'ഞങ്ങളവരെ അംഗീകരിച്ചിരുന്നു, അവര്‍ക്കെന്തായിരുന്നു പ്രശ്നം?' കസിന്‍ സഹോദരന്മാര്‍ ചേര്‍ന്ന് വെടിവെച്ചുകൊന്ന ദമ്പതികളുടെ മാതാപിതാക്കള്‍ ചോദിക്കുന്നു

By Web TeamFirst Published Sep 17, 2019, 3:10 PM IST
Highlights

അപ്പോഴും ഞങ്ങളവരെ അംഗീകരിച്ചിരുന്നു. രണ്ട് കുടുംബങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പോവുകയും ചെയ്തിരുന്നു. അവളുടെ കസിന്‍സിന് അവളോട് എന്താണിത്ര പ്രശ്നം വന്നതെന്ന് എനിക്കറിയില്ല. 

ആധുനികരെന്ന് ആവേശം കൊള്ളുമ്പോഴും ഇന്ത്യയില്‍ കേരളമടക്കം സംസ്ഥാനങ്ങളില്‍ ദുരഭിമാനക്കൊല വര്‍ധിച്ചുവരികയാണ്. രണ്ട് ജാതിയായത് കൊണ്ട്, ദളിതനെ വിവാഹം കഴിച്ചതുകൊണ്ട്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ വിവാഹം കഴിക്കുന്നതിന് ഇങ്ങനെയിങ്ങനെ... രണ്ടുദിവസം മുമ്പാണ് പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ പ്രണയിച്ചു വിവാഹം കഴിച്ചതിനാല്‍ മാത്രം 24 വയസ്സുമാത്രം പ്രായമുള്ള ദമ്പതികളെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് വെടിവെച്ചുകൊന്നത്. ദമ്പതികളുടെ മാതാപിതാക്കള്‍ അവരെ അംഗീകരിക്കുകയും ചെയ്തിരുന്നു. വിവാഹിതരായി ഒരു വര്‍ഷത്തിനുശേഷമാണ് ഇരുവരും കൊല്ലപ്പെടുന്നത്... 

''ഭ്രാന്ത്, അറിവില്ലായ്‍മ, ബുദ്ധിമോശം... ഈ പുതുതലമുറയുടെ തലയിലെന്താണ്? കോടതിയെപ്പോലും അവര്‍ അനുസരിക്കുന്നില്ല. പിന്നെയവര്‍ എന്തിനെ അനുസരിക്കാനാണ്? രണ്ട് കുടുംബങ്ങളെയല്ലേ അവര്‍ തകര്‍ത്തു കളഞ്ഞത്?'' കരഞ്ഞുകൊണ്ട് ചോദിക്കുന്നത് എഴുപത്തിമൂന്നു വയസ്സുള്ള ഹര്‍ഭജന്‍ സിങ്... പ്രണയിച്ചു വിവാഹം കഴിച്ചു എന്നതുകൊണ്ടുമാത്രം കൊല്ലപ്പെട്ട അമന്‍ദീപ് സിങ്ങിന്‍റെ ബന്ധു. അമന്‍ദീപ് സിങ്ങും ഭാര്യയായ അമന്‍പ്രീത് കൗറും തരണ്‍ താരണില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഇന്തോ – പാക് അതിര്‍ത്തിയില്‍ നൗഷെഹ്‌റ ധാല  ഗ്രാമത്തില്‍വെച്ച് കൊല്ലപ്പെട്ടത് ഞായറാഴ്‍ചയാണ്. 

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് അമന്‍ദീപ് സിങ്ങും അമന്‍പ്രീത് കൗറും വിവാഹിതരാവുന്നത്. രണ്ടുപേരും ജാട് സിഖുകാര്‍. പന്ത്രണ്ടാം ക്ലാസില്‍ വച്ചേ പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരെ അറിയിക്കാതെയാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, വിവാഹം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാതാപിതാക്കളും സഹോദരങ്ങളും ഇരുവരേയും അംഗീകരിച്ചു. എന്നാല്‍, അമന്‍പ്രീതിന്‍റെ അച്ഛന്‍റെ ആറ് സഹോദരന്മാരും അവരുടെ മക്കളും വിവാഹത്തെ അംഗീകരിച്ചില്ല, മാത്രമല്ല വിവാഹിതരായതിനെ എതിര്‍ത്ത് സംസാരിക്കുകയും ചെയ്തു. അമന്‍പ്രീത് കൗറിന്‍റെ ഏറ്റവും ഇളയ കസിന്‍ ഗുര്‍ബിന്ദര്‍ ബിന്ദി നേരത്തെ അമന്‍പ്രീത് കൗറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

