
ഉത്തരേന്ത്യയില്‍ വിശ്വാസത്തിന്‍റെ പേരിൽ തെരുവുകളിലേക്ക് ഇറക്കിവിടുന്ന കാളകളും പശുക്കളും വലിയ അപകടങ്ങള്‍ക്കാണ് കാരണക്കാരാകുന്നത്. അതേസമയം ഇവയെ നിയന്ത്രിക്കുന്നതിനുള്ള യാതൊരു ശ്രമവും സംസ്ഥാന - പ്രദേശിക ഭരണകൂടങ്ങളില്‍ നിന്നും ഉണ്ടാകാത്തത് പൊതുജനങ്ങളെ വലയ്ക്കുന്നു. പലപ്പോഴും ഇത്തരം മൃഗങ്ങളുടെ അക്രമണങ്ങൾക്ക് ഇരയാകുന്നത് സാധാരണക്കാരായ വഴിയാത്രക്കാരാണ്.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ പിന്നില്‍ നിന്നും ഒരു തെരുവ് കാളയുടെ കുത്തേറ്റ് വായുവിൽ ഉയർന്നു പൊങ്ങി താഴേയ്ക്ക് വീഴുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ ഝാന്‍സിയിലെ ബബിന ഗ്രാമത്തിലാണ് സംഭവം നടന്നത്. സെപ്തംബൂര്‍ 25-ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വെറും 17 സെക്കന്‍റ് മാത്രമുള്ള വീഡിയോ ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്.
അങ്കിത് മുട്ട്രിജ എന്ന എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ വളരെ ഇടുങ്ങിയ ഒരു തെരുവിലൂടെ നടന്ന വരുന്ന ഒരു യുവതിയെ കാണാം. ഇവരുടെ കൈയില്‍ ഒരു വടിയുണ്ട്. ഒരു ഓട്ടോയുടെ പിന്നീല്‍ നിന്നും സിസിടിവിയുടെ ഭാഗത്തേക്ക് ഇവര്‍ നടന്നുവരുന്നതിനിടെ പിന്നില്‍ നിന്നും ഒരു തെരുവ് കാള നടന്നുവരുന്നത് കാണാം. കാളയുടെ സാന്നധ്യത്തില്‍ യുവതി അല്പം ഭയത്തിലാണെന്ന് വ്യക്തം. പെട്ടെന്ന് കാള യുവതിയുടെ പിന്നിലൂടെ വന്ന് തന്‍റെ തല കാണ്ട് അതിശക്തമായി യുവതിയെ ഇടിക്കുന്നു. പിന്നാലെ, കാളയുടെ മേലെ കൂടി ഏതാണ്ട് ഒന്നൊന്നര ആൾ ഉയരത്തിലേക്ക് യുവതി ഉയർന്ന് പൊങ്ങി താഴേയ്ക്ക് വീഴുന്നത് കാണാം. യുവതി അനങ്ങാനാകാതെ കിടക്കുമ്പോൾ കാള വീണ്ടും യുവതിക്ക് അടുക്കേക്ക് വരുന്നു. ഈ സമയം ഒരാൾ ബൈക്കിൽ അതിവഴി വന്ന് കാളയുടെ മുന്നില്‍ നില്‍ക്കുമ്പോൾ സിസിടിവി ദൃശ്യങ്ങൾ അവസാനിക്കുന്നു.