റോസും ചെണ്ടുമല്ലിയും കൃഷി ചെയ്‍ത് മാസം നേടുന്നത് ഒരുലക്ഷം രൂപ; ഇത് ഗുജറാത്തിലെ കര്‍ഷകരുടെ ജീവിതമാര്‍ഗം

By Web TeamFirst Published Dec 22, 2019, 10:39 AM IST
Highlights

കാമ്പോയ് എന്ന ചെറിയ ഗ്രാമത്തിലെ മൂന്നിലൊരു ഭാഗം ജനങ്ങളും പൂക്കൃഷിയിലേക്ക് മാറി. ഈ ഗ്രാമത്തിലെ 300 ആദിവാസി കുടുംബങ്ങളില്‍ 100 കുടുംബവും പച്ചക്കറിക്കൃഷിയില്‍ നിന്നും ചെണ്ടുമല്ലി, ജമന്തി, റോസ് എന്നീ പൂക്കളിലേക്ക് ചുവടുമാറ്റം നടത്തിക്കഴിഞ്ഞു.

ഫ്ലോറികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗുജറാത്തിലെ ഗ്രാമങ്ങളില്‍ പൂക്കള്‍ നട്ടുപിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കിയതുവഴി പാവപ്പെട്ട കര്‍ഷകര്‍ക്ക് മികച്ച വരുമാനമുണ്ടാക്കാനും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനുമുള്ള അവസരമാണ് തുറന്നുകൊടുത്തത്. മുമ്പ് കിഴക്കന്‍ ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരെ പട്ടണങ്ങളിലേക്ക് തൊഴിലെടുപ്പിക്കാനായി കൊണ്ടുപോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ സ്വന്തമായി റോസും ചെണ്ടുമല്ലിയും വളര്‍ത്തി ജീവിതമാര്‍ഗം കണ്ടെത്തുകയാണ്. മാസവരുമാനം പണ്ടത്തേതിനേക്കാള്‍ പത്ത് മടങ്ങ് വര്‍ധിപ്പിക്കാന്‍ പൂക്കൃഷി കൊണ്ട് കഴിഞ്ഞുവെന്നതാണ് അദ്ഭുതം.

'എന്റെ ഇപ്പോഴത്തെ മാസവരുമാനം ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിലാണ്. ഞാന്‍ പട്ടണത്തില്‍ പോയി പണിയെടുക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ പത്ത് മടങ്ങാണ് ഇത്' ദാഹോദ് ജില്ലയിലെ കൃഷിക്കാരനായ ജസുബെന്‍ പാര്‍മര്‍ പറയുന്നു.

പാര്‍മര്‍ കഴിഞ്ഞ ആറു വര്‍ഷക്കാലമായി റോസ് കൃഷി ചെയ്യുന്നു. ഒരു മാസത്തില്‍ 20,000 മുതല്‍ 30,000 വരെ പൂക്കള്‍ വിളവെടുക്കുന്നു. 'റോഡിലൂടെ കടന്നുപോകുന്ന ആവശ്യക്കാര്‍ക്ക് 10 രൂപക്ക് പൂക്കള്‍ നല്‍കുന്നു. ഉത്സവ സമയങ്ങളായ ദീപാവലി, നവരാത്രി, ഗണേഷ് പൂജ എന്നീ സമയങ്ങളില്‍ 20 രൂപ മുതല്‍ 40 രൂപ വരെ പൂക്കളുടെ വില ഉയരും.' പാര്‍മര്‍ തന്റെ പൂവില്‍പ്പനയെക്കുറിച്ച് വ്യക്തമാക്കുന്നു.

 

ഈ ഗ്രാമത്തിലെ പൂക്കൃഷിക്കാര്‍ വരുമാനം നേടാന്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുന്നു. ജോലിക്കായി പല സ്ഥലങ്ങളിലും മാറിമാറി ജീവിച്ച 56 വയസ്സുള്ള ആദിവാസി സ്ത്രീ പറയുന്നത് 'എനിക്കും എന്റെ ഭര്‍ത്താവിനും സ്‌കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ മകനും ഇതുതന്നെയായിരുന്നു അവസ്ഥ. ജീവിക്കാനായി പല സ്ഥലങ്ങളില്‍ മാറി മാറി യാത്ര ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ പഠിക്കാന്‍ പോലും പറ്റാതായത്. എന്നാല്‍ ഇപ്പോള്‍ എന്റെ കൊച്ചുമക്കള്‍ക്ക് പഠിക്കാന്‍ കഴിയുന്നു.' ഇപ്പോള്‍ ഇവര്‍ക്ക് സ്വന്തമായി ഫാം ഉണ്ട്.