യുവതിയുടെ ബന്ധുക്കളായ മേവാ സിങ്, ഗുര്‍ബിന്ദര്‍ സിങ്, സുര്‍ജിത് സിങ്, അമര്‍ജിത് സിങ്, ഹര്‍വിന്ദര്‍ സിങ് എന്നിവര്‍ക്ക് നേരെയാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കുറ്റം ചുമത്തിയിട്ടുള്ളത്. 

അമന്‍ദീപിന്‍റെ ഗ്രാമം നൗഷെഹ്‌റ ധാലയും അമന്‍പ്രീതിന്‍റെ ഗ്രാമം ഖേരിയുമാണ്. രണ്ട് ഗ്രാമങ്ങളും കൊലപാതകത്തിന്‍റെ ഞെട്ടലിലും നിലവിളിയിലുമായിരുന്നു തിങ്കളാഴ്ച. അമന്‍ദീപിന്‍റെ ഗ്രാമവാസികളാണ് വലിയ ഞെട്ടലിലായിരുന്നത്. സമീപത്തെ ഗുരുദ്വാരയില്‍ പോയി മോട്ടോര്‍ബൈക്കില്‍ മടങ്ങുകയായിരുന്ന ദമ്പതികള്‍ കൊല്ലപ്പെടുന്നത് ഇവിടെവെച്ചാണ്. ഒരു സ്വിഫ്റ്റ് കാര്‍ ദമ്പതികളെ പിന്തുടരുന്നുണ്ടായിരുന്നു. അത് മോട്ടോര്‍ബൈക്കിനെ തട്ടി. ദമ്പതികള്‍ നിലത്തുവീണു. ഇരുവരും നിലത്തുവീണയുടനെ പ്രതികളവരെ കാറിന്‍റെ ടയറുകള്‍കൊണ്ട് ഞെരിച്ചു. പിന്നീട്, കയ്യില്‍ കരുതിയിരുന്ന വാളും മറ്റ് മൂര്‍ച്ചകൂട്ടിവെച്ചിരുന്ന ആയുധങ്ങളുമുപയോഗിച്ച് അക്രമിക്കുകയായിരുന്നു. 

കാറിനടിയിലായ ദമ്പതികളെ കുറച്ച് മീറ്റര്‍ വലിച്ചിഴച്ച് കൊണ്ടുപോയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. അതിനുശേഷം അമന്‍ദീപിന്‍റെ വീടിന് മുന്നിലെ റോഡരികില്‍വെച്ച് അവരെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. കേസിലെ പ്രധാന പ്രതി  ഗുര്‍ബിന്ദറാണെന്ന് കേസന്വേഷിക്കുന്ന തരണ്‍ താരണ്‍ ഡി എസ് പി കവല്‍ജിത് സിങ് പറയുന്നു. ''ഗുര്‍ബിന്ദര്‍ ഒരു തീവ്രമനോഭാവമുള്ള ആളാണ്. കൂട്ടത്തില്‍ ഏറ്റവും ഇളയ ആളും ഗുര്‍ബിന്ദറാണ്. തന്‍റെ കസിന്‍ സഹോദരി പ്രണയിച്ച് വിവാഹിതയായത് അയാള്‍ക്ക് ഒട്ടും അംഗീകരിക്കാനായില്ല. അയാളുടെ സുഹൃത്ത് കൂടിയായിരുന്നു നേരത്തെ അമന്‍ദീപ്. വീട്ടുകാരെ പരിഗണിക്കാതെ തന്‍റെ സഹോദരി അമന്‍ദീപിനെ വിവാഹം ചെയ്തത് ഗുര്‍ബിന്ദറിന് അംഗീകരിക്കാനായില്ല. പ്രതികളായ നാല് പേരും 25നും 35 -നും ഇടയില്‍ പ്രായമുള്ളവരാണ്.''

അമന്‍ദീപിന്‍റെയും അമന്‍പ്രീതിന്‍റെയും വിവാഹക്കാര്യം അറിഞ്ഞതോടെ തന്നെ കസിന്‍സിന് അവരോട് വൈരാഗ്യം രൂപപ്പെട്ടിരുന്നു. പിന്നീടത് വര്‍ധിച്ചു. വീട്ടുകാര്‍ അവരെ അംഗീകരിക്കരുതെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അമന്‍പ്രീതിന്‍റെ അമ്മയും അച്ഛനും അവരെ അംഗീകരിച്ചു. 

