ഇരുണ്ട തൊലി, റോബോട്ടുകളെപ്പോലെ പ്രവര്‍ത്തിക്കും; 1000 വര്‍ഷം കഴിഞ്ഞാല്‍ മനുഷ്യര്‍ ഇങ്ങനെയിരിക്കും?

By Web TeamFirst Published Jan 6, 2020, 2:31 PM IST
Highlights

അങ്ങനെ കമ്പ്യൂട്ടറുകൾ ക്രമേണ മനുഷ്യരെപ്പോലെയാകുമ്പോൾ, പക്ഷേ, മനുഷ്യർ റോബോട്ടുകളായി മാറാൻ തുടങ്ങുമെന്നും ഗവേഷകർ പ്രവചിക്കുന്നു.  

അനവധി യുഗങ്ങളുടെ പരിണാമത്തിലൂടെയാണ് മനുഷ്യൻ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചേർന്നത്. ഓരോ കാലഘട്ടത്തിലും മനുഷ്യൻ ഓരോ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരുന്നു. കഴിഞ്ഞ 150 വർഷത്തിനിടയിൽ, അവന്‍റെ ഉയരം 10 സെന്റീമീറ്റർ വരെ കൂടി. കഴിഞ്ഞ 65 വർഷത്തിനിടയിൽ, അവന്റെ ആയുസ്സ് 20 വർഷംവരെ നീട്ടാൻ അവന് സാധിച്ചു. ശാസ്ത്രം പുരോഗമിക്കുന്തോറും അവന്റെ ജീവിതവും പുരോഗമിച്ചുകൊണ്ടിരുന്നു. വളരെ ചെറിയ ഒരു കാലയളവിലാണ് ഇത്രയും വലിയ നേട്ടങ്ങൾ അവനു കൈവരിക്കാനായത്. ഒരു 1,000 വർഷം കൂടി കഴിഞ്ഞാൽ മനുഷ്യരിൽ ഏതെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കുക? ചിന്തിക്കുമ്പോൾ രസകരമായി തോന്നുമെങ്കിലും, നമുക്ക് വിശ്വസിക്കാൻ കഴിയാത്ത മാറ്റങ്ങളാണ് ഗവേഷകർ പ്രവചിക്കുന്നത്.

മനുഷ്യന്റെ തലച്ചോറിനു അസാമാന്യ കഴിവുകളുണ്ട്. ഒരുപക്ഷേ, ഏറ്റവും മികച്ച ഒരു കംപ്യൂട്ടറിനേക്കാളും കഴിവുറ്റതാണ് മനുഷ്യന്റെ തലച്ചോറ്. വാസ്‍തവത്തിൽ, 2014 -ൽ ഗവേഷകർ ലോകത്തിലെ ഏറ്റവും ശക്തമായ കമ്പ്യൂട്ടറുകളിലൊന്നായ ജപ്പാനിലെ കെ കമ്പ്യൂട്ടർ ഉപയോഗിച്ച് മനുഷ്യന്റെ മസ്‍തിഷ്‍ക പ്രവർത്തനങ്ങൾ അനുകരിക്കാൻ ശ്രമിക്കുകയുണ്ടായി. നമ്മുടെ മസ്‍തിഷ്‍കത്തിൽ ഒരു സെക്കൻഡിൽ നടക്കുന്ന പ്രവർത്തനങ്ങളെ അനുകരിക്കാനായി കംപ്യൂട്ടറിനു 705,024 പ്രോസസർ കോറുകളും 1.4 ദശലക്ഷം ജിബി റാമും 40 മിനിട്ടും വേണ്ടിവന്നു.

എന്നാൽ, ഭാവിയിൽ കമ്പ്യൂട്ടറുകൾ മനുഷ്യമസ്‍തിഷ്‍കത്തിന്റെ വേഗതയുമായി പൊരുത്തപ്പെടുമെന്നും, അവയിൽ സംസാരിക്കാനും സംവദിക്കാനും കേൾക്കാനും ഓർമ്മിക്കാനും കഴിയുന്ന കൃത്രിമബുദ്ധി വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അങ്ങനെ കമ്പ്യൂട്ടറുകൾ ക്രമേണ മനുഷ്യരെപ്പോലെയാകുമ്പോൾ, പക്ഷേ, മനുഷ്യർ റോബോട്ടുകളായി മാറാൻ തുടങ്ങുമെന്നും ഗവേഷകർ പ്രവചിക്കുന്നു.  

ഭാവിയിൽ, വളരെ ചെറിയ വലുപ്പത്തിലുള്ള നാനോറോബോട്ടുകൾ നമ്മുടെ ശരീരത്തിനകത്ത് ഒഴുകി നടക്കുമെന്നും, നമ്മുടെ പ്രകൃതിദത്ത കഴിവുകളെ അവ വർദ്ധിപ്പിക്കുമെന്നും ഗവേഷകർ സമർഥിക്കുന്നു. ട്രാൻ‌ഷ്യുമാനിസം എന്നറിയപ്പെടുന്ന ഇത്‌ മനുഷ്യന് അവന്റെ പരിമിതികളെ മറികടക്കാനും, ചിന്തിക്കാൻ കഴിയാത്ത രീതിയിൽ കഴിവുകൾ നേടാനും സഹായകമാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യർക്ക് മാത്രമല്ല മാറാൻ കഴിയുക, കെട്ടിടങ്ങളെ അഴിച്ചുമാറ്റാനും, വേണ്ടിവന്നാൽ ചേർത്തുവെക്കാനും ഇതുവഴി സാധിക്കും.

"നിങ്ങൾ രാവിലെ പുറത്തുപോകുമ്പോൾ നിങ്ങളുടെ വീടിനെ കളിപ്പാട്ടങ്ങൾ അഴിച്ചുവെക്കുംപോലെ ഇളക്കിമാറ്റാനും, അങ്ങനെ ആ സ്ഥലം മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കാനും കഴിയുന്നത് ഒന്ന് ഓർത്തുനോക്കൂ?" ഗവേഷകർ പറയുന്നു. ഇപ്പോൾ പല ഭാഷകളും ഇല്ലാതായികൊണ്ടിരിക്കുകയാണ്. അടുത്ത 1,000 വർഷത്തിൽ, സംസാര ഭാഷകളുടെ എണ്ണം പിന്നെയും കുറയുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ അധികമായ ചൂടും, അൾട്രാവയലറ്റ് വികിരണവും ചർമ്മത്തെ ഇരുണ്ടതാകുമെന്നും അവർ അഭിപ്രായപ്പെട്ടു. അസാപ് സയൻസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ കണ്ടെത്തലുകൾ പങ്കുവച്ചത്. 

 

(പ്രതീകാത്മക ചിത്രം, കടപ്പാട്: PIXABAY) 


 

click me!