധികാരികൾ ഊഹിച്ചിരുന്നത് അത് വളരെ ചെറിയ ഒരു ധൂമകേതു വന്നിടിച്ചിട്ടുണ്ടായ നാശനഷ്ടമാകും എന്നാണ്. 

എന്നാൽ നാസ നടത്തിയ തുടരന്വേഷണത്തിൽ ആ തുള ISS ന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് തുളച്ചിട്ടുള്ള ഒന്നാണ് എന്നാണ് മനസ്സിലായത്. അമേരിക്ക ഇതിനെ മനഃപൂർവമുള്ള ഒരു അട്ടിമറി ശ്രമമായിട്ടായാണ് തല്ക്കാലം കാണുന്നത്. അത് ഒരു നിർമ്മാണപ്പിഴവാകാം എന്ന് അവർക്ക് തോന്നുന്നില്ല. 

ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ബഹിരാകാശനിലയത്തിൽ കഴിയുമ്പോൾ ഉള്ള മാനസികമായ ഒറ്റപ്പെടൽ കാരണം ക്രൂ മെമ്പർമാരിൽ ആരിൽ നിന്നെങ്കിലുമൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ നാസയും റോസ്കോസ്മോസും പരസ്പരം വിരൽ ചൂണ്ടുന്ന സാഹചര്യമാണുള്ളത്. 

നാസയ്ക്ക് മുന്നിൽ ഇപ്പോൾ ഒരേയൊരു ചോദ്യമാണുള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായ സ്ഥിതിക്ക്  ഇനിയും റഷ്യയേയോ റോസ്കോസ്മോസിനെയോ വിശ്വസിക്കാമോ? ആ ബഹിരാകാശനിലയത്തിലുള്ള ബഹിരാകാശ ശാസ്ത്രജ്ഞരുടെ ജീവൻ സുരക്ഷിതമാണോ..? ഈ സംഭവം എന്തായാലും നാസയെ തുടർന്നും റഷ്യൻ സ്ഥാപനങ്ങളെ സ്‌പേസ് കാപ്സ്യൂളുകൾക്കായി ആശ്രയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം എന്നാണ് തോന്നുന്നത്. പകരം സ്‌പേസ് എക്സ്, ബോയിങ് പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. 

റഷ്യൻ ഏജൻസി നടത്തിയ അന്വേഷണങ്ങളുടെ ഫലങ്ങൾ, ISS -ൽ ബഹിരാകാശസഞ്ചാരികളെ അയച്ചിട്ടുള്ള എല്ലാ രാജ്യങ്ങൾക്കും അറിയാനുള്ള അവകാശമുണ്ടെന്നാണ് അവർ പറയുന്നത്. റഷ്യയുടെ ഭാഗത്തുനിന്ന് ഒരു അട്ടിമറിശ്രമവും ഉണ്ടായിട്ടില്ലെങ്കിൽ പ്രത്യേകിച്ചും..! 

click me!