പാലിന്‍റെ രുചിയുള്ള മില്‍ക്ക് ഫ്രൂട്ട് അഥവാ സ്റ്റാര്‍ ആപ്പിള്‍; കൃഷി ചെയ്യുന്നതിങ്ങനെ

By Web TeamFirst Published Dec 22, 2019, 11:55 AM IST
Highlights

ക്ഷാരസ്വഭാവമുള്ള മണ്ണിലാണ് ഈ ചെടികള്‍ നന്നായി വളരുന്നത്. വെള്ളക്കെട്ടില്ലാത്ത സ്ഥലത്താണ് മില്‍ക്ക്ഫ്രൂട്ടിന്റെ തൈകള്‍ നന്നായി വളരുന്നത്. ഇത് വേരുപിടിച്ചു കഴിഞ്ഞാല്‍ വേഗം വളരും. വേര് പിടിച്ചുകഴിഞ്ഞാല്‍ ഏത് കാലാവസ്ഥയും തരണം ചെയ്യാനുള്ള കഴിവുണ്ട്.

സപ്പോട്ടയുടെ കുടുംബക്കാരനാണ് മില്‍ക്ക്ഫ്രൂട്ട്. സ്റ്റാര്‍ ആപ്പിള്‍ എന്നും ഈ പഴം അറിയപ്പെടുന്നു. പാല്‍ പോലെ വെളുത്ത ദ്രാവകം ഈ പഴത്തിന്റെ ഉള്ളിലുണ്ട്. ഈ പഴത്തിനകത്ത് ഉള്‍ക്കാമ്പിന് നക്ഷത്രാകൃതി ഉണ്ടായിരിക്കും. അതിനാലാണ് സ്റ്റാര്‍ ആപ്പിള്‍ എന്ന് വിളിക്കുന്നത്.

മില്‍ക്ക് ഫ്രൂട്ടിന്റെ പ്രത്യേകത

മില്‍ക്ക് ഫ്രൂട്ടിന്റെ ജന്മദേശം മധ്യഅമേരിക്കയാണെന്ന് പറയപ്പെടുന്നു. അതുപോലെ വെസ്റ്റ് ഇന്‍ഡീസിലും ഈ പഴം ഉണ്ട്. വിയറ്റ്‌നാമില്‍ 'വു സുവ' എന്നാണ് മില്‍ക്ക്ഫ്രൂട്ട് അറിയപ്പെടുന്നത്. മുലപ്പാല്‍ എന്നാണ് ഈ പേരിനര്‍ഥം.

പാല്‍പ്പഴങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചത് ലോറെന്‍ മില്‍ക്ക്ഫ്രൂട്ട് ആണ്. വിയറ്റ്‌നാമിലെ ചൗ താന്‍ ജില്ലയില്‍ നിന്നാണ് ഈ പഴം വരുന്നത്.

പാല്‍പ്പഴം വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന സ്ഥലങ്ങളാണ് അമേരിക്ക, ആഫ്രിക്ക, ഏഷ്യന്‍ ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവ. ഇന്ത്യയില്‍ വഴിയോരങ്ങളില്‍ പ്രത്യേകിച്ച് പരിചരണമൊന്നും കൂടാതെ ഈ ചെടി വളരുന്നുണ്ട്.

 

മില്‍ക്ക് ഫ്രൂട്ടിന് ഏകദേശം 15 മീറ്റര്‍ ഉയരമുണ്ടാകും. പാല്‍പ്പഴം ശാഖകളിലാണ് വിടരുന്നത്. കോണ്‍ ആകൃതിയാണ് പഴങ്ങള്‍ക്ക്. തൊലിക്ക് പര്‍പ്പിള്‍ നിറമാണ്.

കൃഷിരീതി

വിത്തു മുളപ്പിച്ച് തൈകള്‍ വളര്‍ത്താം. ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് എന്നിവ വഴിയാണ് തൈകള്‍ വ്യാപകമായി ഉത്പാദിപ്പിക്കുന്നത്. വെനീര്‍ ഗ്രാഫ്റ്റിങ്ങ്, ഷീല്‍ഡ് ബഡ്ഡിങ്ങ്, എയര്‍ ലെയറിങ്ങ് എന്നിവയാണ് പ്രജനനത്തിന് ഉപയോഗിക്കുന്ന രീതികള്‍.

വിത്തുപയോഗിച്ച് തൈകളുണ്ടാക്കിയാല്‍ കായ്‍കള്‍ ഉത്പാദിപ്പിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്. അതുപോലെ തന്നെ കായകള്‍ ഉണ്ടാകാന്‍ കാലതാമസവും നേരിടാം. അതായത് 5 മുതല്‍ 10 വര്‍ഷം വരെ വേണ്ടി വന്നേക്കാം.

