'ജ്യൂ ജിത്സു' -വിൽ സ്വർണം നേടി ഹോളിവുഡ് താരം, എന്താണ് 'ജ്യൂ ജിത്സു'?

By P R VandanaFirst Published Oct 3, 2022, 12:49 PM IST
Highlights

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രസീലിലാണ് ജ്യൂ ജിത്സുവിന്റെ ഉത്ഭവം. കാ‍ലോസ് ഗ്രാസീ ജപ്പാനിൽ നിന്ന് എത്തിയ ആയോധനകലാ വിദഗ്ധൻ മിത്സ്യോ മേയ്ഡയെ കണ്ടുമുട്ടിയതാണ് തുടക്കം. ബ്രസീലും ജപ്പാനും പേരിൽ സഹകരിക്കുന്നതിന്റെ കാരണം ഇതാണ്. മേയ്ഡയുമായി ചേർന്നുള്ള ആലോചനക്ക് പൂർണരൂപം കൊടുക്കാൻ കാലോസിന് പിന്തുണയായത് സഹോദരൻമാ‍ർ. 

'Jiu Jitsu' കഴിഞ്ഞ ആഴ്ച ഇൻറർനെറ്റിൽ ഒത്തിരി പേർ തെരഞ്ഞ വാക്കാണ് ഇത്. തെരയാൻ ആളുകളെ പ്രേരിപ്പിച്ച കാരണം ഒരു സിനിമാതാരത്തിന്റെ സ്വർണമെഡൽ നേട്ടവും. ടോം ഹാർഡി എന്ന ഹോളിവുഡിലെ ജനപ്രിയ നടൻ ആണ് താരം. ബ്രിട്ടനിലെ മിൽട്ടൺ കേയ്ൻസ് നഗരത്തിൽ നടന്ന ബ്രസീലിയൻ 'ജ്യൂ ജിത്സു' ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സ്വ‍‍ർണം നേടി. തീർന്നില്ല, ഇനി നടക്കാനിരിക്കുന്ന രണ്ട് പ്രധാന ടൂർണമെന്റുകളിൽ മത്സരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

എഡ്വേർഡ് ഹാർഡി എന്ന ഔദ്യോഗിക നാമം ആണ് ടൂർണമെന്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. അതുകൊണ്ട് ഒരു താരം മത്സരിക്കാൻ വരുന്നതിന്റെ മുമ്പ് പൊതുവെ പതിവുള്ള മാധ്യമപ്പടയും ക്യാമറത്തള്ളും ഒന്നും മിൽട്ടൺ കേയ്ൻസ് കണ്ടില്ല. സെമിഫൈനലിൽ എതിരാളി ആയിരുന്ന ഡാനി ആപ്പിൾബിയോട് ടോം പറഞ്ഞത്, താൻ ഒരു സിനിമാതാരം ആണ് എന്നൊന്നും ഓർക്കേണ്ട, ശ്രദ്ധിക്കേണ്ട എന്നും സ്ഥിരം ശൈലിയിൽ മത്സരിച്ചാൽ മതിയെന്നും. Inception, Dunkirk, The Dark Knight Rises, Venom, Mad Max: Fury Road തുടങ്ങി നിരവധി ചിത്രങ്ങളിൽ ഹീറോയിക് ആയ പ്രകടനം കാഴ്ച വെച്ച ടോം ഹാർഡി ജീവിതത്തിലും ഹീറോ ആയി എന്ന് അറിഞ്ഞപ്പോൾ ആണ് ആരാധകരും പിന്നെ ജ്ഞാനകുതുകികളും എന്താണ് ഈ 'ജ്യൂ ജിത്സു' എന്ന് അന്വേഷിക്കാൻ തുടങ്ങിയത്. അപ്പോൾ എന്താണ് ശരിക്കും ഈ  ജ്യൂ ജിത്സു (Jiu Jitsu)?

