തമിഴ്‌നാട്ടിലെ 'ശങ്കർ' ജാതിക്കൊലയുടെ വിചാരണ അട്ടിമറിക്കപ്പെട്ടത് ഇങ്ങനെ

By Web TeamFirst Published Jun 22, 2020, 3:07 PM IST
Highlights

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നാലുദിവസം കഴിഞ്ഞാണ് ശേഖരിച്ചതെന്നും, അവ മോർഫ് ചെയ്യപ്പെട്ടതാണെന്നും പ്രതിഭാഗം വക്കീൽ വാദിച്ചു.  

തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഉദുമല്പേട്ട് 'ശങ്കർ' ദുരഭിമാനക്കൊലക്കേസിന്റെ വിചാരണ പൂർത്തിയാക്കിയ  മദ്രാസ് ഹൈക്കോടതി വധു കൗസല്യയുടെ അച്ഛൻ  ചിന്നസ്വാമിയെ വെറുതെ വിട്ടിരിക്കുകയാണ്. ഇന്നാണ് ചിന്നസ്വാമിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി പുറത്തു വന്നത്. ചിന്നസ്വാമി സ്വന്തം മകളെ വിവാഹം ചെയ്ത ശങ്കറിനെ കൊള്ള ക്വട്ടേഷൻ നൽകിയ വാടകക്കൊലയാളികളുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട് കോടതി. നിരവധി പേർ നോക്കി നിൽക്കെ നടുത്തെരുവിൽ വെച്ച് അക്രമിസംഘം ശങ്കറിനെയും കൗസല്യയെയും വടിവാളുകൾ കൊണ്ട് ആക്രമിച്ചതിന് അന്ന് നിരവധി സാക്ഷികൾ ഉണ്ടായിരുന്നിട്ടും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടതാണ് ഹൈക്കോടതി ബെഞ്ച് വിചാരണക്കോടതിയുടെ വിധി ഇളവുചെയ്യാനുള്ള കാരണം. 

 

 

2016 മാർച്ച് തേവർ സമുദായത്തിൽ പെട്ട കൗസല്യയെ വിവാഹം ചെയ്തതിന്, ദളിത് ജാതിക്കാരനായ ശങ്കറിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിയ സംഭവം ഏറെ കോലാഹലങ്ങളുണ്ടാക്കിയ ഒന്നാണ്. വിവാഹം കഴിഞ്ഞ് എട്ടുമാസത്തിനുള്ളിൽ നടന്ന ഈ ജാതിവെറി ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ശങ്കർ റോഡരികിൽ കിടന്ന് ചോരവാർന്നു മരിക്കുകയായിരുന്നു. സംഭവത്തിൽ അന്ന് കൗസല്യക്കും പരിക്കേറ്റിരുന്നു. 2017 -ൽ വിചാരണക്കോടതി കൗസല്യയുടെ കുടുംബങ്ങളെയും മറ്റു വാടകക്കൊലയാളികളെയും കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചിരുന്നു. അതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോയതിന്റെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായി വിധി വന്നിട്ടുള്ളത്. ജസ്റ്റിസ് എം സത്യനാരായണൻ, ജസ്റ്റിസ് എം നിർമൽ കുമാർ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. ജഗദീശൻ, മണികണ്ഠൻ, സെല്വകുമാർ, കളായി തമ്മിൽവണ്ണൻ, മദൻ  എന്നീ അഞ്ചു വാടകക്കൊലയാളികളുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം കഠിനതടവായി ഇളവുചെയ്തു. ഈ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിച്ചു എന്നു കണ്ട് വിചാരണക്കോടതി ശിക്ഷിച്ചവരായിരുന്നു ഈ അഞ്ചുപേരും. കൗസല്യയുടെ അച്ഛൻ ചിന്ന സ്വാമിക്കൊപ്പം അമ്മയും, വിചാരണക്കോടതി ഗൂഢാലോചനയുടെ ഭാഗമായി എന്നുകണ്ടു ശിക്ഷിച്ച മറ്റു രണ്ടുപേരും കൂടി ഹൈക്കോടതിയിൽ കുറ്റവിമുക്തരായി. 

 

 

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ചിന്നസ്വാമിക്കുണ്ടായിരുന്നു എന്നാരോപിക്കപ്പെട്ട പങ്ക് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് കുറ്റവിമുക്തിയിലേക്ക് നയിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നാലുദിവസം കഴിഞ്ഞാൽ ശേഖരിച്ചതെന്നും, അവ മോർഫ് ചെയ്യപ്പെട്ടതാണെന്നും പ്രതിഭാഗം വക്കീൽ വാദിച്ചു. തിരിച്ചറിയൽ പരേഡും വേണ്ടവിധത്തിലല്ല നടത്തിയത് എന്നും അവർ വാദിച്ചു. തങ്ങളുടെ കക്ഷി മകളുടെ ജാതിമാറിയുള്ള വിവാഹവുമായി പൊരുത്തപ്പെട്ടിരുന്നു എന്നും മകളുടെ ഭർത്താവിനെ വധിക്കാനുള്ള യാതൊരു ഉദ്ദേശ്യവും ചിന്നസ്വാമിക്ക് ഉണ്ടായിരുന്നില്ല എന്നും പ്രതിഭാഗം വക്കീൽ വാദിച്ചു. 2017 ഡിസംബറിൽ തിരുപ്പൂർ സെഷൻസ് കോടതിയാണ് ചിന്നസ്വാമിക്ക് വധശിക്ഷയും പത്തുവർഷത്തെ കഠിനതടവും വിധിച്ചത്. കഠിനതടവ് അനുഭവിച്ച ശേഷം തൂക്കിക്കൊല്ലണം എന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. 

