
നാല് ലക്ഷം രൂപ മാസവാടക നൽകി ഒരു വീട്ടിൽ താമസിക്കുക. നമുക്ക് അത് ചിന്തിക്കാൻ പോലും സാധിക്കില്ല അല്ലേ? എന്നാൽ, മെക്സിക്കോയിൽ നിന്നുള്ള ഒരു യുവാവ് ബെംഗളൂരുവിലെ വാടകവീട്ടിൽ കഴിയുന്നത് മാസാമാസം ഈ കനത്ത വാടകയും നൽകിയാണ്. എന്നാൽ, അത്രയേറെ മനോഹരവും ആഡംബരപൂർണവുമായതാണ് ഈ വീടും.
വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് @Theshashank_p എന്ന യൂസറാണ്. ഇയാൾ മറ്റൊരു ബെംഗളൂരുവിലാണ് ജീവിക്കുന്നത് എന്ന കാപ്ഷനോടെയാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് റോഡിലൂടെ നടന്നു വരികയായിരുന്ന യുവാവിനോട് ഒരു യുവതി ഒരു മാസം നിങ്ങൾ എത്ര രൂപയാണ് വാടക കൊടുക്കുന്നത് എന്ന് ചോദിക്കുന്നതാണ്. യുവാവ് നാല് ലക്ഷം രൂപ എന്ന് പറയുന്നതും കാണാം. യുവതി നാല് ലക്ഷം രൂപയോ എന്ന് ചോദിക്കുന്നു. സിറ്റിയിൽ നിന്നും നന്ദി ഹിൽസിലോട്ടുള്ള റോഡിലാണ് തന്റെ ഈ വാടകവീട് എന്നും യുവാവ് പറയുന്നുണ്ട്. പിന്നീട് യുവാവിനോട് ആ വീടൊന്ന് കാണാൻ സാധിക്കുമോ എന്നാണ് യുവതി ചോദിക്കുന്നത്.
പിന്നീട് ഹോം ടൂറാണ്. ശരിക്കും ഈ വീട് കണ്ടാൽ നമ്മളായാലും അങ്ങ് ഇഷ്ടപ്പെട്ട് പോകും എന്ന കാര്യത്തിൽ സംശയമില്ല. വളരെ വിശാലമായ ഹാളും കിടപ്പുമുറികളും ഒക്കെയുള്ള വീട് പൂന്തോട്ടവും ജലധാരകളും ഒക്കെയായി അലങ്കരിച്ചിരിക്കുന്നതും കാണാം. ഈ ഫർണിച്ചറുകൾ തന്റെ നാടായ മെക്സിക്കോയിൽ നിന്നുള്ളതാണ് എന്നും യുവാവ് പറയുന്നത് കാണാം.
എന്നാലും, നാല് ലക്ഷം വാടക എന്നൊക്കെ നമുക്ക് തോന്നുന്നുണ്ട് എങ്കിലും യുവാവ് പറയുന്നത് ഇത് അതിനുള്ളതുണ്ട് എന്നാണ്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
മാസാമാസം നാല് ലക്ഷം രൂപ വാടക കൊടുക്കുന്നുണ്ടെങ്കിൽ യുവാവിന്റെ ജോലി എന്തായിരിക്കും, എത്ര രൂപയാവും അയാൾ മാസം സമ്പാദിക്കുന്നുണ്ടാവുക എന്ന സംശയമാണ് ചിലർ പങ്കുവച്ചത്. മറ്റ് ചിലർ ചോദിച്ചത്, മാസം നാല് ലക്ഷം രൂപ വാടക കൊടുക്കാനുണ്ടെങ്കിൽ ഇഷ്ടത്തിനുള്ള ഒരു വീട് യുവാവിന് പണിതൂടെ എന്നാണ്.