സിനിമാക്കാരായ മാതാപിതാക്കൾ, 4 വയസുകാരിയുടെ ഭക്ഷണം കഴിപ്പും ഉറക്കവും കാറിൽ, പോകുന്നത് 2 കിൻഡർ ഗാർട്ടനുകളിൽ

Published : Apr 06, 2025, 04:28 PM IST
സിനിമാക്കാരായ മാതാപിതാക്കൾ, 4 വയസുകാരിയുടെ ഭക്ഷണം കഴിപ്പും ഉറക്കവും കാറിൽ, പോകുന്നത് 2 കിൻഡർ ഗാർട്ടനുകളിൽ

Synopsis

വീഡിയോ പ്രകാരം രാവിലെ 7.30 ന് ആണ് ആംബറിന്റെ ഒരു ദിവസം ആരംഭിക്കുന്നത്, പല്ല് തേക്കുക, വസ്ത്രം മാറ്റുക, കാറിൽ പ്രഭാതഭക്ഷണം കഴിക്കുക എന്നിവയാണ് പ്രധാന ദിനചര്യകൾ.

ജോലിക്കാരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ സുരക്ഷയും പരിചരണവും മുൻനിർത്തി കുഞ്ഞുങ്ങളെ കിൻ്റർ ഗാർട്ടനുകളിൽ ചേർക്കുന്നത് പതിവാണ്. എന്നാൽ, തൻറെ ജോലിത്തിരക്ക് കാരണം മകളെ ഒരു ദിവസം രണ്ട് കിന്റർഗാർട്ടനുകളിൽ പഠിപ്പിക്കുകയും ഭക്ഷണം കഴിക്കാനും ഉറങ്ങാനും കാറിൽ സ്ഥലം ഒരുക്കുകയും ചെയ്ത അമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. 

ഹോങ്കോങ്ങിലെ മുൻനിര ചലച്ചിത്രതാരമാണ് കുട്ടിയുടെ അമ്മ. കരിയറുമായി ബന്ധപ്പെട്ട തന്റെ തിരക്കുകൾ മൂലമാണ് കുഞ്ഞിനെ സംരക്ഷിക്കുന്നതിനും മറ്റുമായി ഇവർ ഇത്തരത്തിൽ ഒരു സജ്ജീകരണം ഒരുക്കിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ 
'മോൺസ്റ്റർ പാരന്റ്' വിശേഷണത്തോടെ വലിയ വിമർശനമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്.

ഓൺലൈനിൽ ലെന എന്ന് അറിയപ്പെടുന്ന 37 -കാരിയായ ലി ടിയാൻസോങ് എന്ന ഹോങ്കോങ്ങിൽ നിന്നുള്ള ചലച്ചിത്ര താരത്തിനാണ് ഇത്തരത്തിൽ രൂക്ഷവിമർശനം നേരിടേണ്ടിവന്നത്. മുൻ മിസ് ഹോങ്കോംഗ് മത്സരാർത്ഥി കൂടിയായ ഇവരുടെ ഭർത്താവ് ഒരു ചലച്ചിത്ര സംവിധായകനാണ്. ആംബർ എന്നാണ് നാലു വയസ്സുകാരിയായ ഇവരുടെ മകളുടെ പേര്. തന്റെയും ഭർത്താവിന്റെയും കരിയർ സംബന്ധമായ തിരക്കുകൾ മൂലം മകൾക്ക് കൃത്യമായ പരിപാലനം നൽകാൻ സാധിക്കാത്തതിനാൽ ആണ് അവൾക്കായി ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കിയത് എന്നാണ് ലീ പറയുന്നത്. 

തൻറെ മകളുടെ ഒരു ദിവസം എന്ന കുറിപ്പോടെ ഇവർ തന്നെയാണ് മകളുടെ ജീവിതം വിവരിച്ചു കൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

വീഡിയോ പ്രകാരം രാവിലെ 7.30 ന് ആണ് ആംബറിന്റെ ഒരു ദിവസം ആരംഭിക്കുന്നത്, പല്ല് തേക്കുക, വസ്ത്രം മാറ്റുക, കാറിൽ പ്രഭാതഭക്ഷണം കഴിക്കുക എന്നിവയാണ് പ്രധാന ദിനചര്യകൾ. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആദ്യത്തെ കിൻഡർ ഗാർട്ടനിലെ പഠനം കഴിഞ്ഞാൽ. ആംബർ രണ്ടാമത്തെ കിന്റർഗാർട്ടനിലേക്ക് പോകുന്നതിനുമുമ്പ് കാറിൽ ഭക്ഷണം കഴിച്ച് ഉറങ്ങുന്നു. മകളുടെ സൗകര്യാർത്ഥം ലി കാറിൽ ഒരു പോർട്ടബിൾ ടോയ്‌ലറ്റ് സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് കിൻഡർ ഗാർട്ടനുകളിലെയും പഠനം കഴിഞ്ഞ് തിരിച്ചെത്തിയാൽ ബാക്കി സമയം സംഗീതപഠനത്തിനും നൃത്തപഠനത്തിനും ഒപ്പം പിയാനോ പഠനത്തിനുമായാണ് നീക്കിവെച്ചിരിക്കുന്നത്. 

നാലു വയസ്സുകാരിയുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കാതെ സ്വന്തം ഇഷ്ടത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ലീക്കെതിരെ ഉയർത്തുന്ന പ്രധാന ആരോപണം. മോൺസ്റ്റർ മാം, ടൈഗർ മാം എന്നൊക്കെയാണ്  സോഷ്യൽ മീഡിയ ഉപയോക്താക്കൾ ലീയെ വിശേഷിപ്പിച്ചിരിക്കുന്നത്.

എന്നാൽ വിമർശനങ്ങളോട് പ്രതികരിച്ച ലീ രണ്ട് സ്കൂളുകളിൽ പഠിക്കുന്നത് ആംബർ ആസ്വദിക്കുന്നുവെന്നും അത് ഒരു വിലപ്പെട്ട അനുഭവമായി കാണുന്നുവെന്നും പറഞ്ഞു.  ഓരോ മാതാപിതാക്കൾക്കും അവരുടേതായ സമീപനമുണ്ടെന്നും വിയോജിപ്പുകൾ സാധാരണമാണെങ്കിലും അത് പരസ്പരബഹുമാനത്തോടെ വേണമെന്നും അവർ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?