തന്‍റെ ആറ് സഹോദരങ്ങള്‍ക്കും ഈ വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്ന് അമന്‍പ്രീത് കൗറിന്‍റെ പിതാവ് അമര്‍ജിത് സിങ് പറയുന്നു. ''ഞങ്ങളുടെ കുടുംബത്തില്‍ അതുവരെ ഒരു പെണ്‍കുട്ടിയും പ്രേമിച്ച് വിവാഹം കഴിച്ചിരുന്നില്ല. മകളുടെ വിവാഹം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിനുശേഷമാണ് ഞങ്ങളറിയുന്നത്. പക്ഷേ, ഞങ്ങളവളെ ഒന്നും പറഞ്ഞിരുന്നില്ല. വഴക്കുപോലും പറഞ്ഞില്ല. എന്‍റെ മകന്‍ മഞ്ചിത് സിങ് പോലും അവളെ ഒന്നും പറഞ്ഞ‌ില്ല. എന്‍റെ മറ്റൊരു മകള്‍ സഹോദരിയെ അനുഗ്രഹിക്കാനായി മാത്രം സൈപ്രസില്‍ നിന്നുമെത്തിയിരുന്നു. പക്ഷേ, എന്‍റെ സഹോദരന്മാര്‍ക്കും അവരുടെ മക്കള്‍ക്കുമായിരുന്നു അവരോട് വൈരാഗ്യം. അവരെന്നോട് പറഞ്ഞിരുന്നു മകളേയും അവളുടെ ഭര്‍ത്താവിനെയും വീട്ടില്‍ കയറ്റരുതെന്ന്. പക്ഷേ, അന്നുതന്നെ ഞാനവരോട് വ്യക്തമായി പറഞ്ഞിരുന്നു ഞാനെന്‍റെ മകളെ കൈവിടില്ലാ എന്ന്. മകളും ഭര്‍ത്താവും ഞങ്ങളുടെ വീട്ടിലെത്തി താമസിക്കുകയും ചെയ്‍തതാണ് കുറച്ചുദിവസം മുമ്പ്. എന്നാല്‍, സഹോദരന്‍റെ മകന്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു രണ്ടുപേരെയും ഒരുമിച്ച് കണ്ടാല്‍ കൊന്നുകളയും എന്ന്. ഞങ്ങള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ കസിന്‍സ് മാത്രമായിരിക്കും ഉത്തരവാദി എന്ന്.'' 

അമന്‍പ്രീതിന്‍റെ അമ്മ രജീന്ദര്‍ കൗര്‍ പറയുന്നത്, ''പ്രണയത്തിലാണ് എന്ന് അറിയിക്കാത്തതില്‍ പ്രശ്നമുണ്ടായിരുന്നു. അമന്‍ദീപുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാത്തതിനാല്‍ മറ്റൊരാളുമായി വിവാഹം നടത്താനും ആലോചിച്ചിരുന്നു. എന്നാല്‍, വിവാഹത്തിനുശേഷം മകളെയും ഭര്‍ത്താവിനെയും അംഗീകരിച്ചിരുന്നു, അനുഗ്രഹിച്ചിരുന്നു. അവളറിയിച്ചിരുന്നുവെങ്കില്‍ ആചാരപ്രകാരം തന്നെ വിവാഹം നടത്തിക്കൊടുത്തേനെ. പക്ഷേ, വിവാഹം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഗ്രാമത്തിലെത്തുന്നത്. അപ്പോഴും ഞങ്ങളവരെ അംഗീകരിച്ചിരുന്നു. രണ്ട് കുടുംബങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പോവുകയും ചെയ്തിരുന്നു. അവളുടെ കസിന്‍സിന് അവളോട് എന്താണിത്ര പ്രശ്നം വന്നതെന്ന് എനിക്കറിയില്ല. അവളാണ് ഞങ്ങളുടെ കുടുംബത്തില്‍ ആദ്യമായി പ്രണയിച്ച് വിവാഹം കഴിച്ചത്. അതായിരിക്കാം. അപ്പോഴും ഞങ്ങളവളെ അംഗീകരിച്ചിരുന്നുവല്ലോ...''