ക്ഷാര സ്വഭാവമുള്ള മണ്ണിലാണ് ഈ ചെടികള്‍ നന്നായി വളരുന്നത്. വെള്ളക്കെട്ടില്ലാത്ത സ്ഥലത്താണ് മില്‍ക്ക്ഫ്രൂട്ടിന്റെ തൈകള്‍ നന്നായി വളരുന്നത്. ഇത് വേരുപിടിച്ചു കഴിഞ്ഞാല്‍ വേഗം വളരും. വേര് പിടിച്ചുകഴിഞ്ഞാല്‍ ഏത് കാലാവസ്ഥയും തരണം ചെയ്യാനുള്ള കഴിവുണ്ട്.

കടുത്ത പര്‍പ്പിള്‍ നിറത്തിലുള്ള 'ഹെയ്ത്തിയന്‍' എന്ന ഇനം ഒട്ടുതൈകളായി വളര്‍ത്തി വളരെ പ്രചാരം നേടിയതാണ്.

ചെടി നട്ടാല്‍ ആദ്യവര്‍ഷങ്ങളില്‍ നന്നായി നനയ്ക്കണം. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിര്‍ബന്ധമായും നനച്ചുവളര്‍ത്തേണ്ട ആവശ്യമില്ല.

ജൈവവളങ്ങളാണ് അഭികാമ്യമെങ്കിലും രാസവളങ്ങളും പ്രയോഗിക്കാം. അതായത് ആദ്യവര്‍ഷങ്ങളില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഒരു ചെടിക്ക് 100 ഗ്രാം വീതം രാസവളമിശ്രിതം നല്‍കാം. ഇത് വര്‍ധിപ്പിച്ച് വളര്‍ച്ചയെത്തിയ ഒരു മരത്തിന് 400 ഗ്രാം മുതല്‍ 500 ഗ്രാം വരെ വളം ചേര്‍ക്കാം. രാസവളം തുല്യ അളവുകളായി വീതിച്ച് വെവ്വേറെ നല്‍കാം. ചെടികളുടെ തടത്തില്‍ പുതയിടുന്നതും നല്ലതാണ്. ചെടികളുടെ ചുവട്ടില്‍ 20-30 സെ.മീ കനത്തില്‍ പുതയിടണം. കൊമ്പുകോതല്‍ നടത്തി വളര്‍ച്ച നിയന്ത്രിക്കാം. ഒട്ടുതൈകള്‍, ബഡ്ഡുതൈകള്‍ എന്നിവയാണ് വളര്‍ച്ചയെത്തിയാല്‍ വേഗം വിളവ് തരുന്നത്. പഴങ്ങള്‍ പഴുത്ത് താഴോട്ട് വീഴാറില്ല.

 

പഴങ്ങള്‍ മൂപ്പെത്തിയാല്‍ ഞെട്ടോടുകൂടിയാണ് മുറിച്ചെടുക്കുന്നത്. മൂപ്പ് പാകമല്ലെങ്കില്‍ പഴങ്ങളില്‍ കറ ഉണ്ടാകും. നന്നായി പഴുത്ത പഴത്തിന് മങ്ങിയ നിറമായിരിക്കും. ഞൊറിവുകളും വീണിട്ടുണ്ടാകും. പഴങ്ങള്‍ തൊട്ടാല്‍ നല്ല മൃദുവാകും. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ഒരു മരത്തില്‍ നിന്ന് 60 കിലോ വരെ പഴം ലഭിക്കും. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിളവെടുപ്പ് കാലത്താണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്. മൂന്ന് ആഴ്‍ചയോളം പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാം.

മില്‍ക്ക്ഫ്രൂട്ടിന്റെ ഗുണങ്ങള്‍

പഴത്തിന്റെ ഉള്‍ക്കാമ്പ് ആണ് ഭക്ഷ്യയോഗ്യം. ഫ്രൂട്ട് സലാഡ് തയ്യാറാക്കാന്‍ ഉപയോഗിക്കാം. ജമൈക്കയില്‍ ഉണ്ടാക്കുന്ന മധുരപദാര്‍ഥമാണ് മാട്രിമോണി. പാല്‍പ്പഴം ഓറഞ്ച് നീരുമായി ചേര്‍ത്താണ് ഈ വിഭവം ഉണ്ടാക്കുന്നത്.

ഈ മരത്തിന്റെ ഇലകള്‍ കഷായം വെച്ച് കഴിക്കാറുണ്ട്. മരത്തൊലി കഷായം വെച്ചും കഴിക്കാം. പ്രമേഹം, വാതം എന്നിവയുടെ ചികിത്സയിലും പാല്‍പ്പഴം ഉപയോഗിക്കുന്നു. പാല്‍പ്പഴത്തിന്റെ തടികള്‍ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. ക്യാബിനുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മരത്തില്‍ നിന്നെടുക്കുന്ന കറ പശയായും ഉപയോഗിക്കുന്നു.

(കടപ്പാട്: മുന്‍ കൃഷി ജോയിന്റ് ഡയറക്ടര്‍ സുരേഷ് മുതുകളത്തിന്റെ പഴക്കൂടയിലെ നവാഗതര്‍ എന്ന പുസ്തകം)

click me!