കണ്ണെത്താ ദൂരത്തോളം ചുട്ടുപൊള്ളുന്ന മണൽ, മരുഭൂമിയുടെ നടുവിലൊരു വീട് വിൽപനയ്ക്ക്, വില 12 കോടി!

By Web TeamFirst Published Sep 13, 2021, 1:58 PM IST
Highlights

മരുഭൂമിയിലാണ് എങ്കിലും എളുപ്പത്തിലൊന്നും നശിക്കാത്ത രീതിയിലും അകത്ത് ആവശ്യത്തിന് തണുപ്പ് ലഭ്യമാകുന്ന രീതിയിലുമാണ് ഇത് പണിതിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മരുഭൂമിയുടെ മധ്യത്തിൽ നിർമ്മിച്ച ഒരു വീട് 1.75 മില്യൺ ഡോളറിന് വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. അതായത് ഏകദേശം നമ്മുടെ 12.8 കോടി രൂപ. സാധാരണയായി ആരും മരുഭൂമിയുടെ നടുവില്‍ ഒരു വീട് വയ്ക്കാന്‍ ധൈര്യപ്പെടില്ല അല്ലേ? എന്നാല്‍, ഇവിടെ കാലിഫോര്‍ണിയയിലെ ആപ്പിള്‍വാലിയിലെ മരുഭൂമിയുടെ നടുവിലായിട്ടാണ് ഈ വീട് പണിതിരിക്കുന്നത്. 

ഇതിന്‍റെ സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. താമസക്കാർക്ക് അനുഭവപ്പെടുന്നതെല്ലാം അവരുടെ ചർമ്മത്തിൽ സൂര്യപ്രകാശം തീവ്രമായി വന്നുപതിക്കുന്നതും കാൽവിരലുകളിൽ ചൂടുള്ള മണലുകളുടെ സ്പര്‍ശവും ആയിരിക്കും. എങ്ങുനോക്കിയാലും വിശാലമായ മണൽ മാത്രം, കൂടാതെ കള്ളിച്ചെടിയുടെ സാന്നിധ്യവും. 

മൊജാവേ മരുഭൂമിയിൽ, പാറക്കല്ലുകളാൽ ചുറ്റപ്പെട്ട, ജനവാസമില്ലാത്ത അഞ്ച് ഏക്കറിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത് എന്ന് മെട്രോ റിപ്പോർട്ട് ചെയ്തു. മെട്രോ പറയുന്നത് അനുസരിച്ച് അർബൻ ആർക്കിടെക്ചറൽ സ്പേസ് ഗ്രൂപ്പിന്റെ ഡിസൈനുകളെ അടിസ്ഥാനമാക്കി കുഡ് ഡെവലപ്‌മെന്റ് ആണ് കോണ്‍ക്രീറ്റിലുള്ള ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. 

വീടിനുള്ള സ്ഥലം ഉണ്ടാക്കാൻ തൊഴിലാളികൾക്ക് എല്ലാ അവശിഷ്ടങ്ങളും വൃത്തിയാക്കേണ്ടി വന്നതിനാൽ നിർമ്മാണ പ്രക്രിയ വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. വീട് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും എന്നാൽ ആകർഷകമായ ഈ വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വന്നു കാണാനുള്ള അവസരവുമുണ്ട് എന്നും അറിയിക്കുന്നുണ്ട്. 

മരുഭൂമിയിലാണ് എങ്കിലും എളുപ്പത്തിലൊന്നും നശിക്കാത്ത രീതിയിലും അകത്ത് ആവശ്യത്തിന് തണുപ്പ് ലഭ്യമാകുന്ന രീതിയിലുമാണ് ഇത് പണിതിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിൽ 1,647 ചതുരശ്ര അടി സ്ഥലത്താണ് വീട് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികളും കുളിമുറികളും ഇതിനകത്തുണ്ട്. 2022 -ന്റെ തുടക്കത്തിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

click me!