വാച്ച് ഇടതുകൈത്തണ്ടയിൽ ധരിച്ച ഇയാൾ കടയുടെ പിൻഭാഗത്തുള്ള കണ്ണാടിക്കരികിലേക്ക് നടന്നു. സമീപത്തുണ്ടായിരുന്ന കസേരയിൽ ഇരിക്കാൻ പോകുന്നതുപോലെ അഭിനയിച്ചശേഷം പെട്ടെന്ന് കടയിൽനിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വാച്ച് തിരികെ നൽകാതെയാണ് ഇയാൾ രക്ഷപ്പെട്ടത്.

ജപ്പാനിലെ ടോക്കിയോയിൽ ഒരു വാച്ച് കടയിൽനിന്ന് മോഷണം പോയ കോടികൾ വിലമതിക്കുന്ന ആഡംബര വാച്ച് ഒരാഴ്ചയ്ക്കകം തിരിച്ചെത്തി. വാച്ചിനൊപ്പം ക്ഷമാപണ കുറിപ്പും ഉണ്ടായിരുന്നു. ഏകദേശം 46 ദശലക്ഷം ജാപ്പനീസ് യെൻ (ഏകദേശം 2.7 കോടി രൂപ) വിലമതിക്കുന്ന Audemars Piguet വാച്ചാണ് നവംബർ ഒന്നിന് കൊറിയർ വഴി കടയിൽ തിരിച്ചെത്തിയത്.

ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിൽ നിന്നാണ് വാച്ച് അടങ്ങിയ പാഴ്സൽ അയച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോഷണം നടന്ന കാമെകിച്ചി നകാനോ ഹോണ്ടൻ എന്ന വാച്ച് കടയിൽ നവംബർ ഒന്നിന് രാവിലെയാണ് പാഴ്സൽ എത്തിയത്. വാച്ചിലെ സീരിയൽ നമ്പർ പരിശോധിച്ച ജീവനക്കാർ, ഇത് മോഷണം പോയ അതേ വാച്ചാണെന്ന് സ്ഥിരീകരിച്ചു.

പാഴ്സൽ അയച്ചയാളുടെ പേരും വിലാസവും അതിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇവ വ്യാജമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. മോഷണത്തിൽ ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പും പാഴ്സലിനുള്ളിലുണ്ടായിരുന്നു. വാച്ചിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

വാച്ച് മോഷണം ഇങ്ങനെ

ജാപ്പനീസ് പത്രമായ യോമിയുരി ഷിംബുൻ റിപ്പോർട്ട് പ്രകാരം ഒക്ടോബർ 29 -ന് രാത്രി 7.45 ഓടെയാണ് മോഷണം നടന്നത്. ടോക്കിയോയിലെ നകാനോ വാർഡിലുള്ള നകാനോ ബ്രോഡ്‌വേ ഷോപ്പിങ് കോംപ്ലക്സിന്റെ മൂന്നാം നിലയിലെ വാച്ച് കടയിലായിരുന്നു സംഭവം.

കടയിലെത്തിയ യുവാവ് പ്രദർശനത്തിന് വെച്ചിരുന്ന ഒരു വാച്ച് ധരിച്ചുനോക്കാൻ ജീവനക്കാരനോട് അനുവാദം ചോദിച്ചു. അത് പരിശോധിച്ചശേഷം യുവാവ് തിരികെ നൽകി. തുടർന്ന് സ്വിറ്റ്സർലൻഡിൽ നിർമിച്ച ഏകദേശം 46 ദശലക്ഷം യെൻ വിലമതിക്കുന്ന മറ്റൊരു വാച്ച് ധരിച്ചുനോക്കണമെന്ന് ആവശ്യപ്പെട്ടു.

വാച്ച് ഇടതുകൈത്തണ്ടയിൽ ധരിച്ച ഇയാൾ കടയുടെ പിൻഭാഗത്തുള്ള കണ്ണാടിക്കരികിലേക്ക് നടന്നു. സമീപത്തുണ്ടായിരുന്ന കസേരയിൽ ഇരിക്കാൻ പോകുന്നതുപോലെ അഭിനയിച്ചശേഷം പെട്ടെന്ന് കടയിൽനിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വാച്ച് തിരികെ നൽകാതെയാണ് ഇയാൾ രക്ഷപ്പെട്ടത്.

ഇരുണ്ട നിറത്തിലുള്ള ജാക്കറ്റും പാന്റ്സും തൊപ്പിയും ധരിച്ചിരുന്ന ഇയാൾ ഏകദേശം എട്ട് മിനിറ്റാണ് കടയ്ക്കുള്ളിൽ ചെലവഴിച്ചത്. മോഷണം നടക്കുമ്പോൾ കടയിൽ രണ്ട് ജീവനക്കാരുണ്ടായിരുന്നു. ഒരാൾ വിൽപ്പന വിഭാഗത്തിലും മറ്റൊരാൾ പിൻഭാഗത്തെ മുറിയിലുമായിരുന്നു. വാച്ചുമായി കടന്നുകളഞ്ഞയാളെ കണ്ടെത്താനുള്ള അന്വേഷണം ടോക്കിയോ മെട്രോപൊളിറ്റൻ പൊലീസ് ഇപ്പോഴും തുടരുകയാണ്. മോഷ്ടിച്ച വാച്ച് തിരികെ അയച്ച വ്യക്തിയെ തിരിച്ചറിയാനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.