
എത്രയൊക്കെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാലും അപ്രതീക്ഷിതമായി തേടിയെത്തുന്ന അപകടങ്ങളെ ഒഴിവാക്കുക എളുപ്പമല്ല. കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു അപകടത്തിൽ നിന്ന് ഒരു ബ്രസീലിയൻ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഇവർ സഞ്ചരിച്ചിരുന്ന ഹണിമൂൺ ക്രൂയിസ് മറിഞ്ഞാണ് ദുരന്തം ഉണ്ടായത്. ജീവൻ നഷ്ടപ്പെട്ടുപോയേക്കാമായിരുന്ന അപകടത്തിൽ നിന്ന് ആ യുവദമ്പതികളുടെ ജീവൻ രക്ഷിച്ചത് കടലിലൂടെ ഒഴുകിവന്ന ലൈഫ് ജാക്കറ്റ് ആണ്. ബ്രസീലിയൻ ഡോക്ടർ കയോ ഗോമസിനും ഭാര്യ ഫെർണാണ്ട ഡിനിസിനും ആണ് ഈ ക്രൂയിസ് അതിജീവനത്തിൻ്റെ ഭയാനകമായ കഥ പങ്കുവച്ചത്.
മാർച്ച് രണ്ടിനാണ് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ മാലിദ്വീപിൽ വെച്ച് തിരയിൽ പെട്ട് മറിഞ്ഞത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 56 യാത്രക്കാരും മൂന്ന് ജീവനക്കാരും ആയിരുന്നു ആ കപ്പലിൽ ഉണ്ടായിരുന്നത്. കടലിലൂടെയുള്ള ഇവരുടെ യാത്ര ആരംഭിച്ച് 40 മിനിറ്റിനുള്ളിൽ ദുരന്തമുണ്ടായെന്നാണ് റിപ്പോർട്ട്. ഭീമാകാരമായ തിരമാലകളാണ് കപ്പലിന് നേരെ ആഞ്ഞടിച്ചത് എന്നാണ് കായോ ഗോമസ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം വ്യക്തമാക്കിയത്.
തിരമാല ആക്രമണം ഉണ്ടായപ്പോഴും 20 മിനിറ്റ് കൂടി കപ്പൽ അതിനെ അതിജീവിച്ച് മുന്നോട്ടു നീങ്ങിയെങ്കിലും ക്രമേണ ഒരു വശത്തേക്ക് ചരിഞ്ഞ് മുങ്ങുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. കപ്പൽ അപകടത്തിൽപ്പെട്ട വിവരം യാത്രക്കാരോട് പങ്കുവയ്ക്കാൻ കപ്പലിനുള്ളിൽ ഉണ്ടായിരുന്ന ജീവനക്കാർ തയ്യാറായില്ലെന്നും പകരം ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടാൻ അവസാന നിമിഷത്തിൽ ആവശ്യപ്പെടുകയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.
എന്നാൽ, യഥാർത്ഥ അഗ്നിപരീക്ഷ അത് ആയിരുന്നില്ല എന്നാണ് കായോ പറയുന്നത്. കപ്പൽ ജീവനക്കാരുടെ നിർദ്ദേശാനുസരണം ലൈഫ് ജാക്കറ്റ് ധരിക്കാനായി എടുത്തപ്പോൾ മാത്രമാണ് അവ തകരാറുള്ളവയാണ് എന്ന് തങ്ങൾ തിരിച്ചറിഞ്ഞത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതോടെ എല്ലാം അവസാനിച്ചു എന്ന് കരുതിയെങ്കിലും കടലിലേക്ക് ചാടി പരസ്പരം കൈകോർത്ത് തങ്ങൾ നീന്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാഗ്യവശാൽ പെട്ടെന്ന് തന്നെ കടലിലൂടെ ഒഴുകിവന്ന മറ്റൊരു ലൈഫ് ജാക്കറ്റിൽ തങ്ങൾക്ക് പിടുത്തം കിട്ടിയെന്നും അതിൽ പിടിച്ച് പൊങ്ങിക്കിടന്നതുകൊണ്ട് മാത്രമാണ് ജീവൻ തിരികെ കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. കായോ ഗോമസും ഭാര്യ ഫെർണാണ്ട ദിനിസും മാലിദ്വീപിൽ മധുവിധുവിനായി ദിഗുര ദ്വീപിൽ നിന്ന് തലസ്ഥാനമായ മാലെയിലേക്ക് പോകും വഴിയാണ് ഇത്തരത്തിൽ ഒരു ജീവൻ മരണ പോരാട്ടം നടത്തേണ്ടി വന്നത്.
ഇവരെ രക്ഷിക്കാൻ മറ്റൊരു കപ്പൽ എത്തുന്നതുവരെ ദമ്പതികൾ മുക്കാൽ മണിക്കൂറോളം ആ ലൈഫ് ജാക്കറ്റിൽ പിടിച്ച് കടലിൽ പൊങ്ങിക്കിടന്നു. പരിക്കേൽക്കാതെ അതിജീവിച്ചെങ്കിലും, മാനസികാഘാതം വളരെ വലുതാണെന്ന് കായോ ഗോമസ് വ്യക്തമാക്കി.