'അല്ലാഹു എനിക്ക് കാണിച്ചു തന്നിരിക്കുന്നു, ഇവിടെ ശരിക്കും മാലാഖമാരുണ്ട് എന്ന്, ഇവളാണ് എന്നെ തേടിയെത്തിയ മാലാഖ'

By Web TeamFirst Published May 7, 2019, 5:59 PM IST
Highlights

പക്ഷെ, ഒരുദിവസം ദൈവം എന്‍റെ നേര്‍ക്ക് ചിരിക്കുക തന്നെ ചെയ്തു. ദൈവം എനിക്കരികിലേക്ക് ഈ പെണ്‍കുട്ടിയുടെ രൂപത്തിലൊരു മാലാഖയെത്തന്നെ അയച്ചു. വെറുമൊരു യാചകവൃദ്ധനെ കണ്ടിട്ടും അയാളോട് സംസാരിക്കണം എന്ന് അവള്‍ തീരുമാനിച്ചല്ലോ. 

എപ്പോഴാണ് ചിലരുടെ ജീവിതം മാറിമറയുന്നത് എന്ന് പറയാനാകില്ല. അത് ആരിലൂടെയും സംഭവിക്കാം. ഇവിടെ, ഈ വൃദ്ധന്‍റെ ജീവിതം മാറിയത് ആരോരുമല്ലാത്ത ഈ പെണ്‍കുട്ടി അദ്ദേഹത്തെ കണ്ടുമുട്ടിയതു മുതലാണ്.

ദാരിദ്ര്യം കാരണം ഏഴാമത്തെ വയസ്സില്‍ വീടുവിട്ടു. ജീവിതം മുഴുവന്‍ തെരുവില്‍.. ഖവാലിയോട് സ്നേഹമുണ്ടായിരുന്നുവെങ്കിലും നഗരം അദ്ദേഹത്തിന്‍റെ ഈണത്തിന് കാതുകൊടുത്തിരുന്നില്ല. പക്ഷെ, ഒടുവില്‍ അദ്ദേഹത്തെ നോക്കി ജീവിതം സ്നേഹത്തോടെ ചിരിച്ചു. 'ദൈവം ഒരു മാലാഖയെ തനിക്കടുത്തേക്കയച്ചു' എന്നാണ് അദ്ദേഹം പറയുന്നത്. അവള്‍, അദ്ദേഹത്തിന്‍റെ പാട്ട് കേട്ടു.. അദ്ദേഹത്തെ നിരവധി പരിപാടികളില്‍ പാടിപ്പിച്ചു. തീര്‍ന്നില്ല, അദ്ദേഹത്തിന് യാചക ജീവിതം അവസാനിപ്പിക്കാനായി ഒരു ബുക്ക്സ്റ്റാളും ഇട്ടു കൊടുത്തു.

വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ് ഈ അതിമനോഹരമായ അനുഭവവും ഉള്ളത്. 

ഫേസ്ബുക്ക് പോസ്റ്റ്: 

വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു എന്‍റെ ജീവിതം. ഏഴാമത്തെ വയസ്സില്‍ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ്. കാരണം, എന്‍റെ അച്ഛന്‍ വളരെ പാവപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന് ഒരു ഭാരമാകരുതെന്ന് ഞാന്‍ കരുതിയിരുന്നു. ഓടുന്ന ഒരു ട്രെയിനില്‍ നിന്നും വീണ് എനിക്ക് ഒരു കാല്‍ നഷ്ടപ്പെട്ടു. ഡോക്ടര്‍മാര്‍ എന്‍റെ മാതാപിതാക്കളെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ അനാഥനാണ് എന്ന് അവരോട് കള്ളം പറഞ്ഞു. അതായിരുന്നു എന്‍റെ അന്നത്തെ യാഥാര്‍ത്ഥ്യവും. അവരെന്നെ ഒരു അനാഥലയത്തിലാക്കി. അവിടുത്തെ അവസ്ഥ വളരെ മോശമായിരുന്നു. അവിടെനിന്നും ഞാന്‍ ഓടിരക്ഷപ്പെട്ടു. ഞാന്‍ തെരുവുകളില്‍ ഭിക്ഷയെടുത്ത് തുടങ്ങി. 