കാമ്പോയ് എന്ന ചെറിയ ഗ്രാമത്തിലെ മൂന്നിലൊരു ഭാഗം ജനങ്ങളും പൂക്കൃഷിയിലേക്ക് മാറി. ഈ ഗ്രാമത്തിലെ 300 ആദിവാസി കുടുംബങ്ങളില്‍ 100 കുടുംബവും പച്ചക്കറിക്കൃഷിയില്‍ നിന്നും ചെണ്ടുമല്ലി, ജമന്തി, റോസ് എന്നീ പൂക്കളിലേക്ക് ചുവടുമാറ്റം നടത്തിക്കഴിഞ്ഞു.

ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 30,000 രൂപ സബ്‌സിഡി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ ഈ പൂക്കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. കൃഷിനിലം ഒരുക്കാനും വിത്തിടാനും മുളപ്പിക്കാനുമെല്ലാമാണ് ഈ സബ്‌സിഡി ഉപയോഗിക്കുന്നത്. അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി വഴി നിരവധി കൃഷിക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

റോസ് കൃഷി ചെയ്യുന്നവര്‍ക്കായി ചില ടിപ്‌സ്

കേരളത്തില്‍ സാധാരണ നവംബര്‍ മാസത്തിലാണ് റോസ് നടുന്നത്. കൊമ്പുകോതലും വളം ചേര്‍ക്കലുമാണ് റോസിന് പ്രധാനം. നവംബര്‍ ആദ്യപകുതിയില്‍ത്തന്നെ കൊമ്പുകോതലും വളമിടലും നടത്തണം. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും റോസ് നിറയെ പൂക്കള്‍ ലഭിക്കും.

റോസില്‍ അനാവശ്യമായി ശാഖകള്‍ നിലനിര്‍ത്താന്‍ പാടില്ല. ആവശ്യമില്ലാത്ത ശാഖകള്‍ വെട്ടിമാറ്റണം. നല്ല മൂന്നോ നാലോ ശാഖകള്‍ മാത്രം നിലനിര്‍ത്തിയാല്‍ മതി. കമ്പ് നീക്കം ചെയ്യാന്‍ നല്ല മൂര്‍ച്ചയുള്ള കത്തിയോ ബ്ലേഡോ വേണം.

ഹൈബ്രിഡ് ഇനം റോസുകളില്‍ നല്ല നാലോ അഞ്ചോ ശിഖരങ്ങള്‍ മാത്രം വെച്ച് ബാക്കി ചുവട്ടില്‍ നിന്ന് നാലിഞ്ച് മുകളിലായി മുറിച്ചു നീക്കണം. ഏറ്റവും മുകളിലുള്ള മുകുളം നിലനിര്‍ത്തി വേണം പ്രൂണിങ്ങ് നടത്താന്‍.

റോസ് നടുന്നവര്‍ ചുവട്ടില്‍ മണ്ണിളക്കി കളനീക്കണം. നന്നായി നനയ്ക്കണം. പ്രൂണിങ്ങ് നടത്തുന്നതിന് മുമ്പ് വളം നല്‍കാന്‍ ശ്രദ്ധിക്കണം. ഒരോ ചെടിക്കും അഞ്ച് കി.ഗ്രാം ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ക്കാം.

 

റോസ് മിക്‌സ്ചര്‍ വളരാന്‍ നല്ലതാണ്. ഇത് 30 ഗ്രാം വീതം ഓരോ ചെടിക്കും നല്‍കാം. ചെടിയുടെ ചുവട്ടില്‍ നിന്നും ഒരു ചാണ്‍ അകലത്തില്‍ മണ്ണിളക്കിയാണ് വളമിടേണ്ടത്.

നിലക്കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ വളമായി ഉപയോഗിക്കാം. യൂറിയ, മസ്സൂരി ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 1:3:2 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി റോസിന് ചേര്‍ക്കാം.

സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിയുടെ ചുവട്ടില്‍ ഒഴിക്കാം. നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്താണ് റോസാച്ചെടികള്‍ നടേണ്ടത്. തണലുണ്ടായാല്‍ പൂക്കള്‍ കുറയും.

click me!