130 പൈലറ്റുമാര്‍ ഒന്നിച്ച് ക്വാറന്റീനില്‍; ഈ വിമാന സര്‍വീസുകള്‍ മുടങ്ങിയേക്കും

By Web TeamFirst Published Nov 16, 2021, 7:13 PM IST
Highlights

ഹോങ്കോംഗിലെ വിമാന സര്‍വീസുകളെ സാരമായി ബാധിക്കുന്നതാണ് പുതിയ സാഹചര്യം.  കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കടുത്ത ക്വാറന്റീന്‍ വ്യവസ്ഥകള്‍ നടപ്പാക്കിയ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഇതു കാരണം മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

വിമാന സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യം സൃഷ്ടിച്ച് േഹാങ്കോംഗ് വിമാന കമ്പനിയായ കാതയ് പസഫികിലെ 130 പൈലറ്റുമാര്‍ ക്വാറന്റീനില്‍. കാതയ് പസഫിക് കമ്പനിയുടെ കാര്‍ഗോ, പാസഞ്ചര്‍ പൈലറ്റുമാരും കാബിന്‍ ജീവനക്കാരുമാണ് 21 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിച്ചത്. കൊവിഡ് പരിശാധനകളില്‍നിന്നു വഴുതി മാറിയ മൂന്ന് പൈലറ്റുമാര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഈ നടപടിയെന്ന് സി ഇ ഒ കാരി ലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹോങ്കോംഗിലെ വിമാന സര്‍വീസുകളെ സാരമായി ബാധിക്കുന്നതാണ് പുതിയ സാഹചര്യം.  കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കടുത്ത ക്വാറന്റീന്‍ വ്യവസ്ഥകള്‍ നടപ്പാക്കിയ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഇതു കാരണം മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് മൂന്ന് പൈലറ്റുമാര്‍ കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് 130 പൈലറ്റുമാരോട് നിര്‍ബന്ധിത ക്വാറന്റിനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. ഹോങ്കോംഗിലുള്ള സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്റീന്‍ സെന്ററിലാണ് ഇത്രയും പൈലറ്റുമാരും കാബിന്‍ ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചത്. ഇതുപോലെ രണ്ടു മൂന്ന് സംഭവങ്ങള്‍ കൂടി ഉണ്ടായാല്‍, കമ്പനിയുടെ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യം ഉണ്ടാവുമെന്ന് സി ഇ ഒ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കൊവിഡ്, ഹോങ്കോംഗില്‍ നടന്ന ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ എന്നിവയെ തുടര്‍ന്ന് കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ സംഭവം. ഹോങ്കോംഗിന്റെ അഭിമാനമായി കരുതിയിരുന്ന വിമാന കമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആറായിരം ജീവനക്കാരെ പുറത്താക്കിയിരുന്നു. ഇതോടൊപ്പം ഒരു പ്രാദേശിക എയര്‍ലൈന്‍ കമ്പനി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം പിറന്ന് ആദ്യ ആറു മാസത്തിനുള്ളില്‍ കമ്പനി 7.6 ബില്യന്‍ ഹോങ്കോംഗ് ഡോളര്‍ നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ ക്വാറന്റീന്‍. കൊവിഡ് വ്യാപനം തടയുന്നതിന് ചൈനീസ് ഭരണകൂടം മുന്നോട്ടുവെച്ച കടുത്ത നിബന്ധനകള്‍ അനുസരിക്കുകയാണ് ഹോങ്കോംഗ്. വിമാന സര്‍വീസുകളെ സാരമായി ബാധിക്കുമെങ്കിലും ക്വാറന്റീനില്‍ വിട്ടുവീഴ്ച ഇല്ലെന്നാണ് ഹോങ്കോംഗ് ഭരണകൂടം വ്യക്തമാക്കിയത്. 

click me!