
പതിവായി മോഷണം നടത്തി, ഒടുവിൽ എച്ച് ആർ പിടിയിൽ. സംഭവം നടന്നത് ചൈനയിലാണ്. 25 -കാരനായ എച്ച് ആർ ആയ യുവാവാണ് ഇടയ്ക്കിടെയുള്ള തന്റെ ഇന്റർനാഷണൽ ട്രിപ്പുകൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി പണവും ക്രെഡിറ്റ് കാർഡുകളും അടങ്ങുന്ന വാലറ്റുകൾ മോഷ്ടിച്ചത്.
ആൻ എന്നാണ് യുവാവിന്റെ പേര്. ഷാങ്ഹായിലെ ഒരു പ്രശസ്തമായ സർവകലാശാലയിൽ നിന്നായിരുന്നു ഇയാൾ ബിരുദം നേടിയത്. നഗരത്തിലെ ഒരു പ്രധാന കമ്പനിയുടെ ഹ്യുമൻ റിസോഴ്സസ് വിഭാഗത്തിൽ ജോലി ചെയ്തു വരികായിരുന്നു. മാസം 10,000 യുവാൻ (ഏകദേശം 1,21,216.21 ഇന്ത്യൻ രൂപ) ആയിരുന്നു ഇയാൾക്ക് ശമ്പളം ലഭിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 120 -ലധികം നാഷണൽ, ഇന്റർനാഷണൽ യാത്രകൾ ഇയാൾ നടത്തിയതായി ഷാങ്ഹായ് ടിവി റിപ്പോർട്ട് ചെയ്യുന്നു.
ആനിന്റെ കമ്പനിയിൽ നടന്ന ഒരു ഇന്റർവ്യൂവിന് ശേഷം തന്റെ പഴ്‌സ് നഷ്ടപ്പെട്ടതായി ലി എന്ന ഒരാൾ പരാതി നൽകിയതിനെ തുടർന്നാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ലീക്ക് ബാങ്കിൽ നിന്ന് ഒരു കോൾ ലഭിച്ചു. ആൻ എന്ന പേരിൽ വിദേശത്തേക്ക് ഒരു റിട്ടേൺ എയർ ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി ആരോ ലിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എന്നാണ് ബാങ്കിൽ നിന്നും അറിയിച്ചത്. ജോലിക്കുള്ള ഇന്റർവ്യൂവിനിടെ ആനിന്റെ പെരുമാറ്റം സംശയാസ്പദമായി തോന്നിയതായും ലി പൊലീസിനോട് പറഞ്ഞു.
ഇതുകേട്ട പൊലീസ് സമാനമായ മറ്റ് സംഭവങ്ങളെയും ആനുമായി ബന്ധപ്പെടുത്തി നോക്കി. ആനിന്റെ സഹപ്രവർത്തകരിൽ ഒരാളായ ഷൗ എന്നൊരാളും ജോലിസ്ഥലത്ത് വച്ച് തന്റെ പഴ്‌സ് നഷ്ടപ്പെട്ടതായി ഓർത്തെടുത്തു. അതിൽ 1,000 യുവാനും (ഏകദേശം 12,121 രൂപ) ഐഡന്റിറ്റി കാർഡുകളും ഉണ്ടായിരുന്നു. ഷൗ അന്ന് പൊലീസിൽ പരാതി നൽകിയിരുന്നില്ല. പിന്നീട് ഓഫീസിൽ നിന്ന് ഷൗവിന്റെ പഴ്‌സ് എടുത്തതായി ആൻ സമ്മതിക്കുകയും ചെയ്തു.
അതുപോലെ ഷാങ് എന്നൊരാൾക്ക് എയർപോർട്ടിൽ വച്ച് രണ്ടരലക്ഷം രൂപയോളം ഉള്ള തന്റെ പഴ്സും ക്രെഡിറ്റ് കാർഡുകളും നഷ്ടപ്പെട്ടിരുന്നു. സമയത്തിന്റെ പരിമിതി കാരണം അന്ന് ഷാങ് സംഭവം പൊലീസിൽ അറിയിച്ചില്ല.
ഒടുവിൽ ആൻ പൊലീസിനോട് കുറ്റമെല്ലാം സമ്മതിച്ചു. തനിക്ക് ഒരുപാട് യാത്രകൾ ചെയ്യാനിഷ്ടമാണ്, അത് ഓൺലൈനിൽ ഷെയർ ചെയ്യാനും ഇഷ്ടമാണ്. അപരിചിതരുമായി സൗഹൃദം ഉണ്ടാക്കാനും ഇഷ്ടമാണ് എന്നും അതിനായിട്ടാണ് മോഷണം നടത്തിയത് എന്നും ആൻ സമ്മതിച്ചു.