
സ്കോട്ട്ലൻഡിൽ താമസിക്കുന്ന ഒരു ബ്രിട്ടീഷ്-ഇന്ത്യൻ യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഭർത്താവില്ലാതെ, കുടുംബത്തിൽ നിന്നും പാരമ്പര്യമായി കിട്ടിയ സ്വത്തോ, സാമ്പത്തിക സഹായമോ ഇല്ലാതെ താൻ എങ്ങനെ ഒരു വീട് സ്വന്തമാക്കി എന്നാണ് അവർ പോസ്റ്റിൽ പറയുന്നത്. തന്റെ കുടുംബത്തിൽ ഇങ്ങനെ തനിയെ വീട് സ്വന്തമാക്കുന്ന ആദ്യത്തെ സ്ത്രീയാണ് താൻ എന്നും അവൾ പറയുന്നു. യുകെ ആസ്ഥാനമായുള്ള ആർഎ ഹെൽത്ത് ഇന്നൊവേഷൻസ് ലിമിറ്റഡിന്റെ സ്ഥാപകയായ ആകാൻക്ഷ സഡേക്കറാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
തന്റെ കുടുംബത്തിൽ പങ്കാളിയില്ലാതെ ഒരു വീട് വാങ്ങുന്ന ആദ്യത്തെ സ്ത്രീ താനാണ്. ഭർത്താവിന്റെയോ കുടുംബത്തിന്റെയോ സഹായമില്ലാതെയാണ് താനത് ചെയ്തത് എന്നാണ് ആകാംക്ഷ സദേക്കർ എന്ന യുവതി പറയുന്നത്. 34 -ാമത്തെ വയസ്സിൽ താൻ പുതുതായി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നു. ഇത് താനായി ഉണ്ടാക്കിയെടുത്തതാണ്. ഭാഗ്യമല്ല മറിച്ച് തന്റെ വിദ്യാഭ്യാസവും അനുവാദത്തിന് വേണ്ടി കാത്തിരിക്കുന്നതിനോടുള്ള തൻറെ നിഷേധവുമാണ് തനിക്കിത് നേടിത്തന്നത് എന്നാണ് അവൾ പറയുന്നത്. ഇത് തന്റെ പ്രിവിലേജ് ആണെന്ന് പറയുന്നവരുണ്ട്. എന്നാൽ, ഇത് താൻ സ്വന്തമായി നേടിയെടുത്ത പ്രിവിലേജാണ്. സ്വപ്നം കാണുക എന്നത് ഫ്രീയല്ല അതിനുവേണ്ടി പോരാടേണ്ടതുണ്ട് എന്നും ആകാംക്ഷ കുറിക്കുന്നു. നിരവധിപ്പേരാണ് ആകാംക്ഷയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകളുമായി എത്തിയത്.
കഴിഞ്ഞ ദിവസം ഇതുപോലെ ടെക്സാസിൽ അമ്മയ്ക്കും അച്ഛനും വേണ്ടി പുതിയ വീടും ബിഎംഡബ്ല്യു കാറും വാങ്ങി എന്ന് പറഞ്ഞ ഒരു ഇന്ത്യൻ യുവാവിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. വൺ വേൾഡ് ട്രേഡ് സെന്ററിന്റെ 104 -ാം നിലയിൽ നിന്ന് ന്യൂയോർക്ക് നഗരം കണ്ട് ആസ്വദിക്കുന്ന തന്റെ മാതാപിതാക്കളുടെ വീഡിയോയാണ് അമിത് കശ്യപ് എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നത്.