ഭർത്താവ് ശങ്കർ കൊല്ലപ്പെടുമ്പോൾ വെറും പത്തൊമ്പത് വയസ്സുമാത്രമായിരുന്നു കൗസല്യക്ക്. ഗുരുതരമായി പരിക്കേറ്റ കൗസല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗസല്യയുടെ തലയ്ക്ക് വെട്ടേറ്റിരുന്നു. തന്നെയും ശങ്കറിനെയും ആക്രമിച്ചതിന് പിന്നിൽ തന്‍റെ കുടുംബാംഗങ്ങൾ തന്നെയാണെന്ന് അന്ന് കൗസല്യ നൽകിയ മൊഴി തന്നെയാണ് വിചാരണക്കോടതിയിൽ പരമാവധി ശിക്ഷകിട്ടാൻ കാരണമായതും. ഭർത്താവിന്റെ കൊലപാതകത്തിന് ശേഷം, ഇനി എന്തുവന്നാലും താൻ തന്‍റെ വീട്ടുകാർക്കൊപ്പം പോകില്ലെന്നും ശങ്കറിന്‍റെ വീട്ടിൽത്തന്നെ താമസിയ്ക്കുമെന്നും കൗസല്യ പ്രഖ്യാപിച്ചു. അസുഖബാധിതനായിരുന്ന ശങ്കറിന്‍റെ അച്ഛനെയും വൃദ്ധയായ അമ്മയയെും സ്വന്തം കാലിൽ നിന്ന് കൗസല്യ പരിചരിച്ചു. ശങ്കറിന് രണ്ട് ഇളയ സഹോദരങ്ങളായിരുന്നു. രണ്ട് പേരെയും പഠിപ്പിച്ചു. മുടങ്ങിപ്പോയ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി. കേന്ദ്രസർക്കാർ ജോലി നേടി. ഇതിനിടെയും കൗസല്യയ്ക്ക് നേരെ ആക്രമണങ്ങളും ഭീഷണികളും തുടർന്നു. പലപ്പോഴും ആക്രമണം ഭയന്ന് സ്വന്തം വീടിന്‍റെ മേൽവിലാസം പോലും കൗസല്യയ്ക്ക് ഒളിപ്പിച്ചുവയ്ക്കേണ്ടി വന്നു.

 

 

പിന്നീട്, കേസിന്റെ വിചാരണ പുരോഗമിക്കെ സാമൂഹ്യപ്രവർത്തനത്തിൽ സജീവമായി സാമാന്യജീവിതത്തിലേക്ക് തിരിച്ചുവന്ന കൗസല്യ, തമിഴ്നാട്ടിലെ ജാതിവിരുദ്ധസമരങ്ങളുടെ മുന്നണിപ്പോരാളിയായി. 2018 ഡിസംബറിൽ കൗസല്യ വീണ്ടും വിവാഹിതയാവുകയും ചെയ്തിരുന്നു. പറൈ സംഗീതജ്ഞനും തന്തൈ പെരിയാർ ദ്രാവിഡകഴകം പ്രവർത്തകനുമായ ശക്തിയായിരുന്നു കൗസല്യക്ക് വരനായത്. പാതിവഴി നിന്നുപോയിരുന്ന എഞ്ചിനീയറിംഗ് പഠനം സ്വന്തം ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രം പൂർത്തിയാക്കിയ കൗസല്യയെത്തേടി പിന്നീട് ഒരു കേന്ദ്രസർക്കാർ ജോലിയും എത്തി. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഭർത്താവ് ശക്തിയാകട്ടെ പഠനശേഷം പറൈ എന്ന നാടൻ വാദ്യകലയിലേയ്ക്ക് തിരിഞ്ഞ കലാകാരനാണ്. ഭാരതിയാർ സർവകലാശാലയിൽ നിന്ന് പറൈയാട്ടത്തിൽ ഡിപ്ലോമ നേടിയ ശക്തി തമിഴ്നാട്ടിലെ മുൻനിര പറൈ വാദ്യകലാകാരന്മാരിൽ ഒരാളുമാണ്. 

 

 

വിചാരണക്കോടതിയിൽ വീണ്ടും വിധം നടന്ന വിചാരണ ഹൈക്കോടതിയിൽ എത്തിയപ്പോഴേക്കും അട്ടിമറിക്കപ്പെട്ടു എന്ന്‌ കൗസല്യ പറഞ്ഞു. എന്നാലും തനിക്ക് നീതിന്യായവ്യവസ്ഥയിൽ തികഞ്ഞ വിശ്വാസമുണ്ട് എന്നും, തമിഴ്‌നാട് സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് താൻ കരുതുന്നത് എന്നും കൗസല്യ പറഞ്ഞു. തന്റെ അച്ഛനും അമ്മയ്ക്കും ഭർത്താവിനെ ഇല്ലാതാക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയ എല്ലാവർക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ കിട്ടും വരെ തന്റെ പോരാട്ടം തുടരുമെന്നും കൗസല്യ അറിയിച്ചു. കൗസല്യക്ക് സകലപിന്തുണയും നൽകിക്കൊണ്ട് ജീവിതപങ്കാളി ശക്തി അവരുടെ കൂടെത്തന്നെയുണ്ട്. 
 

click me!