അവര്‍ രണ്ടുപേരും കുഞ്ഞുങ്ങളെപ്പോലെയായിരുന്നുവെന്ന് അമന്‍ദീപിന്‍റെ അമ്മ രാജ് കൗര്‍ പറയുന്നു. ''അവര്‍ക്ക് 24 വയസ്സായതേ ഉണ്ടായിരുന്നുള്ളൂ. മിക്ക ദിവസങ്ങളിലും അവര്‍ ചോക്ലേറ്റോ മാഗിയോ ചോദിക്കും. നമ്മുടെ വീട്ടിലേക്ക് മരുമകളായി കയറിവന്ന അന്നുമുതല്‍ അമന്‍പ്രീത് സ്വന്തം അമ്മയെ എന്നപോലെ എന്നെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. രണ്ടുപേരും കാനഡയിലേക്ക് പോകാനാണ് ആഗ്രഹിച്ചിരുന്നത്. അമന്‍പ്രീത് IELTS വരെ നേടിയിരുന്നു. അവരുടെ സ്വന്തം അച്ഛനും അമ്മയും കുടുംബവും അംഗീകരിച്ചിരുന്നു. പിന്നെ മറ്റുള്ളവര്‍ക്കെന്താണ് പ്രശ്നം? നമ്മുടെ കുഞ്ഞുങ്ങളെ അവരെന്തിനാണ് കൊന്നുകളഞ്ഞത്, നമ്മുടെ ലോകം ഇല്ലാതാക്കിയത്?'' എന്നും രാജ് കൗര്‍ ചോദിക്കുന്നു. 

അമന്‍ദീപ് പന്ത്രണ്ടാം ക്ലാസിനുശേഷം പഠനം മതിയാക്കിയിരുന്നു. അമന്‍പ്രീത് നഴ്സിങ് പഠനം പൂര്‍ത്തിയാക്കി. അമന്‍ദീപിന്‍റെ അച്ഛന്‍ സുഖ്ദേവ് സിങ് പറയുന്നു, ''അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നമുക്ക് അറിയില്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് ഞങ്ങളതറിഞ്ഞത്. അമന്‍ദീപ് ബസിലാണ് സ്കൂളില്‍ പോയിക്കൊണ്ടിരുന്നത്. അമന്‍പ്രീത് സ്കൂള്‍ വാനിലും. സ്കൂളില്‍ വച്ചായിരിക്കണം കണ്ടുമുട്ടിയിരുന്നത്. എന്‍റെ മറ്റ് മൂന്ന് മക്കള്‍ക്കോ അവരുടെ ഭാര്യമാര്‍ക്കോ ഇവരോട് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ വൈകിയാണ് അറിഞ്ഞത് അവരുടെ പ്രണയത്തെ കുറിച്ച്. പന്ത്രണ്ടാം ക്ലാസിനു ശേഷം അമന്‍ദീപ് പഠിക്കാന്‍ പോയില്ല. പാടത്ത് എന്നെ സഹായിക്കുകയായിരുന്നു. ഇരുവരും കാനഡയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.''

അമന്‍പ്രീതിന്‍റെ അമ്മയുടെ അച്ഛന്‍ പറയുന്നത്, ''പ്രണയിച്ചു വിവാഹം കഴിച്ചു എന്നതുകൊണ്ട് എന്‍റെ കൊച്ചുമകളോട് എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഈ ചെറുപ്പക്കാര്‍ കുറച്ചുകൂടി വിശാലമനസ്കാരാവേണ്ടതുണ്ട്. പക്ഷേ, എങ്ങനെയാണ് മറ്റൊരാളുടെ ചിന്ത മാറ്റാനാവുക'' എന്നാണ്. 

സ്വന്തം മാതാപിതാക്കള്‍ അംഗീകരിച്ചു. അവര്‍ക്കൊന്നും യാതൊരു പ്രശ്‍നവുമില്ല. എന്നിട്ടും അധികം ചെറുപ്പക്കാരായ കസിന്‍ സഹോദരന്മാര്‍ ചേര്‍ന്ന് അമന്‍പ്രീതിനെയും ഭര്‍ത്താവ് അമന്‍ദീപിനെയും കൊലപ്പെടുത്തിയതിന്‍റെ ആഘാതത്തിലാണ് ഇരുനാട്ടുകാരും. 

 

 

(Indianexpress -ന് കടപ്പാട്)


 

click me!