
ആൺമക്കൾ മതി, ആൺമക്കളാണ് നല്ലത് എന്ന് ചിന്തിക്കുന്ന കുടുംബങ്ങളുണ്ട്. അതുപോലെ ഒരു കുടുംബത്തിൽ ജനിച്ച്, സ്വന്തം മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട യുവതിയാണ് ചൈനയിൽ നിന്നുള്ള ഹുവാംഗ് ഷുവാനി എന്ന 44-കാരി. എന്നാൽ, ഇന്ന് അവർ 300 കോടിയിലധികം രൂപ വർഷത്തിൽ വിറ്റുവരവുള്ള ഒരു ഫാഷൻ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കയാണ്.
മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലായിരുന്നു ഹുവാംഗിന്റെ ജനനം. ഏഴ് മക്കളിൽ ആറാമത്തെ മകളായിട്ടാണ് അവൾ ജനിച്ചത്. മകനെ മാത്രം സ്നേഹിച്ചിരുന്ന മാതാപിതാക്കൾ ഹുവാംഗിനെ വീടിന്റെ ഉമ്മറത്ത് തനിച്ചിരുത്തിയാണ് ഭക്ഷണം നൽകിയിരുന്നത്. അവളുടെ പേര് പോലും അവർ പലപ്പോഴും ഓർത്തിരുന്നില്ല. ഒരിക്കൽ രോഗബാധിതയായ ഹുവാംഗിനെ മാതാപിതാക്കൾ മലമുകളിൽ ഉപേക്ഷിച്ചു. ഒരു അപരിചിതൻ രക്ഷപ്പെടുത്തിയതുകൊണ്ട് മാത്രമാണ് അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
എങ്കിലും ഇതിനോടെല്ലാം പൊരുതി ഹുവാംഗ് പഠിച്ചുയർന്നു. അഗ്രികൾച്ചറൽ സയൻസിൽ ബിരുദം നേടിയ ശേഷം വിവാഹിതയായെങ്കിലും ആ ജീവിതവും തകർച്ചയിലായിരുന്നു. ആ ദാമ്പത്യം വിവാഹമോചനത്തിൽ അവസാനിച്ചു. ഏക മകളുടെ സംരക്ഷണാവകാശവും നഷ്ടമായി. എന്നാൽ അവിടെയും തളർന്നിരിക്കാൻ ഹുവാംഗ് തയ്യാറല്ലായിരുന്നു. 2015 -ൽ ചൈനയിലെ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'താവോബാവോ'യിൽ 50,000 യുവാൻ നിക്ഷേപിച്ച് അവൾ വസ്ത്രങ്ങൾ വിൽക്കാനാരംഭിച്ചു. തുടക്കത്തിൽ വൻ ലാഭം നേടിയെങ്കിലും 2017-ഓടെ എടുത്ത തെറ്റായ തീരുമാനങ്ങൾ അവളെ 50 ലക്ഷം യുവാൻ കടക്കാരയാക്കി. കടക്കെണിയിൽ തളരാതെ അവൾ ബിസിനസ് മാനേജ്‌മെന്റും ഫാഷൻ ഡിസൈനിംഗും സ്വയം പഠിച്ചു. 2020 -ൽ 'മിക്സ് സെലക്ഷൻ' എന്ന സ്വന്തം ബ്രാൻഡ് ആരംഭിച്ചു. ഉയരം കുറഞ്ഞ സ്ത്രീകൾക്കായുള്ള പ്രത്യേക ഡിസൈനുകളും ചൈനീസ് പാരമ്പര്യവും ആധുനികതയും ചേർന്ന 'നിയോ-ചൈനീസ്' ഫാഷനും ബ്രാൻഡിനെ പ്രശസ്തമാക്കി.
2025 -ഓടെ വാർഷിക വിൽപന 250 മില്യൺ യുവാനിലധികം (ഏകദേശം 300 കോടി രൂപ) കടന്നു. ലോകമെമ്പാടുമായി 20 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് അവർക്ക്. തളർന്നുപോകുന്ന പെൺകുട്ടികൾക്കായി ഓൺലൈൻ സംരംഭകത്വ കോഴ്‌സുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്നവർ. 'കുടുംബവും ദാമ്പത്യവും ശ്വാസം മുട്ടിക്കുന്ന എന്നെപ്പോലെയുള്ള പെൺകുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ; വിട്ടുകൊടുക്കരുത്. അല്പം കൂടി പിടിച്ചുനിൽക്കുക, അവിടെ പ്രതീക്ഷയുടെ വെളിച്ചമുണ്ടാകും' എന്നാണ് ഹുവാംഗ് പറയുന്നത്.