145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയിൽ ഒരു വനിതാ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറെ നിയമിച്ചിരിക്കയാണ്. സരിത യോൾമോയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. 

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. പുരുഷന്മാർ മാത്രം വാണിരുന്ന പല ജോലികളിലേക്കും സ്ത്രീകളും കടന്നു വരുന്നു. അതിൽ തന്നെ പലതും ചരിത്രമായി മാറുക​യും ചെയ്തിട്ടുണ്ട്. അതുപോലെ, ലോക പ്രശസ്തമായ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ട്രാക്കുകളിൽ പുതുചരിത്രം പിറന്നിരിക്കയാണ്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിലെ ഉദ്യോഗസ്ഥയായ സരിത യോൾമോ, ഈ ലോക പൈതൃക റെയിൽവേയിൽ 'ടൂർ ഡ്യൂട്ടി'ക്കായി നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ എന്ന നേട്ടം കൈവരിച്ചു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു നാഴികക്കല്ലായാണ് ഈ നിയമനത്തെ അധികൃതർ കാണുന്നത്.

1881 -ൽ പ്രവർത്തനം ആരംഭിച്ച ഡാർജിലിംഗ് മലയോര റെയിൽവേയ്ക്ക് ഏകദേശം 145 വർഷത്തെ പഴക്കമുണ്ട്. ഇത്രയും ദീർഘമായ കാലയളവിനിടയിൽ ഇതാദ്യമായാണ് ഒരു വനിതയെ ഈ പൈതൃക പാതയിലെ വിശിഷ്ടമായ ഉത്തരവാദിത്തത്തിലേക്ക് റെയിൽവേ തിരഞ്ഞെടുക്കുന്നത്. നിലവിൽ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ ജോലി ചെയ്യുന്ന സരിതയെ, വിനോദസഞ്ചാരികൾക്കായി ഓടിക്കുന്ന സ്പെഷ്യൽ ടൂർ ട്രെയിനുകളുടെ മേൽനോട്ടത്തിനായാണ് ഇപ്പോൾ പ്രത്യേകം നിയോഗിച്ചിരിക്കുന്നത്.

Scroll to load tweet…

ഈ നിയമനം ഇന്ത്യൻ റെയിൽവേയിലെ സ്ത്രീശക്തിയുടെയും പുരോഗതിയുടെയും അടയാളമാണെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സി പി ആർ ഒ വ്യക്തമാക്കി. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഈ മലയോര പാതയിൽ സരിതയുടെ സാന്നിധ്യം റെയിൽവേയ്ക്ക് അഭിമാനകരമായ നിമിഷമാണെന്നും, ഇത് റെയിൽവേയുടെ സേവന മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാർജിലിംഗിന്റെ വിനോദസഞ്ചാര മേഖലയിലും ഈ വാർത്ത വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട പോസ്റ്റുകൾക്കും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.