'ബ്രസീലിയൻ ജ്യൂ ജിത്സു' എന്നാണ് മുഴുവൻ പേര്. ചുരുക്കപ്പേര് BJJ. ടോം ഹാർഡിക്ക് മുമ്പ് ജോന ഹില്ലും കീനു റീവ്സും JFF കമ്പം പ്രകടമാക്കിയിട്ടുള്ളവരും പരിശീലിച്ചിട്ടുള്ളവരുമാണ്. അടിസ്ഥാനപരമായി മുഷ്ടിയുദ്ധം ആണ് BJJ. കരാട്ടെയും തായ്ക്കോണ്ടോയും പോലെ അടിയും ഇടിയും തൊഴിയും തടുക്കലും ഇല്ല എന്ന് അർത്ഥം. മുറുകെ പിടിത്തത്തിൽ എതിരാളിയെ അടിയറവ് പറയിച്ചാൽ നിങ്ങൾ ജയിക്കും. കൈമുട്ടുകളും കണങ്കാലുകളും ആണ് പൊതുവെ ലക്ഷ്യം വെക്കുക. അല്ലെങ്കിൽ കഴുത്ത് ചുറ്റിപ്പിടിച്ച് എതിരാളിയെ കീഴ്പ്പെടുത്തും. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രസീലിലാണ് ജ്യൂ ജിത്സുവിന്റെ ഉത്ഭവം. കാ‍ലോസ് ഗ്രാസീ ജപ്പാനിൽ നിന്ന് എത്തിയ ആയോധനകലാ വിദഗ്ധൻ മിത്സ്യോ മേയ്ഡയെ കണ്ടുമുട്ടിയതാണ് തുടക്കം. ബ്രസീലും ജപ്പാനും പേരിൽ സഹകരിക്കുന്നതിന്റെ കാരണം ഇതാണ്. മേയ്ഡയുമായി ചേർന്നുള്ള ആലോചനക്ക് പൂർണരൂപം കൊടുക്കാൻ കാലോസിന് പിന്തുണയായത് സഹോദരൻമാ‍ർ. 

നിങ്ങളുടെ ശരീരവലിപ്പമല്ല ജ്യൂ ജിത്സുവിൽ നിങ്ങൾക്ക് തുണയാവുക. മറിച്ച് ചുറുചുറുക്കും ശരീരത്തിന്റെ അയവും ആണ്. തടിയും പൊക്കവും ഉള്ളതുകൊണ്ട് നിങ്ങൾക്ക് അധിക മെച്ചമില്ല. പ്രധാനപ്പെട്ട ജ്യൂ ജിത്സു താരങ്ങളൊന്നും ‘വലിയ’ മനുഷ്യൻമാരല്ല. ജ്യൂ ജിത്സു വേദികളിലും പരിശീലനക്കളരികളിലും കേൾക്കുന്ന ഒരു വാചകം ആ കളിയെ നിർവചിക്കുന്നതും ഒത്തിരിപ്പേരെ ആക‍ർഷിക്കുന്നതുമാണ്. ‘ജ്യൂ ജിത്സു ശരിക്കും ചെസ്സ് പോലെയാണ്. പരിശീലനം നേടിയ, 50 കിലോ ഭാരമുള്ള ഒരു പെൺകുട്ടിക്ക് 75 കിലോ ഭാരമുള്ള ഒരു തുടക്കക്കാരനെ തോൽപിക്കാൻ ഒരു പ്രയാസവുമില്ല’. MMA അഥവാ മിക്സഡ് മാർഷ്യൽ ആർട്സ് പോരാട്ടത്തിൽ ജ്യൂ ജിത്സു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പരിപാടിയിലെ മറ്റ്  പ്രധാന ആയോധന കലകളെ അപേക്ഷിച്ച് പരിക്ക് പറ്റാനുള്ള സാധ്യത കുറവാണ് ജ്യൂ ജിത്സുവിൽ. 

നല്ല പരിശീലനം വേണ്ട കലയാണ് ജ്യൂ ജിത്സു. തോൽക്കാൻ മനസ്സുമായി വന്ന് പഠിച്ചു തുടങ്ങണം. അപ്പോൾ പരിശീലനം രസകരമായി തോന്നും. പതുക്കെ പതുക്കെ ശരീരത്തിന് മാത്രമല്ല ബലം കൈവരിക, മനസ്സിനും കൂടിയാണ്. ആത്മവിശ്വാസം കൂടും. ക്ഷമ വരും. മൊത്തത്തിൽ ഉഷാറാകും. ശരീരവ്യായാമം എന്നതിന് അപ്പുറം മത്സരിക്കാനുള്ള ക്ഷമയും അതിനായി അധ്വാനിക്കാൻ മനസ്സുമുണ്ടോ... അതും ആകാം. ആർക്ക് അറിയാം... ചിലപ്പോൾ മറ്റ് ഏതെങ്കിലും ടോം ഹാർഡിയാകും നിങ്ങളുടെ എതിരാളി.

click me!