ഭിക്ഷാടനത്തിനിടെ പൊലീസുകാരാല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഞാന്‍ ജുവനൈല്‍ ജയിലിലേക്ക് അയക്കപ്പെട്ടു. അവിടെ വച്ചാണ് അതിമനോഹരമായി ഖവാലി സംഗീതം ആലപിക്കുന്ന ഒരാണ്‍കുട്ടിയെ ഞാന്‍ പരിചയപ്പെട്ടത്. ആ ഖവാലിയിലേക്ക് ഞാന്‍ വല്ലാതെ ആകര്‍ഷിക്കപ്പെട്ടു. അങ്ങനെ ഞാന്‍ ഹിന്ദിയും ഉറുദുവും പഠിക്കാനാരംഭിച്ചു. അത് പഠിച്ചപ്പോള്‍ അന്നന്നത്തെ അന്നമുണ്ടാക്കാനായി ഞാന്‍ പാടിത്തുടങ്ങി. പക്ഷെ, നഗരത്തിരക്കില്‍ ആ പാട്ടും ശ്രദ്ധിക്കാതെ പോയി. അങ്ങനെ വീണ്ടും ഞാന്‍ യാചനയിലേക്ക് തന്നെ തിരിഞ്ഞു. 

പക്ഷെ, ഒരുദിവസം ദൈവം എന്‍റെ നേര്‍ക്ക് ചിരിക്കുക തന്നെ ചെയ്തു. ദൈവം എനിക്കരികിലേക്ക് ഈ പെണ്‍കുട്ടിയുടെ രൂപത്തിലൊരു മാലാഖയെത്തന്നെ അയച്ചു. വെറുമൊരു യാചകവൃദ്ധനെ കണ്ടിട്ടും അയാളോട് സംസാരിക്കണം എന്ന് അവള്‍ തീരുമാനിച്ചല്ലോ. മുത്തച്ഛന്‍റെ ആണ്ടിന് ഭക്ഷണം നല്‍കവേയാണ് അവളെന്നെ കണ്ടത്. പക്ഷെ, അവളെന്നോട് ഒരുപാട് സംസാരിച്ചു. എന്‍റെ എല്ലാ കവിതകളും വായിച്ചു. 

അതിനുശേഷവും അവളെന്നെ കാണാന്‍ വന്നു. സ്പോക്കണ്‍ വേഡ് ഫെസ്റ്റിന് അവള്‍ എന്നേയും കൊണ്ടുപോയി. അവിടെ ഞാന്‍ ആദ്യമായി 22 മിനിറ്റ് പാടി. അതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം. പിന്നെയും ഒരുപാട് പ്രോഗ്രാമുകളില്‍ അവളെന്നെയും കൊണ്ടുപോയി. ഞാന്‍ പാടി.. ആളുകള്‍ അത് ഇഷ്ടപ്പെട്ടു. 

അവളെന്നെ ലോകത്തിന് പരിചയപ്പെടുത്തുക മാത്രമല്ല ചെയ്തത്. ഒരു ബുക്ക് സ്റ്റാള്‍ ഉണ്ടാക്കാനുള്ള പണവും ശേഖരിച്ച് തന്നു. എനിക്ക് ഇനി യാചിക്കേണ്ടതില്ല. എല്ലാത്തിനും കാരണം ഇവളാണ്. അല്ലാഹു എനിക്ക് കാണിച്ചു തന്നിരിക്കുന്നു, ഇവിടെ മാലാഖമാര്‍ ശരിക്കുമുണ്ട് എന്ന്. പ്രത്യേകിച്ച് നമ്മുടെ മോശം കാലത്ത് അവര്‍ പ്രത്യക്ഷപ്പെടും എന്നും.

ചിത്രത്തിന് കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ

click me!