LGBTQ : കൂട്ടബലാല്‍സംഗം മുതല്‍ കിഡ്‌നാപ്പ് വരെ, അഫ്ഗാനിലെ സ്വവര്‍ഗപ്രണയികള്‍ അനുഭവിക്കുന്നത്

By Web TeamFirst Published Jan 29, 2022, 6:57 AM IST
Highlights

താലിബാനാണ് ഇവരെ പ്രധാനമായും ആക്രമിക്കുന്നതെന്ന് 43 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വവര്‍ഗ പ്രണയത്തെ കുറ്റകരമായി കാണുന്ന താലിബാന്‍ നേരത്തെ മുതലെ ഈ സമൂഹത്തെ ആക്രമിക്കുന്നതില്‍ തല്‍പ്പരരായിരുന്നു. അതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡറുകളും ഇവരുടെ ആക്രമണത്തിന് വിധേയമായിരുന്നു. 

കൂട്ടബലാല്‍സംഗം, ലൈംഗിക അവഹേളനം, ഒറ്റപ്പെടുത്തല്‍, ശാരീരിക അതിക്രമങ്ങള്‍. താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം, അഫ്ഗാനിസ്താനിലെ എല്‍ ജി ബി ടി ക്യൂ സമൂഹം നേരിടുന്നത് ഈ അവസ്ഥകളാണ്. മനുഷ്യാവകാശ സംഘടനകളായ ഹ്യൂമന്‍ െറെറ്റ്‌സ് വാച്ച്, ഔട്ട്‌റൈറ്റ് ആക്ഷന്‍ ഇന്റര്‍നാഷനല്‍ എന്നിവയാണ് ഈ വിവരം പുറത്തുവിട്ടത്. അഫ്ഗാനിസ്താനിലെ നിരവധി സ്വവര്‍ഗപ്രണയികളും ട്രാന്‍സ്‌ജെന്‍ഡറുകളുമായി സംസാരിച്ചശേഷമാണ്, താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷമുള്ള എല്‍ജിബിടിക്യൂ അവസ്ഥകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇരുസംഘടനകളും പുറത്തുവിട്ടത്. 

താലിബാനാണ് ഇവരെ പ്രധാനമായും ആക്രമിക്കുന്നതെന്ന് 43 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വവര്‍ഗ പ്രണയത്തെ കുറ്റകരമായി കാണുന്ന താലിബാന്‍ നേരത്തെ മുതലെ ഈ സമൂഹത്തെ ആക്രമിക്കുന്നതില്‍ തല്‍പ്പരരായിരുന്നു. അതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡറുകളും ഇവരുടെ ആക്രമണത്തിന് വിധേയമായിരുന്നു. താലിബാന്‍ അധികാരം പിടിച്ചശേഷം, സ്വന്തം കുടുംബാംഗങ്ങളും അയല്‍ക്കാരും നാട്ടുകാരുമെല്ലാം ഇവര്‍ക്കെതിരെ തിരിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിലെങ്ങും എല്‍ ജി ബി ടി ക്യൂ സമൂഹം വ്യാപക അതിക്രമങ്ങള്‍ നേടിരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സ്വവര്‍ഗ പ്രണയികളെ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന് താലിബാന്‍ നേരത്തെ മുതലേ പറയുന്നതാണ്. അധികാരത്തില്‍ വന്നതോടെ പലയിടത്തും താലിബാന്‍കാര്‍ ഇവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കുന്നുണ്ട്. അതിനിടെയാണ്, മറ്റുള്ളവരും ഈ സമൂഹത്തിന് എതിരെ നിരന്തരം ആക്രമണം അഴിച്ചു വിടുന്നത്. കൂട്ടമായി ബലാല്‍സംഗം ചെയ്യുക, തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം തട്ടുക, ആള്‍ക്കൂട്ട അക്രമണത്തിന് വിധേയമാക്കുക എന്നിവയാണ് വ്യാപകമായത്. ഇതിനെല്ലാം താലിബാന്റെ അനുമതിയും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഫ്ഗാനിസ്താനിലെ എല്‍ ജി ബി ടി ക്യൂ സമൂഹത്തില്‍ ഉള്‍പ്പെടുന്ന 60 പേരുമായി നടത്തിയ അഭിമുഖങ്ങള്‍ക്കു ശേഷമാണ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഹ്യൂമന്‍ െറെറ്റ്‌സ് വാച്ച്, ഔട്ട്‌റൈറ്റ് ആക്ഷന്‍ ഇന്റര്‍നാഷനല്‍ എന്നിവ വ്യക്തമാക്കി. 

''കൂട്ടബലാല്‍സംഗങ്ങള്‍, ആള്‍ക്കൂട്ട അതിക്രമങ്ങള്‍ എന്നിവയ്ക്ക് നിരന്തരം വിധേയമാവുന്നതായി അഭിമുഖങ്ങളില്‍ ഇവര്‍ പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങള്‍ പോലും ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നതായി അഭിമുഖങ്ങളില്‍ ഇവര്‍ പറഞ്ഞു. സര്‍ക്കാറോ ഗവ. ഏജന്‍സികളോ ഇവര്‍ക്ക് ഒരു സഹായവും ചെയ്യുന്നില്ല എന്നു മാത്രമല്ല ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്''-ഔട്ട് റൈറ്റ് ആക്ഷന്‍ ഇന്റര്‍നാഷനലിലെ സീനിയര്‍ ഫെലോ ജെ ലെസ്റ്റര്‍ ഫെഡര്‍ പറഞ്ഞു. 

അഫ്ഗാനിസ്താന്‍ വിട്ടുപോവാന്‍ തല്‍പ്പര്യപ്പെട്ടാലും ഇവര്‍ക്ക് അതിനു കഴിയുന്നില്ലെന്ന് സംഘടന വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. അഫ്ഗാനിസ്താനു അടുത്തുള്ള മിക്ക രാജ്യങ്ങളും സ്വവര്‍ഗ ബന്ധങ്ങള്‍ കുറ്റകരമായാണ് കണക്കാക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാവട്ടെ ഇവരെ സംരക്ഷിക്കുന്നതിന് മുന്‍കരുതല്‍ എടുക്കുന്നില്ല. 

click me!