മൂന്ന് തലമുറ ഒരുമിച്ച് കൊല്ലപ്പെട്ട വീട് വിൽപനയ്ക്ക്, വില രണ്ട് കോടിക്ക് താഴെ

By Web TeamFirst Published Nov 15, 2022, 9:50 AM IST
Highlights

ഇത് ആദ്യമായിട്ടല്ല ഈ വീട് വിൽപനയ്ക്ക് എത്തുന്നത്. മുമ്പ് 2003 -ലും ഇത് വിൽപനയ്ക്ക് വച്ചിരുന്നു.

കൂട്ടമരണങ്ങളും കൊലപാതകങ്ങളും ഒക്കെ നടന്ന വീടുകൾ ആളുകൾക്ക് പേടിസ്വപ്നം ആണല്ലേ? ഇപ്പോൾ, 23 വർഷം മുമ്പ് ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽ പെട്ട ആളുകൾ കൊല്ലപ്പെട്ട ഒരു വീട് വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. സ്വാൻസീ താഴ്‌വരയിലെ ഒരു ഗ്രാമമായ ക്ലൈഡാക്കിലാണ് പ്രസ്തുത വീട് ഉള്ളത്. £175,000 (1,67,02,448.00) ആണ് വില.

34 -കാരിയായ മാൻഡി പവർ, അവളുടെ 80 വയസ്സുള്ള അമ്മ ഡോറിസ്, അവളുടെ രണ്ട് മക്കളായ പത്തുവയസുകാരി കാറ്റി എട്ട് വയസുകാരി എമിലി എന്നിവരുടേതായിരുന്നു വീട്. എന്നാൽ, 1999 ജൂൺ 27 -ന് കുടുംബം ഒന്നാകെ കൊല്ലപ്പെടുകയും തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വീടിന് തീയിടുകയും ചെയ്തു. വെൽഷ് പൊലീസ് സേനയുടെ അന്വേഷണത്തിലെ എക്കാലത്തെയും വലിയ കൊലപാതകമായിരുന്നു ഇത്. എന്നാൽ, തെളിവ് നശിപ്പിക്കാനുള്ള കൊലപാതകിയുടെ ശ്രമം നടന്നില്ല. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തുകയും തീ അണക്കുകയും ചെയ്തു.

മാൻഡി പവറുമായി ബന്ധമുണ്ടായിരുന്ന ഡേവിഡ് മോറിസ് എന്നൊരാളെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. എന്നാൽ, മോറിസും അയാളുടെ കുടുംബവും നിരന്തരം ഇത് നിഷേധിച്ചു. പിന്നീട്, 59 -ാമത്തെ വയസിൽ മോറിസ് മരിച്ചു.

ഏതായാലും ഇപ്പോൾ, മൂന്ന് തലമുറകൾ ഒറ്റദിവസം കൊല്ലപ്പെട്ട ആ വീട് വീണ്ടും വിൽപനയ്ക്ക് വന്നിരിക്കയാണ്. ഇത് ആദ്യമായിട്ടല്ല ഈ വീട് വിൽപനയ്ക്ക് എത്തുന്നത്. മുമ്പ് 2003 -ലും ഇത് വിൽപനയ്ക്ക് വച്ചിരുന്നു. അന്ന് വീട് വലിയ തരത്തിൽ നവീകരിച്ചു. കൂടുതൽ സൗകര്യങ്ങളുള്ള കിടപ്പുമുറികളും മറ്റും ഉണ്ടാക്കി. ഒപ്പം വലിയ സൗകര്യങ്ങളുള്ള മൂന്ന് റിസപ്ഷൻ റൂമുകളും പണിതു. ഇവിടെ ഇരുന്ന് കൊണ്ട് പൂന്തോട്ടത്തിലെ കാഴ്ചകൾ ആസ്വദിക്കാനും സമയം ചെലവഴിക്കാനും ഒക്കെ സാധിക്കുന്ന തരത്തിലാണ് വീട് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

ഏതായാലും കൊലപാതകം നടന്ന വീട്ടിൽ താമസിക്കാൻ ഭയമില്ലാത്ത ആർക്ക് വേണമെങ്കിലും ഈ തുകയ്ക്ക് വീട് സ്വന്തമാക്കാം.

click me!