
മധ്യപ്രദേശിലെ റായ്സെന്‍ ജില്ലയിലെ ഖണ്ഡേര ധാം ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോട് ഒരുക്കിയ കൂറ്റന്‍ ഊഞ്ഞാൽ (Giant Wheel) പ്രവര്‍ത്തിക്കുന്നതിനിടെ തകർന്നു. ഇതോടെ ഊഞ്ഞാലില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി നിലവിളിക്കാൻ തുടങ്ങിയെങ്കിലും ഈ സമയം ആഘോഷത്തിന്‍റെ ഭാഗമായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ എല്ലാ റൈഡർമാരെയും സുരക്ഷിതമായി താഴെയിറക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
"അത് കാലു കൊണ്ട് പ്രവർത്തിപ്പിച്ച ഒരു സ്വിംഗ് ആയിരുന്നു. ഒരു കൊളുത്ത് പൊട്ടിയതാണ് ഊഞ്ഞാൽ തകരാന്‍ കാരണമായത്. ഊഞ്ഞാൽ ഇപ്പോൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു." ദേവനഗർ പോലീസ് സ്റ്റേഷൻ ഇൻ - ചാർജ് അറിയിച്ചു. നവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് നൂറുകണക്കിന് സ്റ്റാളുകൾ സ്ഥാപിച്ചിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകൾ അപകടസമയത്ത് ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. പോലീസുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ ഊഞ്ഞാലില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ക്ഷേത്ര പരിസരം സാധാരണ നിലയിലേക്ക് നീങ്ങിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വീഡിയോ വൈറല്‍
അപകടത്തിന് പിന്നാലെ സംഭവത്തിന്‍റെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപകടത്തെ തുടർന്ന് കൂറ്റന്‍ ഊഞ്ഞാല്‍ ഒരു ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്നതും ആളുകൾ അതിനുള്ളില്‍ ആളുകൾ പരിഭ്രാന്തരായി രക്ഷപ്പെടാനുള്ള വഴികൾ നോക്കുന്നതും കാണാം. മറ്റ് ചില വീഡിയോകളില്‍ പോലീസ് ഉദ്യോഗസ്ഥരും മറ്റ് ചില പ്രദേശവാസികളും കൂടി പാതിചാഞ്ഞ് നില്‍ക്കുന്ന ഊഞ്ഞാലിന് മുകളിലേക്ക് കയറി അതില്‍ കുടിങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാം.
പതിറ്റാണ്ടുകൾക്ക് മുമ്പ് കാലുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം കൂറ്റന്‍ ഊഞ്ഞാലുകൾ നാട്ടിന്‍പുറങ്ങളില്‍ പ്രത്യേകിച്ചും ഉത്സവകാലങ്ങളില്‍ സർവ്വസാധാരണമായിരുന്നു. എന്നാല്‍ പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് പ്രദേശിക ആഘോഷങ്ങൾക്കിടയില്‍ പോലും ഇത്തരം ആഘോഷങ്ങൾ കുറഞ്ഞ് വരികയാണ്.